
രോഹിത്, ഇഷാന്‍ (ഓപ്പണര്‍മാര്‍)
വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ ഇഷാന്‍ കിഷന്‍- റുതുരാജ് ഗെയ്ക്വാദ് എന്നിവരെ ഓപ്പണര്‍മാരാക്കി ഇന്ത്യയൊരു പരീക്ഷണം നടത്തിയെങ്കിലും ഇതു വന്‍ പരാജയമായി മാറിയിരുന്നു. രോഹിത് ശര്‍മ നാലാം നമ്പറിലായിരുന്നു ബാറ്റ് ചെയ്തത്.
ശ്രീലങ്കയ്‌ക്കെതിരേ വീണ്ടും രോഹിത്- ഇഷാന്‍ സഖ്യം തന്നെ ഓപ്പണിങിലേക്കു തിരിച്ചെത്താനാണ് സാധ്യത. ഇതോടെ റുതുരാജിനു വഴിമാറിക്കൊടുക്കേണ്ടി വന്നേക്കും. കഴിഞ്ഞ പരമ്പരയില്‍ ഇഷാന്റെ ബാറ്റിങ് പതിവുശൈലിയിലായിരുന്നില്ല. പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങായിരുന്നു താരം കാഴ്ചവച്ചത്. ലങ്കയ്‌ക്കെതിരേ ഇഷാന്‍ തന്റെ സ്വതസിദ്ധമായ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ശ്രേയസ്, സഞ്ജു, സൂര്യ (മധ്യനിര)
പുതിയൊരു മധ്യനിരയെയായിരിക്കും ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ പരീക്ഷിച്ചേക്കുക. വിരാട് കോലിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ പൊസിഷനായ മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരായിരിക്കും ഇറങ്ങുക. നേരത്തേ വിന്‍ഡീസിനെതിരായ അവസാന ടി20യിലും താരം ഈ പൊസിഷനിലാണ് ബാറ്റ് ചെയ്ത്. നാലാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും. അഞ്ചാം നമ്പറില്‍ പതിവുപോലെ സൂര്യകുമാര്‍ യാജവായിരിക്കും കളിക്കുക.
കോലിയുടെ ബാക്കപ്പായി ശ്രേയസിനെ വളര്‍ത്തിക്കൊണ്ടുവരാനാണ് ടീം മാനേജ്‌മെന്റിന്റെ ശ്രമം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പൊസിഷനില്‍ താരത്തിനു എത്ര മാത്രം തിളങ്ങാനാവുമെന്നു ഈ പരമ്പരയില്‍ ഇന്ത്യ പരീക്ഷിച്ചേക്കും. നേരത്തേ നടന്ന വിന്‍ഡീസിനെതിരായ കളിയില്‍ മൂന്നാമനായെത്തി മോശമല്ലാത്ത ബാറ്റിങായിരുന്നു ശ്രേയസ് കാഴ്ചവച്ചത്.

ഇഷാനും വിക്കറ്റ് കീപ്പറായി ടീമിലുണ്ടെങ്കിലും സഞ്ജുവിന് മുന്‍തൂക്കം ലഭിച്ചേക്കുമെന്നാണ് വിവരം. നേരത്തേ ടീം പ്രഖ്യാപന വേളയില്‍ റിഷഭ് പന്തിന്റെ ബാക്കപ്പ് കീപ്പറായി സഞ്ജുവിനെയാണ് കണ്ടുവച്ചിരിക്കുന്നതെന്നു മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ വ്യക്തമാക്കുകയും ചെയ്തിരുന്നു. വിന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ റിഷഭ് വിക്കറ്റ് കാക്കുകയും മറ്റൊുരു വിക്കറ്റ് കീപ്പറായ ഇഷാന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കുകയും ചെയ്തിരുന്നു. ലങ്കയ്‌ക്കെതിരേയും രണ്ടു വിക്കറ്റ് കീപ്പര്‍മാരെ ഇന്ത്യ ഒരുമിച്ച് കളിപ്പിക്കാന്‍ സാധ്യത കൂടുതലാണ്.

അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന്റെ സ്ഥാനത്തിനു നിലവില്‍ മറ്റൊരു അവകാശിയില്ല. ഈ പൊസിഷനില്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ അദ്ദേഹം തന്റെ സ്ഥാനമുറപ്പാക്കിക്കഴിഞ്ഞു. വിന്‍ഡീസിനെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയായ സൂര്യ പ്ലെയര്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച ഫോമിലുള്ള അദ്ദേഹം ലങ്കയ്‌ക്കെതിരേയും ഇതു തുടരാമെന്ന ആത്മവിശ്വാസത്തിലാണ്.

വെങ്കടേഷ്, ജഡേജ (ഓള്‍റൗണ്ടര്‍മാര്‍)
ആദ്യ ടി20യില്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍മാര്‍ വെങ്കടേഷ് അയ്യരും രവീന്ദ്ര ജഡേജയുമായിരിക്കും. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റൗണ്ടറായി മാറിയ വെങ്കടേഷ് മികച്ച പ്രകടനങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. വിന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. 184 സ്‌ട്രൈക്ക്
റേറ്റോടെ 92 റണ്‍സെടുത്ത വെങ്കടേഷ് ഫിനിറുടെ റോള്‍ ഭംഗിയായി നിറവേറ്റിയിരുന്നു.

അതേസമയം, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മടങ്ങിവരവ് ഇന്ത്യയുടെ കൂടുതല്‍ കരുത്തരാക്കിയിരിക്കുയാണ്. പരിക്കു കാരണം കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനവും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരകളുമെല്ലാം നഷ്ടമായ ജഡ്ഡു ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടു്ന്നത്. ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരം കൂടുതല്‍ ശക്തമായതിനാല്‍ അദ്ദേഹത്തിനു ഈ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടതുണ്ട്. ബാറ്റിങിനൊപ്പം ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം ഒരുപോലെ ഇംപാക്ടുണ്ടാക്കാന്‍ ജഡേജയ്ക്കു കഴിയും.

ഭുവി, ഹര്‍ഷല്‍, ബുംറ, ചാഹല്‍ (ബൗളര്‍മാര്‍)
ബൗളര്‍മാരിലേക്കു വന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവാണ് ഏറ്റവും ശ്രദ്ധേയം. അദ്ദേഹത്തിനൊപ്പം പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരായിരിക്കും പേസ് ബൗളിങ് കൈകാര്യം ചെയ്യുക. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുസ്വേന്ദ്ര ചാഹലും കളിക്കും.വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരകളില്‍ വിശ്രമമനുവദിക്കപ്പെട്ട ബുംറയുടെ തിരിച്ചുവരവ് ഇന്ത്യന്‍ പേസാക്രമണത്തിന്റെ മൂര്‍ച്ച കൂട്ടും.

ഭുവിയാവട്ടെ വിന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരയിലെ ആദ്യ രണ്ടു ടി20കളികലും കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. പഴയ താളത്തിലേക്കു മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ കഴിഞ്ഞ പരമ്പരയില്‍ അദ്ദേഹം നല്‍കിയിരുന്നു. ഇതു തീര്‍ച്ചയായും ഇന്ത്യയെ സംബന്ധിച്ച് ശുഭസൂചന തന്നെയാണ്.

ഹര്‍ഷലിന്റെ കാര്യമെടുത്താല്‍ ഇതുവരെ രണ്ടു പരമ്പരകള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും വളരെ അനുഭവസമ്പത്തുള്ള ഒരു താരത്തിന്റേതു പോലെയാണ് അദ്ദേഹത്തിന്റെ പ്രകടനം. വിന്‍ഡീസുമായുള്ള അവസാന ടി20യില്‍ മൂന്നു വിക്കറ്റുകളുമായി ഹര്‍ഷല്‍ തിളങ്ങിയിരുന്നു. ബാറ്റിങിലും ടീമിനു വേണ്ടി സംഭാവന ചെയ്യാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം,

ചാഹല്‍ ടീമിലെ പ്രധാന സ്പിന്നറായി മാറുന്നതോടെ കഴിഞ്ഞ പരമ്പരയില്‍ അരങ്ങേറിയ യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്ക്ക് വഴിമാറിക്കൊടുക്കേണ്ടി വരും. ചാഹലും ജഡേജയും ചേര്‍ന്നായിരിക്കും ലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ സ്പിന്‍ വിബാഗം കൈകാര്യം ചെയ്യുക.

ഇന്ത്യയുടെ ടി20 ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.


Click it and Unblock the Notifications