IND vs SA: ഉമ്രാനെ പഞ്ഞിക്കിട്ട് റിഷഭ് പന്ത്! കൈയടി അര്‍ഷ്ദീപിന്, ദ്രാവിഡും ഹാപ്പി
സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ടു പേരാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കാത്തിരിക്കുന്നത്. യുവ പേസ് ജോടികളായ ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിങുമാണ് ഇവര്‍. പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങിക്കഴിഞ്ഞു. മല്‍സരവേദിയായ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ ടീം തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
ഇന്നു നടന്ന ടീമിന്റെ ആദ്യത്തെ നെറ്റ് സെഷനില്‍ ഉമ്രാന്‍, അര്‍ഷ്ദീപ് എന്നിവരെക്കൊണ്ട് ദ്രാവിഡ് ബൗള്‍ ചെയ്യിച്ചിരുന്നു. ഇവരില്‍ അര്‍ഷ്ദീപാണ് ഉജ്ജ്വല ബൗളിങിലൂടെ ദ്രാവിഡിന്റെ പ്രശംസ പിടിച്ചുപറ്റിയത്. ഇതോടെ താരത്തിനു ആദ്യ ടി20യില്‍ അരങ്ങേറാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യന്‍ ടീമിന്റെ ആദ്യത്തെ നെറ്റ് സെഷനില്‍ ഉമ്രാന്‍ മാലിക്കിനെക്കൊണ്ടാണ് കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യിച്ചതെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടിലുള്ളത്. പക്ഷെ താരത്തിന് രാഹുല്‍ ദ്രാവിഡിന്റെയോ ടീം മാനേജ്‌മെന്റിന്റെയോ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചില്ല. എന്നാല്‍ അര്‍ഷ്ദീപ് സിങിന്റെ നെറ്റ്‌സിലെ പ്രകടനത്തില്‍ എല്ലാവരും ഹാപ്പിയാണെന്നാണ് വിവരം. യോര്‍ക്കറുകളെറിയാനുള്ള തന്റെ മിടുക്കും അര്‍ഷ്ദീപ് നെറ്റ്‌സില്‍ പുറത്തെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ഡെത്ത് ഓവറുകളില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത അദ്ദേഹം ഇതേ മികവ് നെറ്റ്‌സിലും ഇതാവര്‍ത്തുകയായിരുന്നു.

ഐപിഎല്ലില്‍ 150 കിമിക്കു മുകളില്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്ത ഇന്ത്യയുടെ പേസ് സെന്‍സേഷനായി മാറിയ ഉമ്രാന്‍ മാലിക്കിന് പക്ഷെ ദേശീയ ടീമിന്റെ നെറ്റ്‌സില്‍ പ്രതീക്ഷിച്ചതു പോലെ പന്തെറിയാന്‍ സാധിച്ചില്ല. നെറ്റ്‌സില്‍ കഴിയാവുന്നത്രയും വേഗതയില്‍ ബൗള്‍ ചെയ്യാനാണ് താരം ശ്രമിച്ചത്. അതില്‍ വിജയിച്ചെങ്കിലും ലൈനിലും ലെങ്ത്തിലും കണിശത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.

പുതിയ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനെതിരേ ബൗള്‍ ചെയ്തപ്പോള്‍ ഉമ്രാനു നന്നായി തല്ലു കിട്ടിയെന്നാണ് വിവരം. താരത്തിന്റെ ബോളിന്റെ വേഗത കൂടുന്തോറും റിഷഭിന്റെ അടിക്കും ചൂട് കൂടി. നെറ്റ്‌സില്‍ ഉമ്രാനെ അദ്ദേഹം ശരിക്കും കൈകാര്യം ചെയ്താണ് വിട്ടതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ അര്‍ഷ്ദീപ് സിങ് നേരെ തിരിച്ചായിരുന്നു. മികച്ച ലൈനും ലെങ്ത്തും നിലനിര്‍ത്തിയ അദ്ദേഹം യോര്‍ക്കറുകളുടെ കാര്യത്തിലും കഴിവ് തെളിയിച്ചു. നെറ്റ്‌സില്‍ അര്‍ഷ്ദീപ് ആദ്യമെറിഞ്ഞത് ഒരു ഷോര്‍ട്ട് ബോളായിരുന്നു. തുടര്‍ന്ന് ബൗളിങ് കോച്ച് പരസ് മാംബ്രെ താരവുമായി സംസാരിച്ചു. തുടര്‍ന്ന് യോര്‍ക്കറുകള്‍ മെച്ചപ്പെടുത്താന്‍ പരിശീലനം നടത്തി. തുടര്‍ച്ചയായി യോര്‍ക്കറുകളെറിഞ്ഞ അര്‍ഷ്ദീപിന്റെ പ്രകടനം ടീം മാനേജ്‌മെന്റിനെ ഹാപ്പിയാക്കുകയും ചെയ്തിരിക്കുകയാണ്.
അതേസമയം, ഉമ്രാന്റെ കഴിവില്‍ വേണ്ടത്ര വിശ്വാസമില്ലാത്തതിനാലാണ് താരത്തോടു കൂടുതല്‍ ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ ഉമ്രാന്‍ ആദ്യ മല്‍സരത്തില്‍ കളിക്കാനുള്ള സാധ്യതയും തീരെ കുറവാണ്.

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്ന പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ നെറ്റ്‌സില്‍ 15 മിനിറ്റിനടുത്ത് സമയം മാത്രമേ പരിശീലനം നടത്തിയുള്ളൂ. പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള മറ്റൊര ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേലിനു നെറ്റ്‌സില്‍ ബൗള്‍ ചെയ്യേണ്ടി വന്നില്ല. താരത്തിനു വിശ്രമം നല്‍കുകയായിരുന്നു.
അര്‍ഷ്ദീപിനെ കൂടാതെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് നെറ്റ്‌സില്‍ മികച്ച പ്രകടനം നടത്തിയ മറ്റൊരു താരം.

പക്ഷെ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോയെന്നുറപ്പില്ല. കാരണം വൈസ് ക്യാപ്റ്റന്‍ കൂടിയായ റിഷബ് പന്ത് തന്നെയായിരിക്കും ടീമിനു വേണ്ടി വിക്കറ്റ് കാക്കുക. അങ്ങനെയെങ്കില്‍ ഡികെയ്ക്കു സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളായിരിക്കും. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനായി നടത്തിയ മിന്നുന്ന പ്രകടനമാണ് നീണ്ട ഇടവേളയ്ക്കു ശേഷം കാര്‍ത്തികിനെ വീണ്ടും ദേശീയ ടീമിലെത്തിച്ചത്. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications