For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ശ്രേയസ് നയിച്ചു, മിന്നിച്ച് ജഡ്ഡുവും സഞ്ജുവും- ഇന്ത്യക്കു വീണ്ടുമൊരു പരമ്പര

ഏഴു വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം

1

ധരംശാല: രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ നാലാമത്തെ വൈറ്റ് ബോള്‍ പരമ്പരയുടെ പോക്കറ്റിലാക്കി ഇന്ത്യയുടെ പടയോട്ടം. രണ്ടാം ടി20യില്‍ വിക്കറ്റിന്റെ ഏഴു വിജയത്തോടെയാണ് ഇന്ത്യ ശ്രീലങ്കയുടെയും കഥ കഴിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കി. അവസാന മല്‍സരം ഞായറാഴ്ച ഇതേ വേദിയില്‍ തന്നെ നടക്കും. 184 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് ഇന്ത്യക്കു ലങ്ക നല്‍കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (1), ഇഷാന്‍ കിഷന്‍ (16) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായ ഇന്ത്യ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ ശ്രേയസ് അയ്യര്‍ (74*) മുന്നില്‍ നിന്നു പട നയിക്കുകയും രവീന്ദ്ര ജഡേജ (45*), സഞ്ജു സാംസണ്‍ (39) എന്നിവര്‍ മികച്ച പിന്തുണ നല്‍കുകയും ചെയ്തതോടെ ഇന്ത്യക്കു ലക്ഷ്യം അനായാസമായി മാറി. 17.1 ഓവറില്‍ തന്നെ മൂന്നു വിക്കറ്റിനു ഇന്ത്യ വിജയം പിടിച്ചെടുക്കുകയും ചെയ്തു.

44 ബോളുകളില്‍ നിന്നും ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് ശ്രേയസ് 74 റണ്‍സ് അടിച്ചെടുത്തത്. ജഡേജയാവട്ടെ വെറും 18 ബോളിലാണ് 45 റണ്‍സെടുത്തത്. ഏഴു ബൗണ്ടറികളും ഒരു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. സഞ്ജു 25 ബോളില്‍ രണ്ടു ബൗണ്ടറിയും മൂന്നു സിക്‌സറുമടിച്ചു. നാലിന് 44 റണ്‍സെന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത് ശ്രേയസ്- സഞ്ജു ജോടിയായിരുന്നു. 47 ബോളില്‍ 84 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ടീം സ്‌കോര്‍ 128ല്‍ വച്ചാണ് ഈ ജോടി വേര്‍പിരിഞ്ഞത്. സഞ്ജു പുറത്താവുമ്പോഴേക്കും ഇന്ത്യ ഡ്രൈവിങ് സീറ്റിലേക്കു കയറിയിരുന്നു. തുടര്‍ന്നെത്തിയ ജഡേജയും റണ്‍മഴ പെയ്യിച്ചതോടെ ഇന്ത്യ അതിവേഗം വിജയത്തിലേക്കു കുതിക്കുകയായിരുന്നു. ലങ്കയ്ക്കായി ലഹിരു കുമാര രണ്ടു വിക്കറ്റുകളെടുത്തു.

നങ്കൂരമിട്ടു കളിച്ച ഓപ്പണര്‍ പതും നിസങ്കയുടെ (75) ഫിഫ്റ്റിയാണ് ലങ്കയെ 183 റണ്‍സെന്ന ടോട്ടലിലെത്തിച്ചത്. അവസാന ഓവറുകളില്‍ ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയുടെ വെടിക്കെട്ട് പ്രകടനവും ലങ്കയെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിയക്കപ്പെട്ട ലങ്ക അഞ്ചു വിക്കറ്റിനു 183 റണ്‍സെടുക്കകയായിരുന്നു. 53 ബോളില്‍ 11 ബൗണ്ടറികളോടെയാണ് നിസങ്ക ലങ്കയുടെ അമരക്കാരനായത്. ഷനകയുടെ പ്രകടനം ഗംഭീരമായിരുന്നു. വെറും 19 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കമാണ് താരം പുറത്താവാതെ 47 റണ്‍സെടുത്തത്. 38 റണ്‍സെടുത്ത ധനുഷ്‌ക ഗുണതിലകയാണി ലങ്കയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 29 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അവസാനത്തെ അഞ്ചോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 80 റണ്‍സ് ലങ്ക വാരിക്കൂട്ടി.

വളരെ ശ്രദ്ധയോടെയാണ് ലങ്കന്‍ ഓപ്പണര്‍മാരായ നിസങ്കയും ഗുണതിലകയും തുടങ്ങിയത്. തുടക്കത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ നോക്കാനാണ് ഇരുവരും ശ്രമിച്ചത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. അനാവശ്യ ധൃതി കാണിക്കാതെ മോശം പന്തുകളില്‍ മാത്രം അഗ്രസീവ് ഷോട്ടുകള്‍ കളിച്ച് ഇരുവരും മുന്നേറുകയായിരുന്നു. ഏഴോവറില്‍ 41 റണ്‍സായിരുന്നു ലങ്കന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ രവീന്ദ്ര ജഡേജയെറിഞ്ഞ ഒമ്പതാം ഓവറില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 18 റണ്‍സ് പിറന്നു. എങ്കിലും ഗുണതിലകയെ പുറത്താക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ഓപ്പണിങ് വിക്കറ്റില്‍ 67 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ടീം സ്‌കോറിലേക്കു ഒമ്പതു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ കൂടി ഇന്ത്യ വീഴ്ത്തി. ഇതോടെ ലങ്ക മൂന്നിന് 76 റണ്‍സെന്ന നിലയിലായി.

എങ്കിലും നിസങ്ക പസറിയില്ല മികച്ച ഷോട്ടുകളുമായി താരം കളം നിറഞ്ഞു കളിച്ചു. ടീം സ്‌കോര്‍ 102ല്‍ നില്‍ക്കെ ചണ്ഡിമല്‍ പുറത്തായ ശേഷമായിരുന്നു ലങ്കന്‍ ഇന്നിങ്‌സ് ടോപ് ഗിയറിലേക്കു കയറിയത്. നിസങ്കയ്ക്കു കൂട്ടായെത്തിയ ലങ്കന്‍ നായകന്‍ ഷനക വെടിക്കെട്ട് ഇന്നിങ്‌സാണ് കളിച്ചത്. നിസങ്ക- ഷനക ജോടി ഇന്ത്യന്‍ ബൗളര്‍മാരെ നിലത്തുനിര്‍ത്തിയില്ല. 58 റണ്‍സ് രണ്ടു പേരും വാരിക്കൂട്ടി. ഇതാണ് ലങ്കയെ വലിയ സ്‌കോറിലെത്തിച്ചത്. നിസങ്ക പുറത്തായ ശേഷവും ഷനക വെടിക്കെട്ട് തുടര്‍ന്നു. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യയിറങ്ങത്. ഇതോടെ മലയാളി താരം സഞ്ജു സാംസണിന് ഒരവസരം കൂടി ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ മല്‍സരത്തില്‍ സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയിരുന്നില്ല. മറുഭാഗത്ത് രണ്ടു മാറ്റങ്ങളോടെയാണ് ലങ്ക രണ്ടാം ടി20യില്‍ കളിച്ചത്. ജനിത് ലിയാനഗെ, ജെഫ്രി വാന്‍ഡര്‍സേ എന്നിവര്‍ക്കു പകരം ബിനുര ഫെര്‍ണാണ്ടോ, ധനുഷ്‌ക ഗുണതിലക എന്നിവര്‍ ടീമിലേക്കു വരികയായിരുന്നു.

ലഖ്‌നൗവില്‍ നടന്ന ആദ്യ കളിയില്‍ 62 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം കൊയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. രണ്ടാം ടി20യും വിജയിക്കാനായാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കാന്‍ ഇന്ത്യക്കു കഴിയും. ആദ്യ കളിയില്‍ ലങ്കയയെ നിഷ്പ്രഭരാക്കുന്ന വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള തൊട്ടുമുമ്പത്ത പരമ്പരയില്‍ ക്ലിക്കാവാതെ പോയ ഇഷാന്‍ കിഷന്‍ യഥാര്‍ഥ ഫോമിലേക്കുയര്‍ന്നതോടെ ലങ്ക പതറുകയായിരുന്നു. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റിന് 199 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. ഇഷാനും (89) മുന്‍ നായകന്‍ വിരാട് കോലിയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ കളിച്ച ശ്രേയസ് അയ്യരുമാണ് (57*) ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍. നായകന്‍ രോഹിത് 44 റണ്‍സെടുത്ത് പുറത്തായി.

വെറും 56 ബോളിലാണ് 10 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം ഇഷാന്‍ 89 റണ്‍സ് വാരിക്കൂട്ടിയത്. വിന്‍ഡീസിനെതിരേ സ്ലോ ഇന്നിങ്‌സുകളുടെ പേരില്‍ പഴി കേട്ട ഇഷാന്‍ ഈ കളിയില്‍ അതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ രോഹിത്- ഇഷാന്‍ സഖ്യം 111 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ തന്നെ ഇന്ത്യ വലിയ ടോട്ടല്‍ ഉറപ്പാക്കിയിരുന്നു. പിന്നീട് 28 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 57 റണ്‍സ് അടിച്ചെടുത്ത ശ്രേയസിന്റെ പ്രകടനം ഇന്ത്യയെ 200നരികിലെത്തിക്കുകയും ചെയ്തു. മലയാളി താരം സഞ്ജു സാംസണ്‍ ഈ മല്‍സരത്തില്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കിലും ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല.

മറുപടി ബാറ്റിങില്‍ ലങ്കയ്ക്കു ആറു വിക്കറ്റിന് 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പുറത്താവാതെ 53 റണ്‍സെടുത്ത ചരിത് അസലന്‍കയാണ് ലങ്കയുടെ തോല്‍വിഭാരം കുറച്ചത്. ഒരു ഘട്ടത്തില്‍ ലങ്ക അഞ്ചിന് 60 റണ്‍സിലേക്കു വീണിരുന്നു. എന്നാല്‍ വാലറ്റക്കാരുടെ ചെറുച്ചുനില്‍പ്പ് അവരെ രക്ഷക്കുകയായിരുന്നു. ഏഴു ബൗളര്‍മാരെ ഈ മല്‍സരത്തില്‍ ഇന്ത്യ പരീക്ഷിച്ചു. ഇവരില്‍ ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

രണ്ടാം ടി20യിലെ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍.

ശ്രീലങ്ക- പതും നിസങ്ക, കാമില്‍ മിഷാറ, ചരിത് അസലന്‍ക, ധനുഷ്‌ക ഗുണതിലക, ദിനേഷ് ചണ്ഡിമല്‍ (വിക്കറ്റ് കീപ്പര്‍), ദസുന്‍ ഷനക (ക്യാപ്റ്റന്‍), ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, പ്രവീണ്‍ ജയവിക്രമ, ബിനുര ഫെര്‍ണാണ്ടോ, ലഹിരു കുമാര.

Story first published: Saturday, February 26, 2022, 22:38 [IST]
Other articles published on Feb 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+