
ട്രിനിഡാഡ്: ഏകദിന പരമ്പരയില്‍ നിര്‍ത്തിയ ഇടത്തു നിന്നുതന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടി20യിലും ഇന്ത്യ തുടങ്ങിയിരിക്കുകയാണ്. തീര്‍ത്തും ഏകപക്ഷീയമായ ആദ്യ ടി20യില്‍ വിന്‍ഡീസിനെ നിഷ്പ്രഭമാക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 68 റണ്‍സിനാണ് ഇന്ത്യന്‍ വിജയം. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തയിരിക്കുകയാണ്. 191 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് വിന്‍ഡീസിനു മുന്നില്‍ ഇന്ത്യ വച്ചത്. പക്ഷെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നപ്പോള്‍ വിന്‍ഡീസിനു എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ.
20 റണ്‍സെടുത്ത ഓപ്പണര്‍ ഷമാറ ബ്രൂക്ക്‌സാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. 15 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. കീമോ പോള്‍ (19*), നായകന്‍ നിക്കോളാസ് പൂരന്‍ (18), റോമന്‍ പവെല്‍ (14), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (14), അക്കീല്‍ ഹൊസെയ്ന്‍ (11) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത അര്‍ഷ്ദീപ് സിങ്, ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ് എന്നിവര്‍ ചേര്‍ന്നാണ് വിന്‍ഡീസിന്റെ കഥ കഴിച്ചത്. ഭുവനേശ്വര്‍ കുമാറിനും രവീന്ദ്ര ജഡേജയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ഒമ്പതു ബോളില്‍ നിന്നും 22 റണ്‍സ് അടിച്ചെടുത്ത് വിന്‍ഡീസ് ഉജ്ജ്വലമായി തുടങ്ങിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. സ്പിന്നര്‍മാരെ തുടക്കത്തില്‍ തന്നെ കൊണ്ടുവന്ന രോഹിത് ശര്‍മയുടെ തന്ത്രമാണ് വിന്‍ഡീസിന്റെ തകര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. സ്പിന്നര്‍മാര്‍ക്കെതിരേ റണ്ണെടുക്കാന്‍ വിന്‍ഡീസ് ബാറ്റര്‍മാര്‍ ശരിക്കും പാടുപെട്ടു.

നേരത്തേ നായകന്‍ രോഹിത് ശര്‍മയുടെ ഫിഫ്റ്റിയും ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ ഫിനിഷിങുമാണ് ഇന്ത്യയെ രക്ഷിച്ചത്. ഹിറ്റ്മാന്റെ 31ാം അന്താരാഷ്ട്ര ഫിഫ്റ്റിയുടെ കരുത്തില്‍ ഇന്ത്യ ആറു വിക്കറ്റിനു 190 റണ്‍സെടുക്കുകയായിരുന്നു. രോഹിത് 64 റണ്‍സുമായി മുന്നില്‍ നിന്നു പട നയിച്ചു.44 ബോളുകളില്‍ നിന്നും ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. കാര്‍ത്തികാണ് ഇന്ത്യയെ വലിയൊരു ടോട്ടലില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ സഹായിച്ചത്. വെറും 19 ബോളില്‍ അദ്ദേഹം പുറത്താവാതെ 41 റണ്‍സ് വാരിക്കൂട്ടി. നാലു ബൗണ്ടറികളും രണ്ടു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു.
സര്‍പ്രൈസ് ഓപ്പണറായി ഇറങ്ങിയ സൂര്യകുമാര്‍ യാദവാണ് (24) 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. ശ്രേയസ് അയ്യര്‍ (0), റിഷഭ് പന്ത് (14), ഹാര്‍ദിക് പാണ്ഡ്യ (1), രവീന്ദ്ര ജഡേജ (16), ആര്‍ അശ്വിന്‍ (13*) എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു താരങ്ങളുടെ പ്രകടനം. അപരാജിതമായ ഏഴാം വിക്കറ്റില്‍ ഡിക്കെ- അശ്വിന്‍ സഖ്യത്തിന്റെ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തേകിയത്. ഇരുവരും ടീം സ്‌കോറിലേക്കു 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന അഞ്ചോവറില്‍ 59 റണ്‍സ് ഇന്ത്യ സ്‌കോര്‍ ചെയ്തു. ഒരു വിക്കറ്റാണ് ഇതിനിടെ കൈവിട്ടത്.
ടോസ് ലഭിച്ച വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. കെഎല്‍ രാഹുലിന്റെ പകരക്കാരനായി അവസാന നിമിഷം ടീമിലേക്കു വന്ന സഞ്ജു സാംസണിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. ഇഷാന്‍ കിഷനും ടീമിനു പുറത്താണ്. മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് നറുക്കുവീണത്. ഇതോടെ ദീപക് ഹൂഡ പുറത്താവുകയു ചെയ്തു. ബൗളിങില്‍ ആര്‍ അശ്വിന്‍ വലിയൊരു ഇടവേളയ്ക്കു ശേഷം ടീമില്‍ തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. രവി ബിഷ്‌നോയ്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരും സ്പിന്നര്‍മാരായി ടീമിലുണ്ടായിരുന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, രവി ബിഷ്‌നോയ്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്.
വെസ്റ്റ് ഇന്‍ഡീസ്- ഷമാറ ബ്രൂക്ക്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോമന്‍ പവെല്‍, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്‌സ്, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസെയ്ന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാറി ജോസഫ്, ഒബെഡ് മക്കോയ്, കീമോ പോള്‍.