അജിത് അഗാര്‍ക്കര്‍ മുഖ്യ സെലക്ടറായി സ്ഥാനമേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം തന്നെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ യുവനിരയെയാണ് വിന്‍ഡീസിലേക്കു ഇന്ത്യ അയക്കുന്നത്. വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
പ്രതീക്ഷിക്കപ്പെട്ടതു പോലെ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവര്‍ക്കു ഇന്ത്യന്‍ ടീമില്‍ ഇടമില്ല. മുഹമ്മദ് സിറാജിനു വിശ്രമവും നല്‍കിയിരിക്കുകയാണ്. ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ വിശ്രമം അനുവദിക്കപ്പെട്ട വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി ടി20 ടീമില്‍ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അദ്ദേഹം ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഐപിഎല്ലില്‍ കസറിയ ഇടംകൈയന്‍ ബാറ്റര്‍മാരായ യശസ്വി ജയ്‌സ്വാളും തിലക് വര്‍മയുമാണ് ടീമിലെ പുതുമുഖങ്ങള്‍. ജയ്‌സ്വാള്‍ ടീലിലെത്തുമെന്നു നേരത്തേ തന്നെ സൂചനയുണ്ടായിരുന്നെങ്കിലും തിലകിന്റെ കാര്യം സംശയമായിരുന്നു. നേരത്തേ പ്രഖ്യാപിച്ച ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഇടം നേടിയ താരമാണ് ജയ്‌സ്വാള്‍.
ടി20 പരമ്പരയില്‍ ഉറപ്പായും ഉണ്ടാവുമെന്നു കരുതപ്പെട്ടിരുന്ന താരം റിങ്കു സിങായിരുന്നു. പക്ഷെ അദ്ദേഹത്തെ സെലക്ഷന്‍ കമ്മിറ്റി തഴയുകയായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സിനായി ഫിനിഷറുടെ റോളില്‍ റിങ്കു മിന്നിച്ചിരുന്നു. പക്ഷെ അഗാര്‍ക്കറുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി താരത്തെ ഇപ്പോള്‍ ടീമിലെടുക്കേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു. വിന്‍ഡീസ് പര്യടനത്തില്‍ മൂന്നു പരമ്പരകളിലും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുള്ള് മൂന്നു താരങ്ങള്‍ മാത്രമാണ്. ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണിത്.
എന്നാല്‍ ഭാഗ്യം കൊണ്ടു മാത്രം ഇന്ത്യന്‍ ടി20 ടീമില്‍ കയറിപ്പറ്റിയ ചില കളിക്കാരുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ കാര്യമായൊന്നും ചെയ്യാതിരുന്നിട്ടും ഇവരെ എന്തിനു ടീമിലെടുത്തുവെന്നത് സെലക്ഷന്‍ കമ്മിറ്റിക്കു മാത്രമേ വിശദീകരിക്കാന്‍ സാധിക്കുകയുള്ളൂ. ലോട്ടറിയടിച്ച് ഇന്ത്യയുടെ ടി20 ടീമിന്റ ഭാഗമായ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
ബംഗാളില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറാണ് ഇന്ത്യയുടെ ടി20 ടീമിലെ ഒരു സര്‍പ്രൈസ് താരം. ഒരേയൊരു ഐപിഎല്ലില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നു താരം. മോശമല്ലാത്ത ചില പ്രകടനങ്ങള്‍ നടത്തിയതു മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ടീമിലെത്താന്‍ തക്കതൊന്നും മുകേഷ് ചെയ്തിട്ടില്ല. മാത്രമല്ല സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുമില്ല.

സാധാരണയായി ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടി20 ടീമിലേക്കു ഇന്ത്യ താരങ്ങളെ പരിഗണിക്കാറുള്ളത്. ഐപിഎല്ലില്‍ മുകേഷിനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്ത് ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിച്ച ചില ബൗളര്‍മാര്‍ വേറെയുണ്ടായിരുന്നു.
എന്നാല്‍ അവരെ പിന്തള്ളിയാണ് മുകേഷിനു നറുക്കുവീണിരിക്കുന്നത്. അദ്ദേഹത്തിന്റെ ബൗളിങ് ശൈലി ടി20യേക്കാള്‍ ഏകദിനത്തിനു യോജിച്ചതാണ്. അതിനാല്‍ തന്നെ വിന്‍ഡീസ് പര്യടനത്തില്‍ മറ്റാരെയെങ്കിലും ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തുന്നതായിരുന്നു ഉചിതം.
ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനാണ് ഇന്ത്യന്‍ ടി20 ടീമിലെ മറ്റൊരു സര്‍പ്രൈസ് താരം. ആരും തന്നെ പ്രതീക്ഷിക്കാതെ ടി20 ടീമിലേക്കു വിളിയെത്തിയ താരമാണ് അദ്ദേഹം. ഇന്ത്യക്കായി ആവേശ് നേരത്തേ കളിച്ചിട്ടുണ്ടെങ്കിലും തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നു ഒഴിവാക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ എന്തിനാണ് അദ്ദേഹത്തെ ടി20 ടീമിലെടുത്തതെന്ന് ആരും സംശയിച്ചുപോവും.
രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്താന്‍ ആവേശിനായിരുന്നെങ്കിലും ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ഫ്‌ളോപ്പായിരുന്നു. ചില മല്‍സരങ്ങളില്‍ നന്നായി പന്തെറിഞ്ഞെങ്കിലും അദ്ദേഹം ഒരുപാട് റണ്‍സ് വഴങ്ങി. കൂടാതെ സീസണിലെ കുറച്ചു മല്‍സരങ്ങളില്‍ ആവേശിനെ ലഖ്‌നൗ കളിപ്പിക്കുകയും ചെയ്തിരുന്നില്ല. ഇങ്ങനെയൊരാള്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടി20 ടീമിലും സ്ഥാമര്‍ഹിച്ചിരുന്നില്ലെന്നു പറയേണ്ടിവരും.