IND vs SL: ലങ്കാദഹനത്തിന് ഹിറ്റ്മാന്റെ ടീം ഇന്ത്യ തയ്യാര്‍- ആദ്യ ടി20 പ്രിവ്യു, സാധ്യതാ ടീം
ലഖ്‌നൗ: പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ സ്വപ്‌നതുല്യമായ പടയോട്ടം തുടരുന്ന ഇന്ത്യന്‍ ടീം വീണ്ടുമൊരു പരമ്പര തേടിയിറങ്ങുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കമാവും. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം. ശേഷിച്ച രണ്ടു മല്‍സരങ്ങളും ധര്‍മശാലയിലാണ്. ശനി, ഞായര്‍ ദിവസങ്ങളിലണ് പരമ്പരയിലെ രണ്ടും മൂന്നും ടി20കള്‍. ദസുന്‍ ഷനകയ്ക്കു കീഴിലാണ് ലങ്കന്‍ ടീം ഇന്ത്യയുമായി പോരടിക്കുക.
രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. ടോസ് വൈകീട്ട് 6.30ന് നടക്കും. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്ററാറിലും തല്‍സമയം സംപ്രേക്ഷണം ചെയ്യും.

രോഹിത് ശര്‍മയ്ക്കു കീഴില്‍ തുടര്‍ച്ചയായ നാലാമത്തെ തൂത്തുവാരലാണ് ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. കഴിഞ്ഞ നവംബറിലാണ് വിരാട് കോലിക്കു പകരം അദ്ദേഹം സ്ഥിരം ക്യാപ്റ്റനായി മാറിയത്. അതിനു ശേഷം കളിച്ച മൂന്നു പരമ്പരകളിലും രോഹിത്തിനു കീഴില്‍ എതിരാളികളെ തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു. ന്യൂസിലാന്‍ഡിനെകതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിക്കൊണ്ടാണ് സ്ഥിരം നായകനായായുള്ള തുടക്കം ഹിറ്റ്മാന്‍ ആഘോഷിച്ചത്.

പക്ഷെ പരിക്കു കാരണം സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നിന്നും രോഹിത്തിനു വിട്ടുനില്‍ക്കേണ്ടി വന്നു. ഈ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ നിശ്ചിത ഓവര്‍ പരമ്പരയിലാണ് രോഹിത് ടീമില്‍ തിരിച്ചെത്തിയത്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരി അദ്ദേഹം ടീമിനെ വീണ്ടും വിജയത്തിന്റെ ട്രാക്കിലെത്തിക്കുകയും ചെയ്തു. അതിനു ശേഷമാണ് മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പയിലും വിന്‍ഡീസിനെ ഇന്ത്യ തൂത്തുവാരിയത്.

കണക്കുകളിലേക്കു വന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേ ടി20യില്‍ മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. ഇതുവരെ 22 മല്‍സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 14ലും വിജയം ഇന്ത്യക്കായിരുന്നു. ഏഴു കളികളിലാണ് ലങ്കയ്ക്കു വിജയിക്കാനായത്. ഒരു ടി20 ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 17 ടി20 പരമ്പരകളിലാണ് ഇന്ത്യയും ലങ്കയും കളിച്ചത്. ഇതില്‍ 10ലും ഇന്ത്യ ജേതക്കളായി. രണ്ടു പരമ്പരകളില്‍ ലങ്കയാണ് വിജയികളായത്. അഞ്ചു പരമ്പരകള്‍ സമനിലയാവുകയും ചെയ്തു.

അവസാനമായി കഴിഞ്ഞ വര്‍ഷം ശിഖര്‍ ധവാനു കീഴില്‍ ലങ്കയില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം മൂന്നു ടി20കളുടെ പരമ്പര കളിച്ചിരുന്നു. അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പര ലങ്ക 2-1നു കൈക്കലാക്കിയിരുന്നു. അന്നത്തെ തോല്‍വിക്കു സ്വന്തം നാട്ടില്‍ കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഇന്ത്യക്കു ഇത്തവണ ലഭിച്ചിരിക്കുന്നത്.

ലഖ്‌നൗവിലെ പിച്ചിലേക്കു വന്നാല്‍ ഇവിടെ ഇതുവരെ നാലു ടി20 മല്‍സരങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ടീമാണ് നാലു മല്‍സരങ്ങളിലും ഇവിടെ വിജയിച്ചിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്ത ശേഷം ഈ ഗ്രൗണ്ടിലെ ശരാശരി സ്‌കോര്‍ 166 റണ്‍സാണ്. ഈ ഗ്രൗണ്ടില്‍ ഉയര്‍ന്ന സ്‌കോര്‍ 195 റണ്‍സുമാണ്. ഇന്ത്യയാണ് ഇവിടെ രണ്ടു വിക്കറ്റിനു 195 റണ്‍സ് ഇവിടെ നേടിയത്.

സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ.
ശ്രീലങ്ക- പതും നിസങ്ക, ധനുഷ്‌ക ഗുണതിലക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലെന്‍ക, ദിനേഷ് ചാണ്ഡിമല്‍ (വിക്കറ്റ് കീപ്പര്‍), ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, മഹീഷ് തിക്ഷണ, ബിനുര ഫെര്‍ണാണ്ടോ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications