
ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോലിക്കുമെല്ലാം സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ മുന്‍നിര താരങ്ങളും ടീമിലില്ല. കെഎല്‍ രാഹുലാണ് ഇന്ത്യയെ പരമ്പരയില്‍ നയിക്കുക. നേരത്തേ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഒരു ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും ഇന്ത്യയെ നയിച്ചത് രാഹുലായിരുന്നു. ഇവയിലെല്ലാം ഇന്ത്യ തോല്‍ക്കുകയും ചെയ്തു. സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ നായകന്‍ രാഹുലിനും കോച്ച് രാഹുല്‍ ദ്രാവിഡിനും ചില നിര്‍ണായക തീരുമാനങ്ങളെടുത്തേ തീരൂ. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ഹാര്‍ദിക്കിന്റെ ബാറ്റിങ് പൊസിഷന്‍
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തുന്ന പരമ്പരയാണിത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടില്ല. ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് ഹാര്‍ദിക് ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്. ജിടിയെ ചാംപ്യന്മാരാക്കാനും അദ്ദേഹത്തിനു സാധിച്ചു. ഓള്‍റൗണ്ടര്‍, ക്യാപ്റ്റന്‍ എന്നീ രണ്ടു റോളുകളിലും ഹാര്‍ദിക് വിലസിയ ഐപിഎല്ലായിരുന്നു ഇത്.

ടൂര്‍ണമെന്റില്‍ 487 റണ്‍സോടെ ടൈറ്റന്‍സിന്റെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. ടീമിനായി മൂന്ന്- നാല് നമ്പറുകളില്‍ ബാറ്റ് ചെയ്തായിരുന്നു ഹാര്‍ദിക്കിന്റെ മിന്നുന്ന പ്രകടനം. ഇതോടെ ഇനി സൗത്താഫ്രിക്കയ്‌ക്കെതിരേ അദ്ദേഹത്തിത് ഏതു പൊസിഷന്‍ നല്‍കുമെന്നത് രാഹുലിനും ദ്രാവിഡിനും തീര്‍ച്ചയായും തലവേദനയാവും.
രാഹുല്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ ടോപ്പ് ഫോറില്‍ കളിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ നേരത്തേയുള്ള ഫിനിഷറുടെ റോള്‍ തന്നെയാവും ഹാര്‍ദിക്കിനു ലഭിക്കുക. പക്ഷെ ഐപിഎല്ലില്‍ ടോപ്പ് ഓര്‍ഡറില്‍ ഇറങ്ങി നടത്തിയതു പോലെയൊരു പ്രകടനം ഫിനിഷറുടെ റോളില്‍ അദ്ദേഹത്തിനു ആവര്‍ത്തിക്കാനാവുമോയെന്നതാണ് ചോദ്യം.

രാഹുലിന്റെ ഓപ്പണിങ് പങ്കാളി
നായകന്‍ കെഎല്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളി ആരായിരിക്കുമെന്നതാണ് രണ്ടാമത്തെ ചോദ്യം. നിലവില്‍ യുവതാരങ്ങളായ ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്വാദുമാണ് ഓപ്പണിങ് റോളിലേക്കു മല്‍സരരംഗത്തുള്ളത്. രണ്ടു പേരും മികച്ച ഫോമിലല്ലെന്നതാണ് സെലക്ഷന്‍ ദുഷ്‌കരാക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ ഇഷാനും റുതുരാജിനും അത്ര മികച്ചതായിരുന്നില്ല. ശരാശരി പ്രകടനമായിരുന്നു ഇരുവരും നടത്തിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി 368 റണ്‍സാണ് 2021ലെ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയായ റുതുരാജ് നേടിയത്. 26.28 ശരാശരിയില്‍ 126.46 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനായി ഇഷാന്റെ സമ്പാദ്യം 32.15 ശരാശരിയിലില്‍ 418 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റ് 120.11. തമ്മില്‍ ഭേദമായതിനാലും ഇടത്- വലത് കോമ്പിനേഷന്‍ ലഭിക്കുമെന്നതിനാലും ഇഷാനു മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത.

ബൗളിങ് കോമ്പിനേഷന്‍?
ജസ്പ്രീത് ബുംറയടക്കമുള്ള സീനിയര്‍ പേസര്‍മാര്‍ ഇല്ലാത്തതിനാല്‍ തന്നെ സൗത്താഫ്രിക്കയ്ക്കു വെല്ലുവിൡയുയര്‍ത്തുന്ന ശക്തമായൊരു പേസ് നിരയെ അണിനിരത്തുകയെന്നതാണ് മൂന്നാമത്തെ തലവേദന. സ്പിന്‍ ജോടികളായി യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാ്ദവും കളിച്ചേക്കും. ഒരിടവേളയ്ക്കു ശേഷം കുല്‍-ചാ സഖ്യം ഒരുമിച്ച് കളിക്കുന്ന പരമ്പരയായിരിക്കും ഇത്. ഐപിഎല്ലില്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി മിന്നുന്ന പ്രകടനമാണ് ചാഹലും കുല്‍ദീപും നടത്തിയത്. വിക്കറ്റ് വേട്ടക്കാരനുളള പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയായിരുന്നു ചാഹല്‍.

അതേസമയം, പേസ് ബൗളിങ് കോമ്പിനേഷന്റെ കാര്യത്തിലാണ് ഇന്ത്യക്കു ആശയക്കുഴപ്പം വരിക. പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കാനാണ് സാധ്യത. ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, പുതുമുഖങ്ങളായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് മറ്റു പേസ് ബൗളിങ് ഓപ്ഷനുകള്‍. ഇവരില്‍ മികച്ച ഇക്കോണമി റേറ്റ് നിലനിര്‍ത്തി ഐപിഎല്ലില്‍ വിക്കറ്റുകളെടുത്ത ബൗളര്‍ ഹര്‍ഷലാണ്.

ആവേശും ഉമ്രാനും ഒുരുപാട് വിക്കറ്റുകളെടുത്തെങ്കിലും ഇക്കോണമി റേറ്റ് മോശമാണ്. അര്‍ഷ്ദീപാവട്ടെ റണ്‍സ് വിട്ടുകൊടുത്തത് കുറവാണെങ്കിലും വിക്കറ്റുകള്‍ അധികം ലഭിച്ചില്ല. അതുകൊണ്ടു തന്നെ ഇവരില്‍ ആരൊക്കെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നത് കാത്തിരുന്നു തന്നെ കാണണം.


Click it and Unblock the Notifications