IND vs SL: ഇന്ത്യക്ക് ഒരു ദൗര്‍ബല്യമുണ്ട്, അത് ശ്രീലങ്ക മുതലാക്കും! മുന്നറിയിപ്പുമായി ജയസൂര്യ
കൊളംബോ: ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരക്ക് 27ന് തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ടി20, ഏകദിന പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. ടി20 പരമ്പരയാണ് ആദ്യം നടക്കുന്നത്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ശേഷം നടക്കുന്ന ആദ്യത്തെ പരമ്പരയാണ് വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് പരമ്പരയെ ഉറ്റുനോക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി സൂര്യകുമാര്‍ യാദവിന് നായകസ്ഥാനം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്.
ശക്തമായ താരനിരയോടെ ഇറങ്ങുന്ന ഇന്ത്യ പരമ്പര തൂത്തുവാരുമെന്നാണ് ആരാധക പ്രതീക്ഷ. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നും ഇന്ത്യക്ക് വലിയൊരു ദൗര്‍ബല്യമുണ്ടെന്നും അത് ശ്രീലങ്ക മുതലാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ശ്രീലങ്കയുടെ പരിശീലകനായ സനത് ജയസൂര്യ. ശ്രീലങ്കയുടെ മുന്‍ സൂപ്പര്‍ ഓപ്പണറും നായകനുമായ ജയസൂര്യയെ താല്‍ക്കാലിക പരിശീലകനായി കഴിഞ്ഞിടെയാണ് നിയമിച്ചത്.
വിരാട് കോലിയും രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ടി20 ലോകകപ്പോടെ വിരമിച്ചിരുന്നു. ഇൗ സൂപ്പര്‍ താരങ്ങളുടെ വിടവ് ഇന്ത്യന്‍ ടീമിലുണ്ടെന്നും അത് ശ്രീലങ്ക മുതലാക്കുമെന്നുമാണ് ജയസൂര്യ പറയുന്നത്. 'രോഹിത് ശര്‍മയും വിരാട് കോലിയും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. അവര്‍ കളിച്ചു തീര്‍ത്തത് ലോകോത്തര പ്രകടനങ്ങളാണ്. ഇവരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. ഇത് പരമാവധി മുതലാക്കാനാവും ഞങ്ങള്‍ ശ്രമിക്കുക' സ്‌പോര്‍ട്‌സ് സ്റ്റാറിനോട് സംസാരിക്കവെ ജയസൂര്യ പറഞ്ഞു.
എന്നാല്‍ കോലിയുടേയും രോഹിത്തിന്റേയും അഭാവം ഇന്ത്യയെ കാര്യമായി ബാധിച്ചേക്കില്ല. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും ഓപ്പണിങ്ങില്‍ വെടിക്കെട്ട് നടത്താനുണ്ട്. റിഷഭ് പന്തും സഞ്ജു സാംസണും വിക്കറ്റ് കീപ്പര്‍മാരായി ഉണ്ട്. സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടിനൊപ്പം റിങ്കു സിങ്ങും ശിവം ദുബെയും ഹാര്‍ദിക് പാണ്ഡ്യയും മധ്യനിരയില്‍ കടന്നാക്രമിക്കാനായുണ്ട്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമുണ്ട്.

സ്പിന്‍ നിരയില്‍ രവി ബിഷ്‌നോയ് കരുത്ത് പകരുമ്പോള്‍ അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവര്‍ പേസ് നിരയിലുമുണ്ട്. ഇവരെല്ലാം തന്നെ അനുഭവസമ്പന്നരായ താരങ്ങളും ഇതിനോടകം നിരവധി ടി20 മത്സരം കളിച്ച് മികവ് തെളിയിച്ചിട്ടുള്ളവരുമാണ്. ശ്രീലങ്കയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ് മിക്കവരും. കോലിയുടേയും രോഹിത്തിന്റേയും പ്രതിഭക്ക് പകരം വെക്കുക പ്രയാസമാണ്. എന്നാല്‍ ഇവരുടെ അഭാവം ഇന്ത്യയെ ബാധിച്ചേക്കില്ല.
അതിനുള്ള ടീം കരുത്തും താരസമ്പത്തും ഇന്ത്യക്കുണ്ട്. ഗൗതം ഗംഭീറിനെപ്പോലെ ബുദ്ധിമാനായ പരിശീലകന്‍ ഒപ്പമുള്ളപ്പോള്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ ആതിഥേയരായ ശ്രീലങ്കയെ നിസാരക്കാരായി കാണാനാവില്ല. പക്ഷെ ശ്രീലങ്കയുടെ സമീപകാല പ്രകടനങ്ങളൊന്നും അത്ര മികച്ചതല്ല. ടീമിന്റെ പ്രകടനം മോശമായതോടെ നായകസ്ഥാനത്ത് നിന്ന് വനിന്‍ഡു ഹസരങ്കയെ മാറ്റിയിരുന്നു. പകരം ചരിത് അസലന്‍കയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ശ്രീലങ്ക ഇറങ്ങുന്നത്.
ഇടവേളക്ക് ശേഷം ദിനേഷ് ചണ്ഡിമാലിനെ ശ്രീലങ്ക ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പതും നിസങ്ക, കുശാല്‍ ജെനിത് പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, ദസുന്‍ ഷനക എന്നിവരെയെല്ലാം ഇന്ത്യ ഭയക്കണം. സ്പിന്‍ നിരയില്‍ ഹസരങ്കയുടെ മികവാണ് ഇന്ത്യക്ക് ഭീഷണി. മഹേഷ് തീക്ഷണയും ഒപ്പമുണ്ട്. മതീഷ പതിരനയുടെ യോര്‍ക്കര്‍ പന്തുകളും ഇന്ത്യയുടെ പ്രതീക്ഷകളെ തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണ്. പേസര്‍ ദുഷ്മന്ത ചമീര പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് അല്‍പ്പം ആശ്വാസമാകും.
സനത് ജയസൂര്യയുടെ പരിശീലനത്തിന് കീഴില്‍ ശ്രീലങ്ക ആക്രമണോത്സക ക്രിക്കറ്റാവും കളിക്കുകയെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം നിസംശയം പറയാം. ഗൗതം ഗംഭീറിനും സൂര്യകുമാര്‍ യാദവിനും പരമ്പര അഭിമാന പ്രശ്‌നമാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications