
രോഹിത് ശര്‍മ- ഇഷാന്‍ കിഷന്‍
രോഹിത് ശര്‍മ- ഇഷാന്‍ കിഷന്‍ ഓപ്പണിങ് കോമ്പിനേഷനില്‍ തന്നെ ഇന്ത്യക്കു വേണമെങ്കില്‍ ഉറച്ചുനില്‍ക്കാവുന്നതാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ പരമ്പരയില്‍ ഈ ജോടി പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ലെന്നതു സത്യമാണ്. പക്ഷെ വെറും രണ്ടു മല്‍സരങ്ങളിലെ മാത്രം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ എഴുതിത്തള്ളാന്‍ കഴിയില്ല.

വിന്‍ഡീസിനെതിരായ ആദ്യ മല്‍സരത്തില്‍ ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മ- ഇഷാന്‍ കിഷന്‍ സഖ്യം 7.3 ഓവറില്‍ 64 റണ്‍സ് നേടിയിരുന്നു. രോഹിത്തായിരുന്നു വെടിക്കെട്ട് നടത്തിയത്. 19 ബോളില്‍ 40 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ഇഷാനു പക്ഷെ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തുകളിക്കാനായില്ല. 42 ബോളില്‍ 35 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. രണ്ടാം ടി20യില്‍ 10 ബോളില്‍ നിന്നും രണ്ടു റണ്‍സ് മാത്രമാണ് ഇഷാന്‍ നേടിയത്. ആദ്യത്തെ രണ്ടോവറിനുള്ളില്‍ തന്നെ ഓപ്പണിങ് ജോടി വേര്‍പിരിയുകയും ചെയ്തിരുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത്- രാഹുല്‍ ജോടി തന്നെ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. എന്നാല്‍ ഇവരിരൊള്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ മികച്ചൊരു ബാക്കപ്പിനെ ഇന്ത്യ കണ്ടു വയ്‌ക്കേണ്ടതുണ്ട്. ഈ റോളിലേക്കു ഏറ്റവും അനുയോജ്യനായ താരങ്ങളിലൊരാണ് ഇഷാന്‍ കിഷന്‍. ഫോമിലേക്കുയര്‍ന്നാല്‍ പിടിച്ചുനിര്‍ത്താന്‍ വളരെയധികം ബുദ്ധിമുട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

രോഹിത് ശര്‍മ- വെങ്കടേഷ് അയ്യര്‍
ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യക്കു ഓപ്പണിങില്‍ പരീക്ഷിക്കാവുന്ന മറ്റൊരു താരമാണ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ ടി20 പരമ്പരയില്‍ ഫിനിഷറുടെ റോളില്‍ കസറിയ അദ്ദേഹം ഓപ്പണിങിലും നേരത്തേ കഴിവ് തെളിയിച്ച താരമാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനു വേണ്ടി ഓപ്പണറായി കളിച്ച വെങ്കടേഷ് തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കില്‍ നിന്നും മോചിതമായി ലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഫിനിഷറുടെ റോള്‍ അദ്ദേഹത്തിനു കൈമാറി വെങ്കടേഷിനെ ഇന്ത്യക്കു ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തു നോക്കാവുന്നതാണ്. പവര്‍പ്ലേ ഓവറുകളിലെ ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ മുതലെടുത്ത് അതിവേഗം റണ്‍സ് അടിച്ചെടുക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്.
മാത്രമല്ല വലംകൈ- ഇടംകൈ കോമ്പിനേഷനെന്ന പരീക്ഷിച്ചു വിജയിച്ച ഓപ്പണിങ് കോമ്പിനേഷനുമായി രോഹിത്- വെങ്കടേഷ് സഖ്യം മാറുകയും ചെയ്യും. ലങ്കയ്‌ക്കെതിരേ ഈ ജോടി ക്ലിക്കായാല്‍ തുടര്‍ന്നും ഇവരെ ആശ്രയിക്കുന്നതിനെക്കുറിച്ചും ഇന്ത്യക്കു ചിന്തിക്കാവുന്നതാണ്.

ഇഷാന്‍ കിഷന്‍- റുതുരാജ് ഗെയ്ക്വാദ്
ഇന്ത്യക്കു പരീക്ഷിക്കാവുന്ന മറ്റൊരു ഓപ്പണിങ് കോമ്പിനേഷന്‍ ഇഷാന്‍ കിഷനോടൊപ്പം റുതുരാജ് ഗെയ്ക്വാദിനെ കളിപ്പിച്ചു നോക്കാമെന്നതാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാം ടി20യില്‍ ഇവരെ ഇന്ത്യ പരീക്ഷിച്ചിരുന്നെങ്കിലും ഫ്‌ളോപ്പായിരുന്നു. പക്ഷെ ഇതിന്റെ മാത്രം പേരില്‍ ഈ സഖ്യത്തെ വിലയിരുത്താന്‍ സാധിക്കില്ല. അന്നു റുതുരാജിനു വെറും നാലു റണ്‍സ് മാത്രമാണ് നേടാനായത്. എങ്കിലും കഴിവ് തെളിയിക്കാന്‍ റുതുരാജിന് ഇന്ത്യ തുടര്‍ച്ചയായി കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്. കാരണം ഏറെ പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളിലൊരാളാണ് അദ്ദേഹം.

കഴിഞ്ഞ ഐപിഎല്ലില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയായികുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണര്‍ കൂടിയായ റുതുരാജ് ഗെയ്ക്വാദ്. 635 വാരിക്കൂട്ടിയ അദ്ദേഹം സിഎസ്‌കെയെ നാലാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഐപിഎല്ലിനു ശേഷം ആഭ്യന്തര ക്രിക്കറ്റിലും റുതുരാജ് തകര്‍പ്പന്‍ ഫോം തുടര്‍ന്നു. വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും താരം സെഞ്ച്വറിയടിച്ചിരുന്നു.


Click it and Unblock the Notifications











