For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സൂര്യയുദിച്ചു! ചാരമായി വിന്‍ഡീസ്; ഗംഭീര തിരിച്ചുവരവുമായി ടീം ഇന്ത്യ

ഗയാന: എന്തുകൊണ്ടാണ് ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായി താന്‍ മാറിയതെന്നു ഇന്ത്യയുടെ സ്വന്തം 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് വെസ്റ്റ് ഇന്‍ഡീസിനു കാണിച്ചുകൊടുത്തു. തോറ്റാല്‍ പരമ്പര കൈവിടുമെന്ന സമ്മര്‍ദ്ദത്തില്‍ ഇറങ്ങിയ ടീം ഇന്ത്യ മൂന്നാം ടി20യില്‍ ഏഴു വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് സ്വന്തമാക്കിയത്. ഈ ജയത്തിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും സൂര്യക്കു അവകാശപ്പെട്ടതാണ്.

ബാറ്റിങ് അത്ര എളുപ്പമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെട്ട പിച്ചില്‍ സൂര്യ ആളിക്കത്തുകയായിരുന്നു. 44 ബോളില്‍ 10 ഫോറും നാലു സിക്‌സറുമടക്കം 83 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. വെറും 23 ബോളുകളിലായിരുന്നു സൂര്യയുടെ ഫിഫ്റ്റി. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 1-2 ആക്കുകയും ചെയ്തിരിക്കുകയാണ്. ശനിയാഴ്ച നടക്കാനിരിക്കുന്ന അടുത്ത കളിയും ജയിക്കാനായാല്‍ പരമ്പരയില്‍ 2-2നു ഒപ്പമെത്താന്‍ ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും സാധിക്കും.

SURYAKUMAR YADAV

160 റണ്‍സിന്റെ വിജയലക്ഷ്യമാണ് മൂന്നാമങ്കത്തില്‍ വിന്‍ഡീസ് ഇന്ത്യക്കു നല്‍കിയത്. വൈസ് ക്യാപ്റ്റന്‍ കൂടിയായ സൂര്യയുടെ സ്‌ഫോടനാത്മക ഇന്നിങ്‌സ് 13 ബോളുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

തുടരെ മൂന്നാമത്തെ കളിയിലും തിലക് വര്‍മ (49*) മികച്ച ഇന്നിങ്‌സുമായി കൈയടി വാങ്ങി. 37 ബോളില്‍ താരം നാലു ഫോറും ഒരു സിക്‌സറുമടിച്ചു. തിലകും നായകന്‍ ഹാര്‍ദിക്കും (20*) ചേര്‍ന്നാണ് 17.5 ഓവറില്‍ ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്.

മുന്‍ മല്‍സരങ്ങളിലേതു പോലെ ഈ കളിയിലും ഇന്ത്യയുടെ ഓപ്പണിങ് പാളി. അരങ്ങേറ്റ മല്‍സരം കളിച്ച യശസ്വി ജയ്‌സ്വാള്‍ (1) ആദ്യ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ പുറത്തായി. വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന ജയ്‌സ്വാളിനെ ഒബെഡ് മക്കോയിയുടെ ബോളില്‍ അല്‍സാറി ജോസഫ് പിടികൂടുകയായിരുന്നു.

ശുഭ്മന്‍ ഗില്ലിനു ഈ കളിയിലും തിളങ്ങാനായില്ല. റണ്ണെടുക്കാന്‍ പാടുപെട്ട താരം 11 ബോളില്‍ ആറു റണ്‍സ് മാത്രമെടുത്ത് മടങ്ങി. അല്‍സാറി ജോസഫിന്റെ ബൗളിങില്‍ ജോണ്‍സന്‍ ചാള്‍സായിരുന്നു ക്യാച്ചെടുത്തത്. ഇതോടെ ഇന്ത്യ അഞ്ചാം ഓവറില്‍ രണ്ടിനു 34ലേക്കു വീണു.

KULDEEP YADAV

ഈ കളിയിലും ബാറ്റിങ് നിര ദുരന്തമാവുമെന്നു ആരാധകര്‍ ഉറപ്പിച്ചിരിക്കെയായിരുന്നു സൂര്യയുടെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ്. പേസ്- സ്പിന്‍ വ്യത്യാസമില്ലാതെ എല്ലാവരെയും അദ്ദേഹം തല്ലിപ്പരുവമാക്കി. കൂട്ടിന് ഈ പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത തിലകിനെക്കൂടി ലഭിച്ചതോടെ സൂര്യ ടോപ് ഗിയറിലായി. ഈ ജോടി മൂന്നാം വിക്കറ്റില്‍ വാരിക്കൂട്ടിയത് 87 റണ്‍സാണ്. 13ാം ഓവറിലെ നാലാമത്തെ ബോളില്‍ ടീം സ്‌കോര്‍ 121ല്‍ നില്‍ക്കെ സൂര്യ പുറത്താവുമ്പോഴേക്കും ഇന്ത്യ വിജയമുറപ്പിച്ചിരുന്നു.

നേരത്തേ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 159 റണ്‍സിലെത്തിയത്. ഈ പരമ്പരയില്‍ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. വിന്‍ഡീസ് നിരയില്‍ ആര്‍ക്കും ഫിഫ്റ്റിയിലെത്താനായില്ല. 42 റണ്‍സെടുത്ത ബ്രെന്‍ഡന്‍ കിങും പുറത്താവാതെ 40 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റോവ്‌മെന്‍ പവെലുമാണ് വിന്‍ഡീസിനെ 160ന് അരികിലെത്തിച്ചത്.

കൈല്‍ മയേഴ്‌സ് (25), നിക്കോളാസ് പൂരന്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. 42 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറും കിങിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പവെലിന്റെ ഫിനിഷിങ് ടീമിനെ മികച്ച ടോട്ടലിലെത്തിക്കുകയും ചെയ്തു.

വെറും 19 ബോളിലാണ് മൂന്നു സിക്‌സറും ഒരു ഫോറുമടക്കം 40 റണ്‍സ് നേടിയത്. അവസാന അഞ്ചോവറില്‍ വിന്‍ഡീസ് 53 റണ്‍സ് വാരിക്കൂട്ടി. നഷ്ടമായത് ഒരേയൊരു വിക്കറ്റുമായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു. മൂന്നു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്.

ടോസിനു ശേഷം വിന്‍ഡീസ് നായകന്‍ റോവ്‌മെന്‍ പവെല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന്‍ കിഷന്‍, രവി ബിഷ്‌നോയ് എന്നിവരെ പുറത്ത് ഇരുത്തിയ ഇന്ത്യ പകരം പുതുമുഖ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയും കുല്‍ദീപ് യാദവിനെയും കളിപ്പിക്കുകയായിരുന്നു.

ഇഷാന്റെ അഭാവത്തില്‍ മലയാളി താരം സഞ്ജു സാംസാണ് ടീമിന്റെ വിക്കറ്റ് കാത്തത്. മറുഭാഗത്തു വിന്‍ഡീസ് ടീമില്‍ ഒരു മാറ്റം വരുത്തിയിരുന്നു. പരിക്കേറ്റ ജേസണ്‍ ഹോള്‍ഡര്‍ പുറത്തായപ്പോള്‍ പകരക്കാരനായി റോസ്റ്റണ്‍ ചേസ് ടീമിലേക്കു വന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ-ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.

വെസ്റ്റ് ഇന്‍ഡീസ്- കൈല്‍ മയേഴ്‌സ്, ബ്രെന്‍ഡന്‍ കിങ്, ജോണ്‍സന്‍ ചാള്‍സ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോവ്‌മെന്‍ പവെല്‍ (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെപ്പേര്‍ഡ്, അക്കീല്‍ ഹുസെയ്ന്‍, അല്‍സാറി ജോസഫ്, ഒബെഡ് മക്കോയ്.

Story first published: Tuesday, August 8, 2023, 12:40 [IST]
Other articles published on Aug 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+