
കട്ടക്ക്: ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇനിയുള്ള നാളുകള്‍ താരങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. തുടര്‍ച്ചയായി സ്ഥിരത കാട്ടാത്ത പക്ഷം താരങ്ങള്‍ക്ക് ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കുക കടുപ്പമാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനൊപ്പം ശ്രദ്ധ പിടിച്ചുപറ്റാനുള്ള മറ്റൊരു അവസരം കൂടി റുതുരാജ് ഗെയ്ക്‌വാദ് കളഞ്ഞ് കുളിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നടന്ന ആദ്യ ടി20യില്‍ നിരാശപ്പെടുത്തിയ അദ്ദേഹം രണ്ടാം ടി20യിലും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.
കട്ടക്കില്‍ നാല് പന്ത് നേരിട്ട് 1 റണ്‍സ് മാത്രമാണ് റുതുരാജിന് നേടാനായത്. കേശവ് മഹാരാജിനായിരുന്നു ക്യാച്ച്. ആദ്യ മത്സരത്തില്‍ 15 പന്തില്‍ 23 റണ്‍സാണ് അദ്ദേഹം നേടിയത്. 18 പന്തില്‍ 21 റണ്‍സ്, 10 പന്തില്‍ 14 റണ്‍സ്, എട്ട് പന്തില്‍ നാല് റണ്‍സ് എന്നിങ്ങനെയാണ് റുതുരാജ് ഇന്ത്യക്കായി ടി20യില്‍ നേടിയ സ്‌കോറുകള്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തിളങ്ങിയ താരം വലിയ പ്രതീക്ഷ നല്‍കി ഇന്ത്യന്‍ ടീമിലേക്കെത്തിയെങ്കിലും അവസരത്തെ മുതലാക്കുന്നതില്‍ പരാജയപ്പെടുന്നു.

പതിയെ തുടങ്ങി റണ്‍സുയര്‍ത്തുന്ന ബാറ്റിങ് ശൈലിയാണ് റുതുരാജിന്റേത്. നിലയുറപ്പിക്കാന്‍ 10ലധികം പന്തുകള്‍ അദ്ദേഹത്തിന് വേണ്ടിവരാറുണ്ട്. ഇത് ഇന്ത്യയെ പവര്‍പ്ലേയില്‍ പിന്നോട്ടടിക്കുന്നു. നേരത്തെ ആകാശ് ചോപ്രയടക്കം റുതുരാജിന്റെ ബാറ്റിങ് ശൈലി മാറ്റണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പവര്‍പ്ലേയില്‍ ഓപ്പണര്‍മാര്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. എന്നാല്‍ റുതുരാജിന്റെ മെല്ലപ്പോക്ക് ശൈലി ഇന്ത്യക്ക് ഗുണം ചെയ്യുന്നതല്ല.
എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം അദ്ദേഹത്തിന് അവകാശപ്പെടാം. 2020ല്‍ ശ്രദ്ധ പിടിച്ചുപറ്റിയ റുതുരാജ് 2021ലെ പര്‍പ്പിള്‍ ക്യാപ് ജേതാവായിരുന്നു. 36 മത്സരത്തില്‍ നിന്ന് 1207 റണ്‍സാണ് സിഎസ്‌കെ ഓപ്പണര്‍ നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 130.35 എന്ന ഭേദപ്പെട്ട ശരാശരിയും അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഇന്ത്യക്കായി അഞ്ച് ടി20 കളിച്ച് അദ്ദേഹം നേടിയത് 12.60 ശരാശരിയില്‍ വെറും 63 റണ്‍സ്. സ്‌ട്രൈക്കറേറ്റ് 114.55 മാത്രം.

ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന താരങ്ങളിലൊരാളാണ് റുതുരാജ്. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്തതിനാല്‍ റുതുരാജിന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇനി ഇടം ലഭിക്കുക കടുപ്പമാവും. മറിച്ച് സംഭവിക്കാന്‍ അത്ഭുതം തന്നെ വരുന്ന മത്സരങ്ങളില്‍ സംഭവിക്കേണ്ടിയിരിക്കുന്നു.