
സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരമുള്ള സ്ഥലമായതിനാല്‍ സൗത്താഫ്രിക്കയില്‍ കളിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ഈ ഉയരവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞാല്‍ മാത്രമേ മികച്ച പ്രകടനം നടത്താന്‍ സാധിക്കുകയുള്ളൂ. ഏതൊരു ബൗളറും ഇവിടെയെത്തിയാല്‍ നേരിടുന്ന വെല്ലുവിളി ഇതു തന്നെയായിരിക്കും.
ഇത്തരം ഉയരം കൂടിയ സ്ഥലങ്ങളില്‍ കളിക്കുമ്പോള്‍ നിങ്ങളുടെ ഫിറ്റ്‌നസ് കൂടിയാണ് പരീക്ഷിക്കപ്പെടുന്നത്. ഇതു കൂടാതെ ഫാസ്റ്റ് ബൗളര്‍മാര്‍ സൗത്താഫ്രിക്കയില്‍ പന്തെറിയുന്നത് ശരിക്കും ആസ്വദിക്കാറുണ്ട്. കാരണം ടെസ്റ്റില്‍ അഞ്ചു ദിവസവും ഇവിടുത്തെ പിച്ചില്‍ നിന്നും അവര്‍ക്കു പ്രയോജനം ലഭിക്കും. ബൗളര്‍മാര്‍ ഈ വെല്ലുവിളി ആസ്വദിക്കുമെന്നുറപ്പുണ്ടെന്നും സഹീര്‍ നിരീക്ഷിച്ചു.

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മല്‍സരവിധി മാറ്റി മറിക്കാന്‍ മിടുക്കുള്ള ഗെയിം ചേഞ്ചിങ് ബൗളര്‍ ആരായിരിക്കുമെന്നും സഹീര്‍ ഖാന്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയായിരിക്കും അതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഷമിയുടെ വിജയം കാണുമ്പോള്‍ എനിക്കു വളരെയധികം സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ യാത്ര വിസ്മയിപ്പിക്കുന്നതായിരുന്നു. ഷമി ശരിക്കും ഗെയിം ചേഞ്ചിങ് ബൗളറാണ്. ഒരു സ്‌പെല്ലില്‍ രണ്ടോ, മൂന്നോ പ്രധാനപ്പെട്ട വിക്കറ്റുകളെടുത്ത് മല്‍സരഗതി മാറ്റി മറിക്കാന്‍ കഴിവിനെക്കുറിച്ച് ഞാന്‍ എന്നെയും മറ്റു ബൗളര്‍മാരെയും വിലയിരുത്താറുണ്ട്. ഷമിക്ക് ഈ കഴിവുണ്ട്, അതില്‍ ആശ്ചര്യവുമില്ല. നമ്മുടെ ലോകോത്തക പേസാക്രമണ നിരയിലെ പ്രധാനപ്പെട്ടയാളാണ് അദ്ദേഹമെന്നും സഹീര്‍ വിലയിരുത്തി.

മുഹമ്മദ് ഷമിയുടെ ആദ്യത്തെ സൗത്താഫ്രിക്കന്‍ പര്യടനം സഹീര്‍ ഖാന്റെ അവസാനത്തേത് കൂടിയായിരുന്നു. 2013ലായിരുന്നു ഇത്. എട്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ പേസ് ബൗളിങ് നിരയിലെ വളരെ പ്രധാനപ്പെട്ടയാളായി മാറിയിരിക്കുകയാണ് ഷമി. 2018ല്‍ ഇന്ത്യ അവസാനമായി നടത്തിയ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ഈ പരമ്പരയില്‍ ഇന്ത്യ ജയിച്ച ഏക ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനവും ഷമി കാഴ്ചവച്ചിരുന്നു. 28 റണ്‍സിനു അഞ്ചു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ അന്നു ഇന്ത്യ 1-2നു പരാജയപ്പെടുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായാണ് സഹീര്‍ ഖാന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാട്ടിലും വിദേശത്തും ഒരുപിടി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ ഇടംകൈയന്‍ പേസര്‍ക്കായിട്ടുണ്ട്. സൗത്താഫ്രിക്കയില്‍ മികച്ച റെക്കോര്‍ഡാണ് സഹീറിനു ടെസ്റ്റിലുള്ളത്. എട്ടു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം കൊയ്തത് 30 വിക്കറ്റുകളാണ്. 2013ല്‍ ജൊഹാനസ്ബര്‍ഗില്‍ 88 റണ്‍സിനു നാലും 2010ല്‍ ഡര്‍ബനില്‍ 36 റണ്‍സിന് മൂന്നും വിക്കറ്റുകളുകള്‍ സഹീര്‍ വീഴ്ത്തിയിരുന്നു. സൗത്താഫ്രിക്കയില്‍ ഒരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളറുടെ ഏറ്റവും മികച്ച രണ്ടു പ്രകടനങ്ങള്‍ കൂടിയാണിത്.


Click it and Unblock the Notifications











