വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ പ്ലെയിങ് ഇലവനിലുണ്ടായിട്ടും തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും മലയാളി താരം സഞ്ജു സാംസണിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. ബാറ്റിങിന് ഇറങ്ങാന്‍ സാധിക്കാതെ പുറത്തിരിക്കേണ്ടി വന്ന അദ്ദേഹത്തെ പരമ്പരയ്ക്കു ശേഷം ഫ്‌ളോപ്പാണെന്നു പഴിച്ച് ടീമില്‍ നിന്നും പുറത്താക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഇതുവരെ നടന്ന നാലു ടി20കളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ കഴിഞ്ഞത്. ട്രിനിഡാഡിലെ ആദ്യത്തെ മല്‍സരത്തില്‍ ഫിനിഷറുടെ റോളായിരുന്നു അദ്ദേഹത്തിന്. ആറാം നമ്പറിലാണ് സഞ്ജുവിനെ ടീം മാനേജ്‌മെന്റ് ബാറ്റിങിന് അയച്ചത്. 12 ബോളില്‍ നിന്നും ഒരു സിക്‌സറടക്കം 12 റണ്‍സോടെ അദ്ദേഹം മോശമല്ലാതെ തുടങ്ങുകയും ചെയ്തു.

എന്നാല്‍ പുതുതായി ക്രീസിലെത്തിയ അക്ഷര്‍ പട്ടേലിന്റെ 'ചതി' സഞ്ജുവിനു വിക്കറ്റ് നഷ്ടപ്പെടുത്തി. സ്‌ട്രൈക്ക് നേരിട്ട ശേഷം സഞ്ജുവിനോടു ആശയവിനിമയം പോലും നടത്താതെ അക്ഷര്‍ അനാവശ്യ സിംഗിളിനായി ഓടുകയായിരുന്നു. പക്ഷെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു സഞ്ജുവെത്തും മുമ്പ് കൈല്‍ മയേഴ്‌സിന്റെ ത്രോ നേരിട്ട് സ്റ്റംപുകളില്‍ പതിച്ചതോടെ അദ്ദേഹത്തിനു നിരാശനായി ക്രീസ് വിടേണ്ടി വന്നു.
ഗയാനയിലെ രണ്ടാം ടി20യിലാവട്ടെ സഞ്ജുവിന് ബാറ്റിങില്‍ അഞ്ചാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ചെങ്കിലും അതു മികച്ചൊരു സ്‌കോറാക്കി മാറ്റാന്‍ സാധിച്ചില്ല. ഏഴു ബോളില്‍ നിന്നും ഒരു ഫോറടക്കം ഏഴു റണ്‍സ് നേടി അദ്ദേഹം മടങ്ങുകയായിരുന്നു. സ്പിന്നര്‍ അക്കീല്‍ ഹുസെയ്‌നെതിരേ ക്രീസില്‍ നിന്നും പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന സഞ്ജുവിനു പിഴച്ചു. ബോള്‍ കണക്ട് ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കാതെ വന്നതോടെ വിക്ക്റ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ സ്റ്റംപ് ചെയ്യുകായിരുന്നു.
മൂന്നാം ടി20യില്‍ ടീം മാനേജ്‌മെന്റ് കനിഞ്ഞിരുന്നെങ്കില്‍ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ അഞ്ചാം നമ്പര്‍ പൊസിഷനില്‍ ബാറ്റ് ചെയ്ത അദ്ദേഹത്തെ ഈ കളിയില്‍ വീണ്ടും താഴേക്കിറക്കി. സഞ്ജുവിനു പകരം നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അഞ്ചാമനായി ക്രീസിലേക്കു വരികയായിരുന്നു.
തിലക് വര്‍മയും ഹാര്‍ദിക്കും ചേര്‍ന്നു ഇന്ത്യയുടെ റണ്‍ചേസ് പൂര്‍ത്തിയാക്കിയതോടെ സഞ്ജുവിന് നിരാശനാവേണ്ടി വന്നു. കഴിഞ്ഞ ദിവസം നടന്ന നാലാമങ്കത്തില്‍ ഇന്ത്യ റണ്‍ചേസില്‍ ഒമ്പതു വിക്കറ്റിന്റെ ആധികാരിക ജയം ആഘോഷിച്ചതിനാല്‍ അദ്ദേഹത്തിനു ബാറ്റിങിനു ഇറങ്ങേണ്ടിയും വന്നില്ല.
ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും വിക്കറ്റ് കീപ്പറുടെ റോളില്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. ആദ്യ രണ്ടു കളിയിലും ഇഷാന്‍ കിഷനായിരുന്നു വിക്കറ്റ് കാത്തത്. മൂന്നാമത്തെ മല്‍സരത്തില്‍ അദ്ദേഹത്തെ ഇന്ത്യ പുറത്ത് ഇരുത്തിയതോടെ സഞ്ജുവിന് വിക്കറ്റ് കാക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.

മൂന്നാം ടി20യില്‍ ബ്രെന്‍ഡന്‍ കിങിന്റെ ഒരു സിംപിള്‍ സ്റ്റംപിങ് അവസരം പാഴാക്കിയതൊഴിച്ചാല്‍ മികച്ച പ്രകടനമാണ് വിക്കറ്റിനു പിന്നില്‍ സഞ്ജു കാഴ്ചവച്ചത്. ചടുലമായ ചില സ്റ്റംപിങുകളും ക്യാച്ചുകളുമെടുക്കാന്‍ ഇതിനകം അദ്ദേഹത്തിനായിട്ടുണ്ട്. നാലാം ടി20യില്‍ വിന്‍ഡീസ് ഓപ്പണര്‍ കൈല്‍ മയേഴ്‌സിനിനെ പുറത്താക്കിയ സഞ്ജുവിന്റെ പറക്കും ക്യാച്ചിനെ ആരാധകര്‍ വാനോളം പുകഴ്ത്തിയിരുന്നു.
ബാറ്റിങില്‍ സഞ്ജുവിനു ഈ പരമ്പരയില്‍ മതിയായ അവസരം ലഭിക്കാത്തതില്‍ നിരാശരാണ് ആരാധകര്‍. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടരെ നാലു മല്‍സരങ്ങളില്‍ സഞ്ജുവിന് ടീമില്‍ ഇടം ലഭിച്ചുവെന്നത് ശരി തന്നെ. പക്ഷെ രണ്ടിന്നിങ്‌സുകളില്‍ മാത്രമേ അദ്ദേഹത്തിനു ബാറ്റ് ചെയ്യാനായിട്ടുള്ളൂ. എന്നാല്‍ ഈ പരമ്പരയില്‍ ഫ്‌ളോപ്പാണെന്നു മുദ്ര കുത്തി സഞ്ജുവിനെ പുറത്താക്കരുതെന്നു ആരാധകര്‍ ആവശ്യപ്പെട്ടു.
ഈ ടി20 പരമ്പരയില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് സമയം മോഷ്ടിക്കപ്പെട്ടിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ സഞ്ജു നന്നായി പെര്‍ഫോം ചെയ്തില്ലെന്നു രണ്ടു മാസങ്ങള്‍ കഴിഞ്ഞാല്‍ ഇനി എല്ലാവും പറയും. ബാറ്റങില്‍ ഏതെങ്കിലുമൊരു സ്ഥാനത്ത് അദ്ദേഹത്തിനു തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടാറില്ല. ചിലപ്പോള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങാറുമില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.