പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിനായി ഇന്ത്യ പൊരുതുകയാണ്. ഇന്ത്യ മുന്നോട്ടുവെച്ച 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 76 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ 289 റണ്‍സ് വേണം. എട്ട് വിക്കറ്റുകള്‍ വീഴ്ത്തി വിജയവും പരമ്പര നേട്ടവും സ്വന്തമാക്കാനാവും ഇന്ത്യ ശ്രമിക്കുക.
ഇന്ത്യയുടെ സ്പിന്‍ കരുത്തില്‍ത്തന്നെയാണ് ടീമിന്റെ പ്രതീക്ഷ. ആര്‍ അശ്വിന്‍-രവീന്ദ്ര ജഡേജ സ്പിന്‍ കൂട്ടുകെട്ടിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. അഞ്ചാം ദിനം രണ്ട് പേരും കൂടി ചേര്‍ന്ന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ വമ്പന്‍ റെക്കോഡാണ് അശ്വിനേയും ജഡേജയേയും കാത്തിരിക്കുന്നത്. ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്‍ കൂട്ടുകെട്ട് ആവാനുള്ള അവസരമാണ് ജഡേജക്കും അശ്വിനും മുന്നിലുള്ളത്.

ടെസ്റ്റില്‍ കുംബ്ലെ-ഹര്‍ഭജന്‍ കൂട്ടുകെട്ട് നേടിയത് 501 വിക്കറ്റുകളാണ്. നിലവില്‍ ഹര്‍ഭജനും-ജഡേജയും ചേര്‍ന്ന് 500 വിക്കറ്റ് ക്ലബ്ബിലേക്ക് എത്തിയിട്ടുണ്ട്. ഒരു വിക്കറ്റ് നേടിയാല്‍ കുംബ്ലെക്കും ഹര്‍ഭജനും ഒപ്പമെത്താനും രണ്ട് വിക്കറ്റ് വീഴ്ത്തിയാല്‍ ഇവരെ മറികടക്കാനുമുള്ള അവസരമാണ് അശ്വിനും ജഡേജക്കും മുന്നിലുള്ളത്. ആദ്യ ഇന്നിങ്‌സില്‍ ജഡേജ രണ്ടും അശ്വിന്‍ ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്.
രണ്ടാം ഇന്നിങ്‌സില്‍ അശ്വിനാണ് ഇന്ത്യക്കായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്രയ്ഗ് ബ്രാത്ത് വെയ്റ്റ്, ക്രിക്ക് മെക്കന്‍സി എന്നിവരെയാണ് അശ്വിന്‍ പുറത്താക്കിയത്. അഞ്ചാം ദിനവും അശ്വിന്റെ സ്പിന്‍ ബൗളിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. പിച്ചില്‍ ഭേദപ്പെട്ട ടേണും ബൗണ്‍സും ലഭിക്കുന്നുണ്ട്. തന്ത്രശാലിയായ ബൗളറാണ് അശ്വിന്‍. അതുകൊണ്ടുതന്നെ അഞ്ചാം ദിവസം വിന്‍ഡീസിനെ വട്ടം കറക്കാന്‍ അശ്വിനായേക്കും.
മറ്റൊരു വമ്പന്‍ നേട്ടവും അശ്വിന്‍ സ്വന്തം പേരിലാക്കി. ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ ഹര്‍ഭജന്‍ സിങ്ങിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കെത്താനും അശ്വിന് സാധിച്ചു. ഹര്‍ഭജന്‍ 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 25 വിക്കറ്റുമാണ് വീഴ്ത്തിയത്.
അശ്വിന്‍ 94 ടെസ്റ്റില്‍ നിന്ന് 489 വിക്കറ്റും 113 ഏകദിനത്തില്‍ നിന്ന് 151 വിക്കറ്റും 65 ടി20യില്‍ നിന്ന് 72 വിക്കറ്റുമാണ് നേടിയത്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അശ്വിന് സ്ഥാനമുള്ളത്. ഏകദിനത്തിലും ടി20യിലും അശ്വിന് സീറ്റില്ല.
മറുവശത്ത് രവീന്ദ്ര ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വജ്രായുധമാണ്. 67 ടെസ്റ്റില്‍ നിന്ന് 275 വിക്കറ്റും 174 ഏകദിനത്തില്‍ നിന്ന് 191 വിക്കറ്റും 64 ടി20യില്‍ നിന്ന് 51 വിക്കറ്റുമാണ് ജഡേജ നേടിയത്. ഗംഭീര ബാറ്റിങ് റെക്കോഡും ജഡേജക്കുണ്ട്.
ടെസ്റ്റില്‍ 36ന് മുകളില്‍ ശരാശരിയില്‍ 2084 റണ്‍സാണ് അദ്ദേഹം നേടിയത്. ഏകദിനത്തില്‍ 32ന് മുകളില്‍ ശരാശരിയില്‍ 2526 റണ്‍സും ജഡേജയുടെ പേരിലുണ്ട്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ജഡേജ.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് ശേഷം മൂന്ന് മത്സര ഏകദിന പരമ്പരയും അഞ്ച് മത്സര ടി20 പരമ്പരയും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. രണ്ട് പരിമിത ഓവര്‍ പരമ്പരകളും ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഏഷ്യാ കപ്പിനും ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിനും മുമ്പ് കരുത്ത് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. വിന്‍ഡീസ് പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.