
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കു പിന്നാലെ ഇന്ത്യയോടു മുട്ടാന്‍ അയല്‍ക്കാരായ ശ്രീലങ്കയെത്തും. ഈ മാസം അവസാനത്തോടെയാണ് ലങ്കന്‍ ടീം ഇന്ത്യയിലേക്കു വരുന്നത്. ഷെഡ്യൂള്‍ നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ബിസിസിഐ ഇപ്പോള്‍ ഇതു പുതുക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ ലങ്കന്‍ ടീം ഓസ്ട്രലേിയന്‍ പര്യടനത്തിലാണ്. അതിനു ശേഷമായിരിക്കും അവര്‍ ഇന്ത്യയിലേക്കു പറക്കുന്നത്. ഇന്ത്യയില്‍ മൂന്നു ടി20കളിലും രണ്ടു ടെസ്റ്റുകളുമാണ് ലങ്ക കളിക്കുക. ഐപിഎല്ലിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ പരമ്പരയും ഇതു തന്നെയാണ്.
ഇന്ത്യക്കെതിരേ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് ലങ്കയ്ക്കു ആദ്യമുള്ളത്. അതിനു ശേഷമായിരിക്കും രണ്ടു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര നടക്കുക. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായിരിക്കും ഈ പരമ്പര. ഈ മാസം 24നാണ് ഇന്ത്യയും ലങ്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. ലഖ്‌നൗവിലായിരിക്കും മല്‍സരം. അടുത്ത രണ്ടു മല്‍സരങ്ങള്‍ 26, 27 തിയ്യതികളിലായി ധര്‍മശാലയിലായിരിക്കും.

മാര്‍ച്ച് നാലിനു ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവും. നാലു മുതല്‍ എട്ടു വരെ മൊഹാലിയിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 12 മുതല്‍ 16 വരെ ബെംഗളൂരുവിലും നടക്കും. ഈ ടെസ്റ്റ് പകലും രാത്രിയുമായിരിക്കും. ഇന്ത്യ സ്വന്തം നാട്ടില്‍ കളിക്കുന്ന മൂന്നാമത്തെ പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയായിരിക്കും ഇത്. നേരത്തേ 2019ല്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യ കന്നി പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിച്ചത്. അതിനു ശേഷം കഴിഞ്ഞ വര്‍ഷം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ച് ഇംഗ്ലണ്ടുമായും ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഏറ്റുമുട്ടിയിരുന്നു. രണ്ടു ടെസ്റ്റുകളിലും മികച്ച വിജയം കൊയ്യാനും ഇന്ത്യക്കായിരുന്നു. 2019ലെ ടെസ്റ്റിലായിരുന്നു വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാനത്തെ സെഞ്ച്വറിയടിച്ചത്.
ശ്രീലങ്കയ്‌ക്കെതിരേ അടുത്ത മാസം നാലിന് മൊഹാലിയില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് വിരാട് കോലിയുടെ കരിയറിലെ നൂറാമത്തെ ടെസ്റ്റ് കൂടിയായിരിക്കും. ഈ ടെസ്റ്റില്‍ ഇറങ്ങുന്നതോടെ ഇന്ത്യക്കു വേണ്ടി 100 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ എലൈറ്റ് താരങ്ങളുടെ ക്ലബ്ബില്‍ അദ്ദേഹവും അംഗമായി മാറും. നിലവില്‍ 11 പേര്‍ മാത്രമേ 100ന് മുകളില്‍ ടെസ്റ്റുകള്‍ കളിച്ചിട്ടുള്ളൂ. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷമായിരുന്നു കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത്. അതുകൊണ്ടു തന്നെ ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ പുതിയ നായകനു കീഴിലായിരിക്കും ഇന്ത്യയിറങ്ങുക. രോഹിത് ശര്‍മ തന്നെ ടെസ്റ്റിലും ടീമിനെ നയിച്ചേക്കുമെന്നാണ് സൂചനകള്‍.