
സഞ്ജു സാംസണിനു തീര്‍ച്ചയായും രഴിവുണ്ട്. ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനങ്ങള്‍ കാണുന്നവരെ പലപ്പോഴും ഹരം കൊള്ളിച്ചിട്ടുണ്ട്. വിജയിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ട്. ഒരു ഗെയിമിനെ സംബന്ധിച്ചുള്ള ഏറ്റവും വലിയ പോയിന്റ് അതാണ്. കഴിവും പ്രതിഭയുമുള്ള ഒരുപാട് പേരുണ്ട്, പക്ഷെ അതു നിങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നാണ് ഏറ്റവും നിര്‍ണായകമായ കാര്യമെന്നും ആദ്യ ടി20ക്കു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ശര്‍മ വ്യക്തമാക്കി.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജുവിന് ഇതുവരെ ഇതാവര്‍ത്തിക്കാനായിട്ടില്ല. കളിച്ച മല്‍സരങ്ങളിലെല്ലാം അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി തീര്‍ന്നിരുന്നു.
ഇന്ത്യക്കു വേണ്ടി ഇതുവരെ 10 ടി20കളിലാണ് സഞ്ജു കളിച്ചിട്ടുള്ളത്. 11.70 എന്ന ദയനീയ ശരാശരിയില്‍ 117 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. 2015ല്‍ താരം ദേശീയ ടീമിനായി അരങ്ങറിയിരുന്നു. പക്ഷെ വല്ലപ്പോഴും മാത്രം ടീമില്‍ വന്നുപോവുന്ന അതിഥിയെപ്പോലെയാണ് അദ്ദേഹം.

തന്റെ കഴിവ് എങ്ങനെ ഉപയോഗിക്കണമെന്നും അത് എങ്ങനെ പരമാവധിയാക്കണമെന്നും ചിന്തിക്കേണ്ടതും അതിനായി ശ്രമിക്കേണ്ടതും സഞ്ജു സാംസണാണ്. കാരണം ടീം മാനേജ്‌മെന്റെന്ന നിലയില്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ ഒരുപാട് കഴിവ് കാണുന്നുണ്ട്. അവസരം ലഭിക്കുമ്പോഴെല്ലാം സഞ്ജുവിന് ഈ ആത്മവിശ്വാസം നല്‍കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

അദ്ദേഹം തീര്‍ച്ചയായും ടീം മാനേജ്‌മെന്റിന്റെ പരിഗണനയിലുണ്ട്. അതുകൊണ്ടു തന്നെയാണ് ടീമിന്റെ ഭാഗമായിരിക്കുന്നത്. സഞ്ജുവിന്റെ ബാക്ക് ഫൂട്ട് പ്ലേ ഗംഭീരമാണ്. ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുമ്പോള്‍ നിങ്ങള്‍ക്കു ഇങ്ങനെയൊരു കഴിവ് കൂടിയേ തീരൂ, സഞ്ജുവിന് അതുണ്ട്. തന്റെ കഴിവ് അവന്‍ പ്രയോജനപ്പെടുത്തുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായും രോഹിത് ശര്‍മ പ്രതീക്ഷിക്കുന്നുണ്ട്.

ഓസ്‌ട്രേലിയയിലാണ് ഈ വര്‍ഷം ഒക്ടോബറില്‍ ഐസിസിയുടെ ടി20 ലോകകപ്പ് നടക്കുന്നത്. ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ബാറ്റിങില്‍ തിളങ്ങിയാല്‍ ലോകകപ്പ് ടീമിലേക്കു പരിഗണിക്കുമെന്ന സൂചന കൂടിയാണ് താരത്തിന്റെ ബാക്ക്ഫൂട്ട് ഷോട്ടിനെ പ്രശംസിച്ചു കൊണ്ട് രോഹിത് സൂചിപ്പിച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെയും നായകനായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ ബഹുമതിയായാണ് കാണുന്നതെന്നു രോഹിത് ശര്‍മ പ്രതികരിച്ചു. ശ്രീലങ്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് അദ്ദേഹം ടീമിനെ നയിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം വിരാട് കോലി തികച്ചും അപ്രതീക്ഷിതമായി നായകസ്ഥാനമൊഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യക്കു പുതിയ ക്യാപ്റ്റനെ തിരയേണ്ടി വന്നത്.

മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിനെ നയിക്കുകയെന്നത് വലിയ ബഹുമതി തന്നെയാണ്. ഒരുപാട് വെല്ലുവിളികളാണ് മുന്നിലുള്ളത്. ക്യാപ്റ്റനായി ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഞങ്ങളുടെ സംഘത്തില്‍ മികച്ച താരങ്ങളുണ്ട്. അതുകൊണ്ടു ടീമിനെ നയിക്കുന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും രോഹിത് പറഞ്ഞു.

ഇന്ത്യയുടെ ടി20 ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.


Click it and Unblock the Notifications











