For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഹീറോയായി സൂര്യ, സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് ജയം; പരമ്പര തൂത്തുവാരി

പല്ലെക്കല്ലെ: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ. മൂന്നാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 137 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 8 വിക്കറ്റിന് 137 റണ്‍സാണ് നേടിയത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 2 റണ്‍സിന് പുറത്തായപ്പോള്‍ ആദ്യ പന്തില്‍ ഇന്ത്യ ജയം നേടി. ഇതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ തൂത്തുവാരി. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനായില്ല. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ യശ്വസി ജയ്‌സ്വാളിനെ (10) ഇന്ത്യക്ക് നഷ്ടമായി. 9 പന്ത് നേരിട്ട് 2 ഫോറടക്കം നേടിയ ജയ്‌സ്വാളിനെ മഹേഷ് തീക്ഷണ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. മൂന്നാം നമ്പറിലിറങ്ങിയ സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. നാല് പന്ത് നേരിട്ട സഞ്ജു ഡെക്കിനാണ് മടങ്ങിയത്. രണ്ടാം ടി20യില്‍ സഞ്ജു ഗോള്‍ഡന്‍ ഡെക്കായിരുന്നു.

യുവ പേസര്‍ ചമിന്‍ഡു വിക്രമസിന്‍ഹയെ വലിയ ഷോട്ട് കളിക്കാന്‍ ശ്രമിച്ച സഞ്ജുവിന് ടൈമിങ് പിഴച്ചപ്പോള്‍ ഡെക്കിന് മടങ്ങേണ്ടി വന്നു. നാലാം നമ്പറിലേക്ക് ബാറ്റിങ് പ്രമോഷന്‍ ലഭിച്ച റിങ്കു സിങ്ങിനും തിളങ്ങാനായില്ല. രണ്ട് പന്ത് നേരിട്ട് 1 റണ്‍സാണ് റിങ്കു നേടിയത്. മഹേഷ് തീക്ഷണയെ സിക്‌സറിന് ശ്രമിച്ചാണ് റിങ്കു വിക്കറ്റ് തുലച്ചത്. ബാറ്റിങ് പൊസിഷന്‍ മാറി അഞ്ചാം നമ്പറിലിറങ്ങിയ നായകന്‍ സൂര്യകുമാര്‍ യാദവിനും തിളങ്ങാനായില്ല. 9 പന്ത് നേരിട്ട് 1 ഫോറടക്കം 8 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം.

അവസരം ലഭിച്ച ശിവം ദുബെക്കും രക്ഷകനാവാന്‍ സാധിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായെത്തിയ ദുബെ 14 പന്തില്‍ 13 റണ്‍സാണ് നേടിയത്. റിയാന്‍ പരാഗ് ചെറിയൊരു കാമിയോ കാഴ്ചവെച്ചു. അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച പരാഗ് 18 പന്തില്‍ 1 ഫോറും 2 സിക്‌സുമടക്കം 26 റണ്‍സാണ് നേടിയത്. വനിന്‍ഡു ഹസരങ്കയെ സിക്‌സറിന് ശ്രമിച്ചാണ് പരാഗ് പുറത്തായത്. അക്ഷര്‍ പട്ടേലിന് പകരക്കാരനായെത്തിയ വാഷിങ്ടണ്‍ സുന്ദറും മോശമല്ലാത്ത പ്രകടനം നടത്തി.

ind vs sl t20

18 പന്തില്‍ 2 ഫോറും 1 സിക്‌സുമടക്കം 25 റണ്‍സാണ് സുന്ദര്‍ നേടിയത്. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുബ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പിടിച്ചുനിന്ന് കളിക്കാന്‍ ശ്രമിച്ച ശുബ്മാന്‍ 37 പന്തില്‍ 39 റണ്‍സാണ് നേടിയത്. മൂന്ന് ബൗണ്ടറി നേടിയ ശുബ്മാന്‍ വനിന്‍ഡു ഹസരങ്കയെ ക്രീസില്‍ നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ചെങ്കിലും ഷോട്ട് പിഴച്ചു. ഇതോടെ സ്റ്റംപ് ചെയ്ത് പുറത്താക്കപ്പെട്ടു.

രവി ബിഷ്‌നോയ് (8) പുറത്താവാതെ നിന്നപ്പോള്‍ മുഹമ്മദ് സിറാജ് (0) അവസാന പന്തില്‍ റണ്ണൗട്ടായി. ഇതോടെ 9 വിക്കറ്റിന് 137 എന്ന സ്‌കോറിലേക്ക് ഇന്ത്യ ഒതുങ്ങി. ശ്രീലങ്കയ്ക്കായി മഹേഷ് തീക്ഷണ മൂന്നും വനിന്‍ഡു ഹസരങ്ക രണ്ടും വിക്രമസിന്‍ഹെ, അസിത ഫെര്‍ണാണ്ടോ, രമേഷ് മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ശ്രീലങ്കയെ തുടക്കത്തിലേ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. മുഹമ്മദ് സിറാജിന്റെ പന്തില്‍ കുശാല്‍ മെന്‍ഡിസിന്റെ ക്യാച്ച് സഞ്ജു സാംസണ്‍ നഷ്ടമായി. രവി ബിഷ്‌നോയിയുടെ പന്തിലും കുശാല്‍ മെന്‍ഡിസിന്റെ ക്യാച്ച് സഞ്ജു നഷ്ടപ്പെടുത്തി. പതും നിസങ്കയെ (26) പുറത്താക്കി രവി ബിഷ്‌നോയ് കൂട്ടുകെട്ട് പൊളിക്കുമ്പോള്‍ ഒന്നാം വിക്കറ്റില്‍ ശ്രീലങ്ക 58 റണ്‍സ് സ്വന്തമാക്കിയിരുന്നു. രണ്ടാം വിക്കറ്റില്‍ കുശാല്‍ മെന്‍ഡിസും കുശാല്‍ പെരേരയും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് കൊണ്ടുപോയി.

41 പന്തില്‍ 3 ഫോറടക്കം 43 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിനെ രവി ബിഷ്‌നോയ് എല്‍ബിയില്‍ കുടുക്കി പുറത്താക്കി. കുശാല്‍ മെന്‍ഡിസ് മടങ്ങുമ്പോള്‍ ശ്രീലങ്ക 15.2 ഓവറില്‍ 2ന് 110 എന്ന മികച്ച നിലയിലായിരുന്നു. ബാറ്റിങ് പ്രൊമോഷനോടെയെത്തിയ വനിന്‍ഡു ഹസരങ്കയെ (3) വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി. ശ്രീലങ്കന്‍ നായകന്‍ ചരിത് അസലന്‍കയെ സുന്ദര്‍ ഗോള്‍ഡന്‍ ഡെക്കാക്കി. 19ാം ഓവര്‍ എറിയാനെത്തിയ റിങ്കു സിങ് കുശാല്‍ പെരേരയെ പുറത്താക്കി. 34 പന്തില്‍ 46 റണ്‍സാണ് കുശാല്‍ നേടിയത്.

രമേഷ് മെന്‍ഡിസിനെയും (3) റിങ്കു പുറത്താക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷ. അവസാന ഓവര്‍ എറിയാനെത്തിയ സൂര്യകുമാര്‍ യാദവ് കമിന്‍ഡു മെന്‍ഡിസിനെ (1) പുറത്താക്കി. മഹേഷ് തീക്ഷണയെ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡെക്കാക്കി. അവസാന പന്തില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 3 റണ്‍സ്. അവസാന പന്തില്‍ 2 റണ്‍സ് ശ്രീലങ്കയെടുത്തതോടെ മത്സരം ടൈ.

മത്സരം സൂപ്പര്‍ ഓവറിലേക്ക്. ഇന്ത്യക്കായി സൂപ്പര്‍ ഓവര്‍ എറിയാന്‍ സുന്ദര്‍. കുശാല്‍ പെരേരയെ സുന്ദര്‍ ഡെക്കിന് പുറത്താക്കി. പതും നിസങ്കയെയും സുന്ദര്‍ ഡെക്കിന് മടക്കിയതോടെ ഇന്ത്യക്ക് ജയിക്കാന്‍ 3 റണ്‍സ് മാത്രം. ആദ്യ പന്ത് ബൗണ്ടറി കടത്തി സൂര്യകുമാര്‍ ഇന്ത്യക്ക് ജയമൊരുക്കി.

പ്ലേയിങ് 11: ഇന്ത്യ-യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (c), സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്

ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, കമിന്‍ഡു മെന്‍ഡിസ്, ചരിത് അസലന്‍ക (c), ചമിന്‍ഡു വിക്രമസിങ്‌ഹെ, വനിന്‍ഡു ഹസരങ്ക, രമേഷ് മെന്‍ഡിസ്, മഹേഷ് തീക്ഷണ, മതീഷ പതിരാന, അസിത ഫെര്‍ണാണ്ടോ

Story first published: Tuesday, July 30, 2024, 15:15 [IST]
Other articles published on Jul 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+