ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന മൂന്നാം ടി20 മല്‍സരത്തിനിടെയുണ്ടായ ഒരു സംഭവം ആരാധകരെയാകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഇന്ത്യക്കു അര്‍ഹിച്ച റിവ്യു നിഷേധിക്കപ്പെട്ടതായിരുന്നു കാരണം. അംപയര്‍ക്കു വലിയ പിഴവ് സംഭവിച്ചപ്പോള്‍ ഇന്ത്യ അതിനെതിരേ റിവ്യു എടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യഥാര്‍ഥത്തില്‍ എന്തായിരുന്നു ഇന്ത്യക്കു റിവ്യു ലഭിക്കാതിരിക്കാനുള്ള കാരണം. പരിശോധിക്കാം.
202 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം സൗത്താഫ്രിക്ക പിന്തുടരവെ ഒമ്പതാം ഓവറിലായിരുന്നു സംഭവം. നായകന്‍ സൂര്യകുമാര്‍ യാദവ് പരിക്കേറ്റ് ഗ്രൗണ്ട് വിട്ടതിനാല്‍ പകരം രവീന്ദ്ര ജഡേജയായിരുന്നു ടീമിനെ നയിച്ചത്. അദ്ദേഹം തന്നെയായിരുന്നു ഒമ്പതാമത്തെ ഓവര്‍ ബൗള്‍ ചെയ്തത്. എട്ടോവര്‍ കഴിയുമ്പോള്‍ സൗത്താഫ്രിക്ക നാലിനു 51 റണ്‍സെന്ന നിലയിലായിരുന്നു. അപകടകാരിയായ ഡേവിഡ് മില്ലറും ഡൊണോവന്‍ ഫെരേരയുമായിരുന്നു അപ്പോള്‍ ക്രീസില്‍.

ആദ്യത്തെ ബോള്‍ മില്ലര്‍ സിക്‌സറിലേക്കു പറത്തി. അടുത്ത ബോളില്‍ റണ്ണില്ല. മൂന്നാമത്തെ ബോളില്‍ വീണ്ടുമൊരു സിക്‌സര്‍. ലോങ് ഓണിനു മുകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കിടിലന്‍ ഷോട്ട്. അടുത്ത ബോള്‍ ഓഫ്സ്റ്റംപിന് പുറത്തായിരുന്നു ജഡ്ഡു പരീക്ഷിച്ചത്. പ്രതിരോധിക്കാന്‍ ശ്രമിച്ച മില്ലര്‍റുടെ ബാറ്റില്‍ തട്ടിയ ശേഷം ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളില്‍. ജഡേജയും ജിതേഷും വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും നോാട്ടൗട്ടെന്നായിരുന്നു അംപയറുടെ വിധി.
ബാറ്റില്‍ ടച്ചുണ്ടെന്നു ഉറപ്പായിരുന്ന ജിതേഷ് റിവ്യു എടുക്കാന്‍ ജഡേജയെ പ്രേരിപ്പിക്കുകയും ചെയ്തു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്കു ഈ ആനുകൂല്യം ലഭിച്ചില്ല. ഈ സമയത്തു ഡിആര്‍എസ് തകരാറിലായതായിരുന്നു കാരണം. അംപയര്‍ ഇക്കാര്യം അറിയിച്ചതോടെ സ്തബ്ധനായ ജഡേജ തന്റെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
പിന്നാലെ റീപ്ലേ വന്നപ്പോള്‍ ബാറ്റില്‍ വ്യക്തമായ എഡ്ജുണ്ടായിരുന്നുവെന്നും റിവ്യു ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു വിക്കറ്റ് ഉറപ്പായിരുന്നുവെന്നും വ്യക്തമായതോടെ ആരാധകരും കോച്ച് രാഹുല്‍ ദ്രാവിഡ് അടക്കമുള്ളവരും വലിയ നിരാശയിലാവുകയും ചെയ്തു. ചില സാങ്കേതിക തകരാറുകളെ തുടര്‍ന്നു ഡിആര്‍എസ് ഈ സമയത്തു സ്വിച്ച് ഓഫ് ചെയ്തതാണെന്നാണ് പുറത്തുവരുന്ന വിവരം.
മില്ലറിനെതിരായ ഈ അപ്പീലിനു ശേഷം കുറച്ചു ബോളുകള്‍ കഴിയുമ്പോഴേക്കും ഡിആര്‍എസ് സംവിധാനം ശരിയാവുകയും ചെയ്തു. 18 റണ്‍സെടുത്തു നില്‍ക്കവെയായിരുന്നു ഡിആര്‍എസിലെ തകരാര്‍ കാരണം മില്ലര്‍ക്കു ജീവന്‍ തിരിച്ചുകിട്ടിയത്. ഇന്ത്യക്കു റിവ്യു ലഭിച്ചിരുന്നെങ്കില്‍ സൗത്താഫ്രിക്ക അപ്പോള്‍ അഞ്ചു വിക്കറ്റിനു 63 റണ്‍സിലേക്കു കൂപ്പുകുത്തുകയും ചെയ്യുമായിരുന്നു.

പുറത്താവലില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട മില്ലര്‍ പിന്നീട് സൗത്താഫ്രിക്കയുടെ ടോപ്‌സ്‌കോററായാണ് പുറത്തായത്. അതിനു ശേഷം 17 റണ്‍സ് കൂടിയാണ് അദ്ദേഹം സ്വന്തം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. 25 ബോളില്‍ രണ്ടു വീതം ഫോറുകളും സിക്‌സറുമടക്കം 35 റണ്‍സാണ് താരം നേടിയത്.
സൗത്താഫ്രിക്കന്‍ നിരയില്‍ ഏറ്റവും അവസാനം പുറത്തായതും മില്ലറാണ്. ടീം സ്‌കോര്‍ 95ല്‍ നില്‍ക്കെ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് അദ്ദേഹത്തെ മടക്കിയത്. കുല്‍ദീപിന്റെ ബൗളിങില്‍ മില്ലര്‍ ബൗള്‍ഡാവുകയായിരുന്നു.
അതേസമയം, കളിയിലേക്കു വന്നാല്‍ 106 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര 1-1നു അവസാനിപ്പിക്കാനും ഇന്ത്യക്കായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടുകയായിരുന്നു. മറുപടിയില്‍ സൗത്താഫ്രിക്ക 13.5 ഓവറില്‍ വെറും 95 റണ്‍സില്‍ ഓള്‍ഔട്ടാവുകയും ചെയ്തു. അഞ്ചു വിക്കറ്റുകള്‍ പിഴുത കുല്‍ദീപാണ് സൗത്താഫ്രിക്കയെ തീര്‍ത്തത്.