പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റിന് 161 റണ്‍സെടുത്തു. മറുപടിക്ക് ഇന്ത്യ ഇറങ്ങിയതിന് പിന്നാലെ മഴയെത്തിയതോടെ ഇന്ത്യയുടെ വിജയ ലക്ഷ്യം 8 ഓവറില്‍ 78 റണ്‍സാക്കി പുനര്‍ നിശ്ചയിച്ചു.
6.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. യശ്വസി ജയ്‌സ്വാള്‍ (30) സൂര്യകുമാര്‍ യാദവ് (26), ഹാര്‍ദിക് പാണ്ഡ്യ (22*) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചില്ല. സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ് പുറത്തായി. 11 പന്തില്‍ 10 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിനെ അര്‍ഷ്ദീപ് സിങ്ങാണ് പുറത്താക്കിയത്.
സ്ലോ ഷോര്‍ട്ട് ബോള്‍ കെണിയില്‍ കുശാല്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കുശാല്‍ പെരേരയും പതും നിസങ്കയും ചേര്‍ന്ന് റണ്‍സുയര്‍ത്തി. സ്‌കോര്‍ബോര്‍ഡ് 80ല്‍ നില്‍ക്കവെ പതും നിസങ്കയെ രവി ബിഷ്‌നോയി പുറത്താക്കി.
24 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 32 റണ്‍സെടുത്ത നിസങ്കയെ ബിഷ്‌നോയ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഒരുവശത്ത് കുശാല്‍ പെരേര റണ്‍സുയര്‍ത്തിയപ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ വീണു.
കമിന്‍ഡു മെന്‍ഡിസ് 23 പന്തില്‍ നാല് ഫോറടക്കം 26 റണ്‍സില്‍ നില്‍ക്കവെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. ഇതേ ഓവറില്‍ കുശാല്‍ മെന്‍ഡിസിനേയും ഹാര്‍ദിക് മടക്കി. 34 പന്തില്‍ 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 53 റണ്‍സെടുത്താണ് കുശാല്‍ പെരേര പുറത്തായത്.
രണ്ടാം മത്സരത്തിലും ശ്രീലങ്കയുടെ മധ്യനിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തു. ദസുന്‍ ഷനകയെ രവി ബിഷ്‌നോയി ഗോള്‍ഡന്‍ ഡെക്കാക്കി. വനിന്‍ഡു ഹസരങ്കയേയും ബിഷ്‌നോയ് ഗോള്‍ഡന്‍ ഡെക്കാക്കി.
രമേഷ് മെന്‍ഡിസ് 10 പന്തില്‍ 12 റണ്‍സെടുത്താണ് കളം വിട്ടത്. നായകന്‍ ചരിത് അസലന്‍കയെ (14) അര്‍ഷ്ദീപ് സിങ് മടക്കിയപ്പോള്‍ മഹേഷ് തീക്ഷണയെ (2) അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡാക്കി. മതീശ പതിരാന 1 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ഇതോടെ 20 ഓവറില്‍ 9ന് 161 എന്ന സ്‌കോറിലേക്ക് ശ്രീലങ്ക ഒതുങ്ങി. 30 പന്തില്‍ 31 റണ്‍സിനിടെയാണ് ശ്രീലങ്കയുടെ അവസാന ഏഴ് വിക്കറ്റുകള്‍ നഷ്ടമായതെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യക്കായി രവി ബിഷ്‌നോയ് മൂന്നും അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകളും പങ്കിട്ടു.
മറുപടിക്കിറങ്ങിയ ഇന്ത്യ ബാറ്റ് ചെയ്ത് മൂന്ന് പന്ത് ആയപ്പോഴേക്കും ശക്തമായ മഴയെത്തി. ഇതോടെ എട്ട് ഓവറില്‍ 78 റണ്‍സാക്കി ഇന്ത്യയുടെ വിജയലക്ഷ്യം പുനര്‍ നിശ്ചയിച്ചു.

ആദ്യ ഓവറില്‍ യശ്വസി ജയ്‌സ്വാള്‍ 12 റണ്‍സ് നേടി. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡെക്കായി. മഹേഷ് തീക്ഷണ സഞ്ജുവിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.
നായകന്‍ സൂര്യകുമാര്‍ യാദവ് 12 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 26 റണ്‍സുമായി അടിത്തറ പാകി മടങ്ങി. യശ്വസി ജയ്‌സ്വാളും മികച്ചൊരു കാമിയോ കാഴ്ചവെച്ച് പുറത്തായി. 15 പന്തില്‍ 3 ഫോറും 2 സിക്‌സുമടക്കം 30 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്.
പിന്നീട് നാലാം നമ്പറിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. റിഷഭ് പന്തും പുറത്താവാതെ നിന്നു. ഹാര്‍ദിക് 9 പന്തില്‍ 3 ഫോറും 1 സിക്‌സും പറത്തിയപ്പോള്‍ റിഷഭ് 2 റണ്‍സോടെ പുറത്താവാതെ നിന്നു.
പ്ലേയിങ് 11: ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (c) റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്
ശ്രീലങ്ക: പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, കമിന്‍ഡു മെന്‍ഡിസ്, ചരിത് അസലന്‍ക (c), ദസുന്‍ ഷനക, വനിന്‍ഡു ഹസരങ്ക, മഹേഷ് തീക്ഷണ, മതീശ പതിരാന, അസിത ഫെര്‍ണാണ്ടോ, രമേഷ് മെന്‍ഡിസ്