ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയുമായുള്ള അവസാന ടി20യില്‍ ഇന്ത്യ മൂന്നാം നമ്പറില്‍ പരീക്ഷിച്ച യുവതാരം തിലക് വര്‍മ വന്‍ ദുരന്തമായി മാറിയിരുന്നു. ഗോള്‍ഡന്‍ ഡെക്കായാണ് താരത്തിനു ക്രീസ് വിടേണ്ടിവന്നത്. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജിനായിരുന്നു വിക്കറ്റ്. ഇതോടെ നാണക്കേടിന്റെ ലിസ്റ്റിലും തിലക് ഇടം പിടിച്ചിരിക്കുകയാണ്.
ടി20 കരിയറില്‍ ഇതു രണ്ടാം തവണയാണ് തിലകിനു ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടേണ്ടി വന്നത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ എന്നിവര്‍ക്കൊപ്പം മോശം റെക്കോര്‍ഡിന്റെ ലിസ്റ്റില്‍ താരം അംഗമാവുകയും ചെയ്തു. സൂര്യ, രാഹുല്‍ എന്നിവരെക്കൂടാതെ ടി20യില്‍ രണ്ടു തവണ ഗോള്‍ഡന്‍ ഡെക്കായിട്ടുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍ റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദിനേശ് കാര്‍ത്തിക് എന്നിവരാണ്.

ഗോള്‍ഡന്‍ ഡെക്കില്‍ ഓള്‍ടൈം ഇന്ത്യന്‍ റെക്കോര്‍ഡ് സ്ഥിരം ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു സ്വന്തമാണ്. നാലു തവണയണ് ഹിറ്റ്മാന്‍ നേരിട്ട ആദ്യ ബോളില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടുള്ളത്. രണ്ടാംസ്ഥാനം രണ്ടു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. ശ്രേയസ് അയ്യരും വാഷിങ്ടണ്‍ സുന്ദറുമാണ് മൂന്നു തവണ വീതം ഗോള്‍ഡന്‍ ഡെക്കായി ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്.
ഇതു മാത്രമല്ല മൂന്നാം നമ്പറില്‍ മറ്റൊരു മോശം റെക്കോര്‍ഡ് കൂടി തിലകിനെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ ഇറങ്ങി കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡെക്കായി മാറിയ താരമായാണ് അദ്ദേഹം മാറിയത്. ടി20യുടെ ചരിത്രത്തില്‍ മുമ്പൊരു ഇന്ത്യന്‍ താരവും രണ്ടു തവണ ഗോള്‍ഡന്‍ ഡെക്കായിരുന്നില്ല. പക്ഷെ തിലക് ആ ചരിത്രവും തിരുത്തിയിരിക്കുകയാണ്. ദിനേശ് കാര്‍ത്തിക്, സൂര്യ എന്നിവര്‍ നേരത്തേ ഓരോ തവണ ഗോള്‍ഡന്‍ ഡെക്കായതൊഴിച്ചാല്‍ മറ്റാരും മൂന്നാം നമ്പറില്‍ ഈ നാണക്കേട് കുറിച്ചിട്ടില്ല.

സൗത്താഫ്രിക്കയ്‌ക്കെതിരേ തികച്ചും അശ്രദ്ധമായ ഷോട്ട് കളിച്ചാണ് തിലക് വിക്കറ്റ് വലിച്ചെറിഞ്ഞത്. മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ശുഭ്മന്‍ ഗില്ലിനെ മഹാരാജ് വിക്കറ്റിനു മുന്നില്‍ കുരുക്കിയിരുന്നു. തുടര്‍ന്നാണ് തിലക് ക്രീസിലെത്തിയത്. 87 കിമി വേഗതയുള്ള ഫുള്‍ ഡെലിവെറിയായിരുന്നു മഹാരാജ് പരീക്ഷിച്ചത്.
ആദ്യ ബോളില്‍ തന്നെ തിലക് അറ്റാക്കിങ് ഷോട്ടിനു മുതിരുകയും ചെയ്തു. മിഡ്ഓഫിനു മുകളിലൂടെ ബൗണ്ടറി കണ്ടെത്താനായിരുന്നു താരത്തിന്റെ ശ്രമം. പക്ഷെ പ്രതീക്ഷിച്ചതു പോലെ അതു കണക്ടായില്ല. മിഡ് ഓഫില്‍ നേരെ സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡ്ന്‍ മാര്‍ക്രമിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്. അദ്ദേഹം അതു അനായാസം പിടികൂടുകയും ചെയ്തു.