ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാനും അതു വഴി ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലുമെല്ലാം കളിക്കാനുമുള്ള അവസരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി തുലച്ചു കൊണ്ടിരിക്കുകയാണ് സഞ്ജു സാംസണ്‍. വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20യില്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായ അദ്ദേഹം രണ്ടാമത്തെ മല്‍സരത്തില്‍ സ്വയം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഏഴു ബോളില്‍ ഒരു ഫോറടക്കം ഏഴു റണ്‍സ് മാത്രമാണ് സഞ്ജുവിനു നേടാനായത്.
ട്രിനിഡാഡിലെ ആദ്യ ടി20യില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കും പിന്നില്‍ ആറാം നമ്പറിലായിരുന്നു സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. അന്നു അദ്ദേഹത്തിനു ഫിനിഷറുടെ റോള്‍ നല്‍കിയതിനെതിരേ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. ഒരു സിക്‌സറടക്കം 12 ബോളില്‍ 12 റണ്‍സായിരുന്നു അന്നു സഞ്ജുവിന് സംഭാവന ചെയ്യാനായത്.

അക്ഷര്‍ പട്ടേലിന്റെ മോശം കോള്‍ അദ്ദേഹത്തിനു വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. സ്‌ട്രൈക്ക് നേരിട്ട ശേഷം അക്ഷര്‍ അനാവശ്യ സിംഗിളിനു മുതിരുകയായിരുന്നു. സഞ്ജു സ്‌ട്രൈക്കറുടെ എന്‍ഡില്‍ എത്തുമ്പോഴേക്കും കൈല്‍ മയേഴ്‌സിന്റെ നേരിട്ടുള്ള ത്രോ സ്റ്റംപുകളില്‍ പതിക്കുകയും ചെയ്തു.
രണ്ടാം ടി20യില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാനുള്ള സുവര്‍ണാവസരമായിരുന്നു സഞ്ജുവിനു ലഭിച്ചത്. ഹാര്‍ദിക്കിനേക്കാള്‍ മുമ്പ് അഞ്ചാം നമ്പറിലേക്കു താരത്തിനു പ്രൊമോഷന്‍ ലഭിക്കുകയും ചെയ്തു. നേരിട്ട രണ്ടാമത്തെ ബോള്‍ ബാക്ക് വേര്‍ഡ് പോയിന്റിലൂടെ ബൗണ്ടറിയിലേക്കു പായിച്ചാണ് സഞ്ജു തുടങ്ങിയത്.
എന്നാല്‍ അഞ്ചു ബോളുകള്‍ കൂടി മാത്രമേ അദ്ദേഹത്തിനു ക്രീസില്‍ തുടരാനായുള്ളൂ. സ്പിന്നര്‍മാര്‍ക്കെതിരേ പതറുന്ന സഞ്ജുവിനെ വീഴ്ത്താന്‍ അക്കീല്‍ ഹുസൈനെ വിന്‍ഡീസ് നായകന്‍ റോമെന്‍ പവെല്‍ തിരികെ വിളിക്കുകയായിരുന്നു.
12ാം ഓവറിലെ ആദ്യ ബോള്‍ നേരിട്ട സഞ്ജുവിനു അക്കീലിനെതിരേ റണ്ണൊന്നുമെടുക്കാനായില്ല. രണ്ടാമത്തെ ബോളില്‍ സ്പിന്നറെ സഞ്ജു കടന്നാക്രമിക്കാന്‍ ശ്രമിച്ചു. ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി അദ്ദേഹം വമ്പന്‍ ഷോട്ടിനു തുനിഞ്ഞു. പക്ഷെ ബോള്‍ കണക്ട് ചെയ്യാനായില്ല. വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ അനായാസം വിക്കറ്റ് തെറിപ്പിക്കുകയും ചെയ്തു.
യഥാര്‍ഥത്തില്‍ സഞ്ജു കാണിച്ച വലിയൊരു അബദ്ധമാണ് വിക്കറ്റെടുക്കാന്‍ അക്കീലിനെ സഹായിച്ചത്. ബൗളര്‍ ബോള്‍ റിലീസ് ചെയ്യുന്നതിനു വളരെ മുമ്പ് തന്നെ സഞ്ജു അമിതാവേശത്തോടെ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങുകയായിരുന്നു. ഇതു തിരിച്ചറിഞ്ഞ അക്കീല്‍ ബോളിന്റെ ലൈനില്‍ ചെറിയൊരു മാറ്റവും വരുത്തി.

തൊട്ടുമുമ്പത്തെ ബോള്‍ സ്റ്റംപുകളിലേക്കായിരുന്നെങ്കില്‍ ഈ ബോള്‍ പുറത്തേക്കായിരുന്നു. പിച്ച് ചെയ്ത ശേഷം ബോള്‍ പുറത്തേക്കു പോവുകയായിരുന്നു. ബോള്‍ നേര്‍രേഖയില്‍ വരുമെന്നു പ്രതീക്ഷിച്ച സഞ്ജുവിന് പിഴയ്ക്കുകയും ചെയ്തു. ആഞ്ഞുവീശിയ അദ്ദേഹത്തെ കബളിപ്പിച്ച് ബോള്‍ വിക്കറ്റ് കീപ്പറിലേക്കു വരികയും പിന്നാലെ സ്റ്റംപ് ചെയ്യപ്പെടുകയും ചെയ്തു.
തുടരെ രണ്ടാമത്തെ മല്‍സരത്തിലും നിരാശപ്പെടുത്തിയതോട സഞ്ജുവിന് പരമ്പരയില്‍ ഇനി അവസരം ലഭിക്കുമോയെന്നു കാത്തിരുന്നു തന്നെ കാണണം. മികച്ച ഫോമിലുള്ള യശസ്വി ജയ്‌സ്വാളിനെപ്പോലെയുള്ള താരങ്ങളെ പോലും പുറത്തിരുത്തിയാണ് ഇന്ത്യ രണ്ടു ടി20കളിലും ഇറങ്ങിയത്. ഈ മല്‍സരത്തിലും പരാജയപ്പെടുകയാണെങ്കില്‍ മൂന്നാമത്തെ കളിയില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടായേക്കും. അങ്ങനെ വന്നാല്‍ സഞ്ജു പുറത്താവാന്‍ സാധ്യതയും കൂടുതലാണ്.
അതേസമയം, 153 റണ്‍സിന്റെ വിജയലക്ഷ്യമാണ് രണ്ടാം ടി20യില്‍ വിന്‍ഡീസിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴു വിക്കറ്റിനു 152 റണ്‍സെടുക്കുകയായിരുന്നു. കരിയറിലെ രണ്ടാമത്തെ മല്‍സരം മാത്രം കളിച്ച തിലക് വര്‍മയുടെ (51) കന്നി ഫിഫ്റ്റിയാണ് ഇന്ത്യയുടെ മാനം കാത്തത്. 41 ബോള്‍ നേരിട്ട താരം അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു. ഇഷാന്‍ കിഷന്‍ (27), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (24) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.