IND vs SL: ലങ്ക ചെറിയ മീനല്ല, ഇന്ത്യ ഏറ്റവും ഭയക്കേണ്ടത് മൂന്നുപേരെ!
രോഹിത് ശര്‍മയ്ക്കു കീഴില്‍ വിജയക്കുതിപ്പ് തുടുന്ന ഇന്ത്യ ടീം തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പര നേട്ടം ലക്ഷ്യമിട്ടാണ് ശ്രീലങ്കയുമായി ഏറ്റുമുട്ടുന്നത്. കരുത്തുറ്റ നിരയെയാണ് ഇന്ത്യ പരമ്പരയില്‍ അണിനിരത്തുന്നതെങ്കില്‍ മറുഭാഗത്ത് ദസുന്‍ ഷനകയുടേത് യുവനിരയാണ്. സുവര്‍ണ തലമുറ പടിയിറങ്ങിയ ശേഷം ലങ്കന്‍ ക്രിക്കറ്റ് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. ലങ്കന്‍ ക്രിക്കറ്റിനെ പഴയ ഉയരങ്ങളിലെത്താന്‍ ശേഷിയുള്ള ഒരുപിടി യുവതാരങ്ങള്‍ അവരുടെ സംഘത്തിലുമുണ്ട്.
മഹേല ജയവര്‍ധനെയും കുമാര്‍ സങ്കക്കാരയും മുത്തയ്യ മുരളീധരനുമടക്കമുള്ള ഇതിഹാസ താരങ്ങളുള്‍പ്പെട്ട പഴയ ലങ്കന്‍ ടീമിനോളം അപകടകാരികളല്ലെങ്കിലും പുതിയ ലുക്കിലുള്ള അവരെ ഇന്ത്യ വില കുറച്ചു കാണുന്നത് അബദ്ധമായേക്കും. ടി20 പരമ്പരയില്‍ ഇന്ത്യക്കു ഭീഷണിയുയര്‍ത്താന്‍ സാധിക്കുന്ന ചില താരങ്ങള്‍ ലങ്കന്‍ സംഘത്തിലുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

പതും നിസങ്ക
ശ്രീലങ്കയുടെ യുവ ഓപ്പണിങ് ബാറ്ററാണ് പതും നിസങ്ക. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലങ്കന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് ഈ വലംകൈയന്‍ ബാറ്റര്‍. ഓസ്‌ട്രേലിയക്കെതിരേ അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ടോപ്‌സ്‌കോററായ ശേഷമാണ് നിസങ്ക ഇന്ത്യയിലെത്തിയിരിക്കുന്നത്. ഓസീസിനെതിരേ 184 റണ്‍സോടെയാണ് താരം ടോപ്‌സ്‌കോററായത്.
ലങ്കയ്ക്കു വേണ്ടി ഇതുവരെ 16 ഇന്നിങ്‌സുകളില്‍ നിന്നും 30.37 ശരാശരിയ്ല്‍ 486 റണ്‍സ് നിസങ്ക നേടിയിട്ടുണ്ട്. പലപ്പോഴും ലങ്കയ്ക്കായി ആങ്കര്‍ റോളിലാണ് താരം തിളങ്ങാറുള്ളത്. ഇതു മറ്റു താരങ്ങളെ കൂടുതല്‍ ആക്രമിച്ചു കളിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യക്കെതിരേ മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കണമെങ്കില്‍ നിസങ്ക തന്റെ സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തേണ്ടതുണ്ട്. നിലവില്‍ 117 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ദുഷ്മന്ത ചമീര
ശ്രീലങ്കന്‍ ടീമില്‍ കഴിഞ്ഞ 15 മാസത്തിനിടെ ഏറ്റവുമധികം മെച്ചപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള ബൗളര്‍മാരില്‍ ഒരാളാണ് ദുഷ്മന്ത ചമീര. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 7.65 ഇക്കോണമി റേറ്റില്‍ താരം ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. മികച്ച വേഗതയും പന്തില്‍മേലുള്ള നിയന്ത്രണവും താരത്തെ അപകടകാരിയാക്കി മാറ്റുന്നു.
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി കളിക്കാനൊരുങ്ങുകയാണ് ചമീര. അടുത്തിടെ നടന്ന മെഗാ ലേലത്തില്‍ രണ്ടു കോടി രൂപയ്ക്കാണ് താരത്തെ ലഖ്‌നൗ വാങ്ങിയത്. ടി20 കരിയറെടുത്താല്‍ ചമീര 7.86 ഇക്കോണമി റേറ്റില്‍ 43 വിക്കറ്റുകളാണ് ഇതുവരെ നേടിയത്.
ഇന്ത്യക്കെതിരേ ന്യൂ ബോളിലും ഡെത്ത് ഓവറിലും ലങ്കയുടെ നിര്‍ണായക താരങ്ങളിലൊരാളാണ് ചമീര. താരത്തിന്റെ ബൗളിങ് വേരിയേഷനുകളെ ഇന്ത്യ സൂക്ഷിക്കേണ്ടതുണ്ട്.

ദിനേഷ് ചണ്ഡിമല്‍
മുന്‍ ക്യാപ്റ്റനും പരിചയസമ്പന്നനായ വിക്കറ്റ് കീപ്പറുമായ ദിനേഷ് ചണ്ഡിമലാണ് ടി20 പരമ്പരയില്‍ ഇന്ത്യ സൂക്ഷിക്കേണ്ട മറ്റൊരു താരം. ചില മല്‍സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്താറുണ്ടെങ്കിലും മറ്റു ചിലതില്‍ ഫ്‌ളോപ്പാവുന്നതാണ് ചണ്ഡിമലിന്റെ ഏറ്റവും വലിയ പോരായ്മ. ഈ കാരണത്താല്‍ ഒരു ഫോര്‍മാറ്റിലും ലങ്കന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇന്ത്യക്കെതിരേ മികച്ച പ്രകടനം കാഴ്ചവച്ച് വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലേക്കു തന്റെ സ്ഥാനത്തിനായി അവകാശവാദമുന്നയിക്കാനിയിരിക്കും ചണ്ഡിമലിന്റെ ശ്രമം.
കരിയറില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലുള്‍പ്പെടെ 159 ടി20 മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. 119 സ്‌ട്രൈക്ക് റേറ്റോടെ 3745 റണ്‍സാണ് ചണ്ഡിമലിന്റെ സമ്പാദ്യം. അന്താരാഷ്ട്ര ടി20യില്‍ 65 മല്‍സരങ്ങളില്‍ നിന്നായി 1021 റണ്‍സ് താരം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications