
ബുധനാഴ്ച രാത്രി നടന്ന ആദ്യ ടി20 മല്‍സരത്തിനിടെ ഇന്ത്യയുടെ രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്. ഒരാള്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണെങ്കില്‍ മറ്റൊരാള്‍ സീം ബൗളര്‍ ദീപക് ചാഹറാണ്. ഇരുവരുടെയും കൈയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.
ഇതു എത്ര മാത്രം സാരമുള്ളതാണെന്ന വ്യക്തമല്ല. വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ വെങ്കടേഷിനും ചാഹറിനും അടുത്ത മല്‍സരത്തില്‍ കളിക്കാനാവുമോയെന്ന കാര്യം വ്യക്തമാവുകയുള്ളൂ. പരിക്ക് ഗുരുതരമാണെങ്കില്‍ ഒരുപക്ഷെ പരമ്പരയിലെ ശേഷിച്ച മല്‍സസരങ്ങളില്‍ നിന്നും ഇവര്‍ പിന്‍മാറിയേക്കും.

വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിനിടെയാണ് ദീപക് ചാഹറിന്റെ കൈയ്ക്കു പരിക്കേറ്റത്. വിന്‍ഡീസ് നായകന്‍ കരെണ്‍ പൊള്ളാര്‍ഡിന്റെ വെടിയുണ്ട കണക്കെയുള്ള ഒരു ഷോട്ട് തടയാന്‍ ശ്രമിക്കവെ പന്ത് കൈയില്‍ തട്ടിയാണ് ചാഹറിനു പരിക്കേറ്റത്. ഇതേ തുടര്‍ന്നു താരത്തിനു ഡ്രസിങ് റൂമിലേക്കു മടങ്ങേണ്ടി വരികയും ചെയ്തിരുന്നു.
പരിക്കു കാരണം നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാനും ചാഹറിനായില്ല. പകരം ഹര്‍ഷല്‍ പട്ടേലാണ് ഇന്ത്യക്കു വേണ്ടി അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്തത്. മുന്നോവറില്‍ 28 റണ്‍സിനു ഒരു വിക്കറ്റ് ചാഹര്‍ വീഴ്ത്തിയിരുന്നു.

വെങ്കടേഷ് അയ്യര്‍ക്കും പരിക്കേല്‍പ്പിച്ചത് കരെണ്‍ പൊള്ളാര്‍ഡായിരുന്നു. വിന്‍ീസ് ഇന്നിങ്‌സിലെ 17ാമത്തെ ഓവറിലായിരുന്നു ഇത്. യുസ്വേന്ദ്ര ചാഹലിന്റെ പൊള്ളാര്‍ഡിന്റെ തകര്‍പ്പനൊരു ഷോട്ട് ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്ത വെങ്കേടേഷിന്റെ കൈളില്‍ നിന്നും സ്ലിപ്പായി ബൗണ്ടറിയായിരുന്നു. ഈ ശ്രമത്തിനിടെയാണ് താരത്തിന്റെ വിരലിനു പരിക്കേറ്റത്.
ചാഹറിനെയും വെങ്കടേഷിനെയും സ്‌കാനിങിനു വിധേയരാക്കുമെന്നാണ് വിവരം. അതിനു ശേഷമായിരിക്കും പരമ്പരയില്‍ തുടര്‍ന്നും ഇരുവര്‍ക്കും കളിക്കാനാവുമോയെന്ന കാര്യം വ്യക്തമാവുക.

വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഗംഭീര വിജയമായിരുന്നു ഇന്ത്യന്‍ ടീം ആഘോഷിച്ചത്. ആറു വിക്കറ്റിനു കരെണ്‍ പൊള്ളാര്‍ഡിനെയും സംഘത്തെയും കെട്ടുകെട്ടിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തുകയായിരുന്നു. ടോസിനു ശേഷം നായകന്‍ രോഹിത് ശര്‍മ ബൗളിങാണ് തിരഞ്ഞെടുത്തത്. മികച്ച ബൗളിങിലൂടെ വിന്‍ഡീസിനെ ഏഴു വിക്കറ്റിനു 157 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. 61 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് വിന്‍ഡീസ് ഇന്നിങ്‌സിലെ അമരക്കാരനായത്. 43 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കൈല്‍ മയേഴ്‌സ് (31), നായകന്‍ പൊള്ളാര്‍ഡ് (24*) എന്നിവരും തിളങ്ങി.

റണ്‍ചേസില്‍ ഇന്ത്യ 18.5 ഓവറില്‍ നാലു വിക്കറ്റിനു ലക്ഷ്യത്തിലെത്തി. ഫിനിഷറുടെ റോളില്‍ കസറിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ഹീറോ. 18 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം അദ്ദേഹം പുറത്താവാതെ 34 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 40 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. വെറും 19 ബോളിലാണ് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം അദ്ദേഹം 40 റണ്‍സെടുത്തത്. ഇഷാന്‍ കിഷന്‍ 35 റണ്‍സ് നേടി.

രണ്ടാം ടി20യിലെ സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്.
വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോമന്‍ പവെല്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), റോസ്റ്റണ്‍ ചേസ്, ജാസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്മിത്ത്, ഫാബിയന്‍ അലെന്‍, അക്കീല്‍ ഹൊസെന്‍, ഷെല്‍ഡണ്‍ കോട്രെല്‍.


Click it and Unblock the Notifications











