IND vs SL: ഹിറ്റ്മാന്റെ ക്യാപ്റ്റന്‍സി മോശമാകുന്നോ?, രണ്ട് കാര്യങ്ങളുണ്ട്!, വിലയിരുത്തി ഇര്‍ഫാന്‍

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ അനായാസം കപ്പിലേക്കെത്തുമെന്നാണ് ടീം പ്രഖ്യാപനത്തിന് പിന്നാലെ തോന്നിയത്. എന്നാല്‍ ടൂര്‍ണമെന്റ് മുന്നേറുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് വേണം കരുതാന്‍. സൂപ്പര്‍ ഫോറില്‍ ഇന്ത്യ പാകിസ്താനോട് അഞ്ച് വിക്കറ്റിന് തോറ്റതോടെ ഫൈനല്‍ സീറ്റ് നേടുക പ്രയാസമായിരിക്കുകയാണെന്ന് പറയാം. ഇന്ന് ശ്രീലങ്കയോട് പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിക്കും. അതുകൊണ്ട് തന്നെ ഇന്ത്യക്ക് എന്ത് വിലകൊടുത്തും ജയിക്കേണ്ടതായുണ്ട്.
പാകിസ്താനെതിരേ 181 റണ്‍സ് നേടിയിട്ടും ഇന്ത്യക്ക് പ്രതിരോധിക്കാനായില്ലെന്നത് വളരെ നിരാശപ്പെടുത്തുന്ന കാര്യമാണ്. ഇന്ത്യയുടെ ബൗളിങ് കരുത്തിന്റെ ദൗര്‍ബല്യം ചൂണ്ടിക്കാട്ടുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഇത്. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു. പാകിസ്താനെതിരേ ഇന്ത്യയുടെ തോല്‍വി ആരാധകരെ വളരെയധികം നിരാശരാക്കിയെന്ന് തന്നെ പറയാം.

അതുകൊണ്ട് തന്നെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലെ നീക്കങ്ങള്‍ക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു. ഇപ്പോഴിതാ രോഹിത്തിന്റെ നിലവിലെ ക്യാപ്റ്റന്‍സി വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. 'ഒരു ക്യാപ്റ്റന്‍ രണ്ട് തരത്തില്‍ പരീക്ഷിക്കപ്പെടും. പ്രത്യേകിച്ച് ബൗളര്‍മാരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്‍. ബൗളര്‍മാര്‍ അനുഭവസമ്പത്ത് കുറവുള്ളവരാവുകയും റണ്‍സ് പ്രതിരോധിക്കുകയും ചെയ്യുമ്പോള്‍ ക്യാപ്റ്റന് എളുപ്പമല്ല.
രോഹിത് ശര്‍മ മികച്ച നായകനാണ്. ബൗളര്‍മാരെ അവന്‍ നന്നായി ഉപയോഗിക്കുന്നു. ഏത് സമയത്ത് ഏത് ബൗളര്‍ വേണമെന്ന് അവന് നന്നായി അറിയാം. ബിഷ്‌നോയിയെ പവര്‍പ്ലേയില്‍ നന്നായി ഉപയോഗിച്ചു. ബിഷ്‌നോയ് സാധാരണ ലെഗ് സ്പിന്നര്‍മാരെക്കാള്‍ വ്യത്യസ്തനാണ്. അവന്റെ ബൗളിങ്ങിനെ മനസിലാക്കാന്‍ പാകിസ്താന്‍ പ്രയാസപ്പെട്ടു. ആദ്യ 2 ഓവറില്‍ 8 റണ്‍സാണ് അവന്‍ വഴങ്ങിയത്'-ഇര്‍ഫാന്‍ പറഞ്ഞു.
ASIA CUP: പാകിസ്താനോട് തോറ്റു, ഇന്ത്യക്ക് ഇനി എങ്ങനെ ഫൈനലിലെത്താം?, പരിശോധിക്കാം

പാകിസ്താനെതിരേ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ ബൗളര്‍ ബിഷ്‌നോയിയാണ്. 6.25 ഇക്കോണമിയിലാണ് ബിഷ്‌നോയി പന്തെറിഞ്ഞത്. 26 റണ്‍സ് വിട്ടുകൊടുത്ത താരം ബാബര്‍ അസമിന്റെ വിക്കറ്റും നേടിയെടുത്തു. പാകിസ്താനെതിരേ രോഹിത്തിന്റെ കണക്കുകൂട്ടല്‍ കൃത്യമായിരുന്നു. എന്നാല്‍ അര്‍ഷദീപ് സിങ് ആസിഫ് അലിയുടെ ക്യാച്ച് കൈവിട്ടതും സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ 19ാം ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്തതും തിരിച്ചടിയായി. ഇത് രോഹിത്തിന്റെ ക്യാപ്റ്റന്‍സി പിഴവാണെന്ന് പറയാനാവില്ല.

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ് പ്രതീക്ഷിക്കാമെന്നാണ് ഇര്‍ഫാന്‍ പ്രതീക്ഷ പങ്കുവെച്ചത്. 'രോഹിത് ശര്‍മ ടീമിനെ നന്നായി കൊണ്ടുപോകുന്നു. ശ്രീലങ്കയ്‌ക്കെതിരേ ശക്തമായി തിരിച്ചെത്തും. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ ഇതിലും മികച്ച പ്രകടനം ഇന്ത്യ നടത്തേണ്ടതായുണ്ട്. ബൗളിങ് നിര തീര്‍ച്ചയായും മെച്ചപ്പെടണം.

പാകിസ്താനെതിരേ ആദ്യ 10 ഓവര്‍ ഇന്ത്യ നന്നായി പന്തെറിഞ്ഞു. പിന്നീടാണ് കളി കൈവിട്ടത്. വിരാട് കോലി ഫോമിലേക്കെത്തിയത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. രോഹിത്തും രാഹുലും പാകിസ്താനെതിരേ ആക്രമിച്ച് തുടങ്ങിയത് മികച്ച നീക്കമാണ്. വലിയ ആത്മവിശ്വാസത്തെ ബാറ്റുവീശാന്‍ കോലിക്ക് സാധിക്കുന്നു. താരം ഈ ഫോം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്'-ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ബൗളിങ് നിരയിലെ ദൗര്‍ബല്യം വസ്തുതയാണ്. എന്നാല്‍ ഇതിനെ മറികടക്കാനുള്ള കരുത്ത് ബാറ്റിങ് നിരക്കുണ്ട്. പക്ഷെ വേണ്ടവിധം ഇത് ഉപയോഗിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്ന് പറയാം. നിര്‍ണ്ണായക മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവര്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications