ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കു പിന്നാലെ സൗത്താഫ്രിക്കന്‍ പര്യടനമാണ് അടുത്ത മാസം ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. ടി20, ഏകദിന, ടെസ്റ്റ് പരമ്പരകളാണ് സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ കളിക്കുക. മൂന്നു വീതം ടി20, ഏകദിന പരമ്പരകളും രണ്ടു ടെസ്റ്റുകളുമാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ഡിസബംര്‍ 10നു ടി20 പരമ്പരയോടെ തുടങ്ങുന്ന പര്യടനം ജനുവരി ഏഴിനു ടെസ്റ്റ് പരമ്പരയോടെ അവസാനിക്കും. ഇവയ്ക്കുള്ള ടീമുകളെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള പ്രധാനപ്പെട്ട തയ്യാറെടുപ്പുകളിലൊന്നായിട്ടാണ് ടി20 പരമ്പരയെ ഇന്ത്യ നോക്കിക്കാണുന്നത്. അതുകൊണ്ടു തന്നെ ഈ പരമ്പരയ്ക്കായി ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിക്കും മുമ്പ് രണ്ടു വമ്പന്‍ തീരുമാനങ്ങള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ക്കു സ്വീകരിക്കേണ്ടതായുണ്ട്.

നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മുന്‍ നായകന്‍ വിരാട് കോലിയുടെയും ടി20 ഭാവിയാണ് ഇവയില്‍ ആദ്യത്തേത്. രോഹിത് ഇല്ലെങ്കില്‍ ടി20 പരമ്പരയില്‍ ആരു ടീമിനെ നയിക്കുമെന്നതും തീരുമാനിക്കണം. പരിക്കേറ്റ് വിശ്രമിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ ഈ പരമ്പരയും കളിക്കാനിടയില്ല.
ടി20, ഏകദിന ടീമുകളെയായിരിക്കും സെലക്ഷന്‍ കമ്മിറ്റി ആദ്യം പ്രഖ്യാപിക്കുക. ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. രോഹിത്തിന്റെയും കോലിയുടെയും ടി20 ഭാവിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റ് പുറത്തായ ശേഷം രണ്ടു പേരും ഈ ഫോര്‍മാറ്റില്‍ നിന്നും മാറി നില്‍ക്കുകയണ്.
ടി20യില്‍ തുടര്‍ന്നു കളിക്കുമോയെന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ബിസിസിഐ ഇരുവര്‍ക്കും വിട്ടു നല്‍കിയിരിക്കുകയാണ്. ടി20യില്‍ തുടരാനാണ് തീരുമാനമെങ്കില്‍ ഇവരെക്കൂടി ഉള്‍പ്പെടുത്തിയാവും അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ്. എന്നാല്‍ ടി20ക്കു ഇനി തങ്ങളില്ലെന്നു രോഹിത്തും കോലിയും അറിയിക്കുകയാണെങ്കില്‍ ഹാര്‍ദിക്കിനെ കേന്ദ്രീകരിച്ച് പുതിയൊരു ടീമിനെ തയ്യാറാക്കാനാണ് ബിസിസിഐയുടെ പ്ലാന്‍.
ടി20യില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ ഏകദിന പരമ്പരയിലും രോഹിത്തിനും കോലിക്കും വിശ്രമം നല്‍കിയേക്കും. അങ്ങനെയെങ്കില്‍ ടെസ്റ്റ് പരമ്പരയിലാവും ഇരുവരും ടീമിലേക്കു മടങ്ങിയെത്തിയേക്കുക. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത്തും കോലിയും ഇനിയെത്ര കാലം മല്‍സരരംഗത്തു തുടരുമെന്ന കാര്യത്തിലും സംശയമുണ്ട്.
2025ല്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയും 2027ല്‍ ഏകദിന ലോകകപ്പുമാണ് ഇനി വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റുകള്‍. ഈ ഫോര്‍മാറ്റിലെ ഭാവിയെക്കുറിച്ച് രണ്ടു പേരുമായി അജിത് അഗാര്‍ക്കര്‍ വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് വിവരം. 2025ലെ ചാംപ്യന്‍സ് ട്രോഫി വരെയെങ്കിലും രോഹിത്തും കോലിയും ഈ ഫോര്‍മാറ്റില്‍ കളി തുടരുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.

അതേസമയം, സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ രോഹിത് കളിക്കുന്നില്ലെങ്കില്‍ കെഎല്‍ രാഹുലിനു ക്യാപ്റ്റനായി നറുക്കു വീഴുമെന്നാണ് സൂചനകള്‍. നിലവില്‍ ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്.
എന്നാല്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിനു സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ വിശ്രമം നല്‍കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ നായകനായെത്തുക രാഹുലായിരിക്കും. ടി20 ഫോര്‍മാറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും ഇത്.
സൂര്യക്കൊപ്പം ഇഷാന്‍ കിഷനും ഒരുപക്ഷെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. അങ്ങനെയെങ്കില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ടീമിലേക്കു വിളിയെത്താനുള്ള സാധ്യതയും കൂടുതലാണ്. സമീപകാലത്തു കളിച്ച പരമ്പരകളിലും ടൂര്‍ണമെന്റുകളിലുമെല്ലാം സഞ്ജു തഴയപ്പെട്ടിരുന്നു. അയര്‍ലാന്‍ഡ് പര്യടനത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.