
ടെസ്റ്റല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഏറ്റവും പ്രിയപ്പെട്ട എതിരാളികളിലൊന്നാണ് സൗത്താഫ്രിക്ക. നാട്ടിലായാലും വിദേശത്തായാലും സൗത്താഫ്രിക്കയ്‌ക്കെതിരേ വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. 12 മല്‍സരങ്ങളില്‍ നിന്നും 60നടുത്ത് ശരാശരിയില്‍ 1075 റണ്‍സ് സൗത്താഫ്രിക്കയ്‌ക്കെതിരേ കോലി സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്നു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
2013ല്‍ ജൊഹാനസ്ബര്‍ഗിലാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ അദ്ദേഹം ആദ്യമായി ടെസ്റ്റ് കളിച്ചത്. അന്നു 119 റണ്‍സോടെ കോലി കസറുകയും ചെയ്തിരുന്നു. ടെസ്റ്റിലെ കരിയര്‍ ബെസ്റ്റ് സ്‌കോറായ 254* റണ്‍സ് അദ്ദേഹം നേടിയിട്ടുള്ളതും സൗത്താഫ്രിക്കയ്‌ക്കെതിരേയാണ്. 2019ല്‍ പൂനെയില്‍ വച്ചായിരുന്നു ഇത്.
ഇതുവരെ മൂന്നു സെഞ്ച്വറികളാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ കോലിയുടെ അക്കൗണ്ടിലുള്ളത്. ഇതില്‍ രണ്ടും സൗത്താഫ്രിക്കയില്‍ വച്ചു തന്നെയായിരുന്നു. 2013, 18 പര്യടനങ്ങളിലായിരുന്നു ഇത്. സൗത്താഫ്രിക്കയില്‍ ഇതുവരെ കളിച്ച അഞ്ചു ടെസ്റ്റുകളില്‍ നിന്നും 55.80 എന്ന തകര്‍പ്പന്‍ ശരാശരിയാണ് കോലിക്കുള്ളത്. ഉയര്‍ന്ന സ്‌കോര്‍ സെഞ്ചൂറിയനില്‍ നേടിയ 153 റണ്‍സാണ്.
അതേസമയം, കോലി ഇപ്പോള്‍ കരിയറിലെ മോശം സമയത്തിലൂടെയാണ് കടന്നുപോവുന്നത്. 2019 നവംബറിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ല. വരാനിരിക്കുന്ന പരമ്പരയില്‍ കോലി ഇതിനു അറുതിയിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പര്‍ ത്രീ ബാറ്റര്‍ ചേതേശ്വര്‍ പുജാരയാണ് ലിസ്റ്റിലെ രണ്ടാമന്‍. 14 ടെസ്റ്റുകളില്‍ നിന്നും 32.95 ശരാശരിയില്‍ 758 റണ്‍സാണ് അദ്ദേഹം സൗത്താഫ്രിക്കയ്‌ക്കെതിരേ നേടിയിരിക്കുന്നത്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്. സൗത്താഫ്രിക്കയ്‌ക്കെതിരേ പുജാര ആകെ കളിച്ച 14 ടെസ്റ്റുകളില്‍ പകുതി അവരുടെ നാട്ടിലായിരുന്നു.
സൗത്താഫ്രിക്കന്‍ സാഹചര്യങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് തീര്‍ച്ചയായും അദ്ദേഹത്തിന് വരാനിരിക്കുന്ന പരമ്പരയില്‍ മുതല്‍ക്കൂട്ടായി മാറിയേക്കും. സൗത്താഫ്രിക്കയ്‌ക്കെതിരേ പുജാരയുടെ ഏക സെഞ്ച്വറി 2013ല്‍ ജൊഹാനസ്ബര്‍ഗില്‍ നടന്ന ടെസ്റ്റിലായിരുന്നു. 153 റണ്‍സായിരുന്നു അന്നു അദ്ദേഹം നേടിയത്. കോലിയെപ്പോലെ തന്നെ അദ്ദേഹവും കരിയറിലെ മോശം സമയത്തിലൂടെയാണ് കടന്നുപോവുന്നത്. ഏറെക്കാലമായി വലിയ ഇന്നിങ്‌സുകളൊന്നും കളിക്കാന്‍ പുജാരയ്ക്കായിട്ടില്ല. ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ വരാനിരിക്കുന്ന പരമ്പരയില്‍ അദ്ദേഹത്തിനു മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടതുണ്ട്.

മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ കൂടുതല്‍ റണ്ണെടുത്തിട്ടുള്ള മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റര്‍. 10 ടെസ്റ്റുകളില്‍ നിന്നും 57.33 ശരാസരിയില്‍ 748 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മൂന്നു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 127 റണ്‍സാണ്.
വിരാട് കോലി, ചേതേശ്വര്‍ പുജാര എന്നിവരെപ്പലെ രഹാനെയും ബാറ്റിങില്‍ റണ്ണെടുക്കാനാവാതെ ഇപ്പോള്‍ തപ്പിത്തടയുകയാണ്. ഈ പരമ്പരയിലും ഫ്‌ളോപ്പായാല്‍ അതു രഹാനെയുടെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും നഷ്ടപ്പെടുത്തിയേക്കും. ബാറ്റിങിലെ മോശം ഫേം കാരണമാണ് ഈ പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയത്.
സൗത്താഫ്രിക്കയ്‌ക്കെതിരേ മൂന്നു സെഞ്ച്വറികള്‍ രഹാനെ നേടിയിട്ടുണ്ടെങ്കിലും എല്ലാം ഇന്ത്യയില്‍ വച്ചായിരുന്നു. 2018ലെ ഡര്‍ബന്‍ ടെസ്റ്റില്‍ നേടിയ 96 റണ്‍സാണ് സൗത്താഫ്രിക്കയില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 2018ല്‍ ജൊഹാനസ്‌ബെര്‍ഗില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ വിജയം കൊയ്തപ്പോള്‍ 48 റണ്‍സുമായി രഹാനെ നിര്‍ണായക സംഭാവന നല്‍കിയിരുന്നു.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഓപ്പണിങ് സ്ഥാനമുറപ്പാക്കിയ മായങ്ക് അഗര്‍വാളും സൗത്താഫ്രിക്കയ്‌ക്കെതിരേ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഇതുവരെ മൂന്നു ടെസ്റ്റുകള്‍ മാത്രമേ അദ്ദേഹം സൗത്താഫ്രിക്കയ്‌ക്കെതിരേ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 85 എന്ന മികച്ച ശരാശരിയില്‍ 340 റണ്‍സ് മായങ്ക് അടിച്ചെടുത്തിട്ടുണ്ട്. രണ്ടു സെഞ്ച്വറികളുള്‍പ്പെടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ 215 റണ്‍സാണ്.
നാട്ടിലാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ മായങ്ക് മൂന്നു ടെസ്റ്റുകളും കളിച്ചത്. 2019ല്‍ സൗത്താഫ്രിക്കന്‍ ടീം ഇന്ത്യന്‍ പര്യടനത്തിന് എത്തിയപ്പോഴായിരുന്നു ഇത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കന്നി സൗത്താഫ്രിക്കന്‍ പര്യടനം കൂടിയാണ് ഇത്തവണത്തേത്.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള ഇന്ത്യയുടെ അഞ്ചാമത്തെ ബാറ്റര്‍. ഇതുവരെ 10 ടെസ്റ്റുകളിലാണ് അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 22.40 ശരാശരിയില്‍ ഒരു ഫിഫ്റ്റിയോടെ 224 റണ്‍സാണ് അശ്വിന്റെ പേരിലുള്ളത്. ടെസ്റ്റില്‍ നിരവധി തവണ ലോവര്‍ ഓര്‍ഡറില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അശ്വിന്റെ ബാറ്റിങില്‍ വളരെ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരേ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ സെഞ്ച്വറിയും അദ്ദേഹം കുറിച്ചിരുന്നു. രവീന്ദ്ര ജഡേജ, ആര്‍ അക്ഷര്‍ എന്നിവരുടെ അഭാവത്തില്‍ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അശ്വിന്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ബൗളിങിനൊപ്പം ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.


Click it and Unblock the Notifications