
യുവതാരങ്ങളില്‍ ഇതിനകം ഇന്ത്യന്‍ ടീമില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് ശ്രേയസ് അയ്യര്‍. കോലി, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരുടെ അഭാവത്തില്‍ മധ്യനിരയില്‍ അദ്ദേഹത്തിനു ഉത്തരവാദിത്വവും കൂടുതലുമായിരിക്കും. കോലിയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെ ശ്രേയസിനെ ഇന്ത്യ പരീക്ഷിക്കുന്നതായിരിക്കും ഏറ്റവും മികച്ച നീക്കം. ഇതിന്റെ കാരണങ്ങളറിയാം.

പരിചയസമ്പന്നനായ ബാറ്റര്‍
ശ്രേയസ് അയ്യര്‍ സാധാരണയായി മധ്യനിരയിലാണ് ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്യാറുള്ളത്. പക്ഷെ മൂന്നാം നമ്പറാണ് താരത്തിനു യോജിച്ചതെന്നു ആരും പറയും. ഇതിന്റെ പ്രധാന കാരണം ടീമിനു വേണ്ടി ആംഗറുടെ ഇന്നിങ്‌സ് കളിക്കാനുള്ള മിടുക്കാണ്. വെടിക്കെട്ട് ബാറ്റിങിലൂടെയല്ല, മറിച്ച് മികച്ച കൂട്ടുകെട്ടുകളുണ്ടാക്കി ഇന്നിങ്‌സ് സ്ഥിരത നല്‍കുന്നതലാണ് ശ്രേയസ് കൂടുതല്‍ മികവ് പുലര്‍ത്താറുള്ളത്.
ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ അനുഭവസമ്പത്ത് കുറവുള്ള ഒരുപാട് പേരുള്ളതിനാല്‍ തന്നെ ശ്രേയസ് മുന്‍നിരയില്‍ കളിക്കേണ്ടത് പ്രധാനമാണ്. നായകന്‍ കെഎല്‍ രാഹുലും ഇഷാന്‍ കിഷനും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരിലൊരാലായിരിക്കും നാലാം നമ്പറിലെത്തുക. രണ്ടു പേരും മുന്‍നിരയില്‍ കളിക്കാന്‍ ശേഷിയുള്ളവരാണ്. എന്നാല്‍ രണ്ടു പേരെയും മുന്‍നിരയിലേക്കു മാറ്റിയാല്‍ അതു ലോവര്‍ ഓര്‍ഡറിനു ക്ഷീണമായി മാറും. അതിനാല്‍ ശ്രേയസിനെ മൂന്നാം നമ്പറില്‍ തന്നെ ഇറക്കി റിഷഭ്, ഹാര്‍ദിക് എന്നിവരിലൊരാളെ ലോവര്‍ ഓര്‍ഡറിലേക്കു മാറ്റുന്നത് ഇന്ത്യന്‍ ബാറ്റിങിന് കൂടുതല്‍ ആഴം നല്‍കുകയും ചെയ്യും.

ശ്രേയസിന്റെ ഫേവറിറ്റ് പൊസിഷന്‍
ശ്രേയസ് അയ്യരുടെ ഫേവറിറ്റ് പൊസിഷന്‍ കൂടിയാണ് മൂന്നാം നമ്പറെന്നതാണ് താരത്തിനു ഈ റോള്‍ നല്‍കേണ്ടതിനുള്ള മറ്റൊരു കാരണം. ഇക്കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിക്കവെ ഫേവറിറ്റ് പൊസിഷനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശ്രേയസ് ഇതു വെളിപ്പെടുത്തിയത്.

വ്യക്തിപരമായി ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് മൂന്നാംനമ്പറിലാണ്. ഈ സ്ഥാനം എന്റേതാണെന്ന തോന്നല്‍ ഉണ്ടാവാറുണ്ട്. ദീര്‍ഘകാലമായി ഞാന്‍ കളിച്ചുകൊണ്ടിരുന്ന പൊസിഷനാണിത്. അതില്ലെങ്കില്‍ ടീമിനു ആവശ്യമുള്ള ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ എനിക്കു സന്തോഷമേയുള്ളൂ. എനിക്ക് അതില്‍ ഒരു പ്രശ്‌നവുമില്ലെന്നും ശ്രേയസ് വ്യക്തമാക്കിയിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങുമ്പോള്‍ ശ്രേയസിനു തന്റെ ഇന്നിങ്‌സ് പ്ലാന്‍ ചെയ്യാനും സാഹചര്യത്തിന് അനുസരിച്ച് അതിന്റെ വേഗം കൂട്ടുവാനും സാധിക്കും.

മൂന്നാമനായി മികച്ച റെക്കോര്‍ഡ്
മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് ശ്രേയസ് അയ്യര്‍. ഐപിഎല്ലിനു മുമ്പ് ശ്രീലങ്കയുമായുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ വിരാട് കോലിക്കു വിശ്രമം നല്‍കിയപ്പോള്‍ മൂന്നാമനായി ഇറങ്ങിയത് ശ്രേയസായിരുന്നു. ലഭിച്ച അവസരം ഇരുകൈകളും നീട്ടി താരം സ്വീകരിക്കുകയും ചെയ്തു. പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ശ്രേയസ് അപരാജിത ഫിഫ്റ്റി കുറിച്ചിരുന്നു. 174 സ്‌ട്രൈക്ക് റേറ്റോടെ 204 റണ്‍സാണ് താരം നേടിയത്. പ്ലെയര്‍ ഓഫ് ദി സീരീസായും ശ്രേയസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്തവണത്തെ ഐപിഎല്ലില്‍ കെകെആറിന്റെ നായകന്‍ കൂടിയായിരുന്ന താരം മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും 134.56 സ്‌ട്രൈക്ക് റേറ്റോടെ 401 റണ്‍സ് ശ്രേയസ് നേടിയിരുന്നു. മൂന്നു ഫിഫ്റ്റികളോടെയായിരുന്നു ഇത്. സീസണില്‍ ടീമിന്റെ ടോപ്്‌സ്‌കോററും അദ്ദേഹമായിരുന്നു.


Click it and Unblock the Notifications











