മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്കൊരുങ്ങുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേ 4-1ന് ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ വരവ്. എന്നാല്‍ ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍ നേരിട്ട് തോല്‍പ്പിക്കുകയെന്നത് ഇന്ത്യക്ക് എളുപ്പമല്ല. 2017-18ന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ തട്ടകത്തില്‍ ഇന്ത്യ ടി20 പരമ്പര കളിക്കുന്നത് ഇതാദ്യമായാണ്.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും 24 തവണയാണ് ടി20 യില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. 13 തവണ ഇന്ത്യ ജയിച്ചു. 2015-16ന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയോട് ബൈലാട്രല്‍ പരമ്പര തോറ്റിട്ടില്ല. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ടി20യില്‍ ശക്തമായ താരനിരയാണ് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും. കരുത്തരുടെ പോരാട്ടം നടക്കാനിരിക്കെ രണ്ട് ടീമുകളും തമ്മിലുള്ള ടി20യിലെ പ്രധാന കണക്കുകള്‍ പരിശോധിക്കാം.
ഉയര്‍ന്ന ടീം ടോട്ടല്‍ ഇന്ത്യയുടെ പേരിലാണ്. 2022ല്‍ ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 3 വിക്കറ്റിന് 237 റണ്‍സാണ് ഇന്ത്യ നേടിയത്. കുറഞ്ഞ ടോട്ടല്‍ ദക്ഷിണാഫ്രിക്കയുടെ പേരിലാണ്. 2022ലെ പരമ്പരയില്‍ രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 87 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. വലിയ ജയമെന്ന റെക്കോഡിലും ഇന്ത്യയാണ് മുന്നിട്ട് നില്‍ക്കുന്നത്. 2022ല്‍ രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 82 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.
കൂടുതല്‍ റണ്‍സ് എന്ന റെക്കോഡ് രോഹിത് ശര്‍മയുടെ പേരിലാണ്. 17 ടി20യില്‍ നിന്ന് 420 റണ്‍സാണ് രോഹിത് നേടിയത്. ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് 106 റണ്‍സ് നേടിയ രോഹിത്തിന്റെ പേരില്‍ത്തന്നെയാണ്. കൂടുതല്‍ സെഞ്ച്വറി നേട്ടത്തില്‍ രോഹിത്, ഡേവിഡ് മില്ലര്‍, റില്ലി റൂസോ, സുരേഷ് റെയ്‌ന എന്നിവരാണുള്ളത്. മൂന്ന് പേരും ഓരോ സെഞ്ച്വറികളാണ് നേടിയത്. ഇത്തവണ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിലില്ലാത്തത് തിരിച്ചടിയായേക്കും.

കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് ക്വിന്റന്‍ ഡീകോക്കിന്റെ പേരിലാണ്. 4 ഫിഫ്റ്റിയാണ് ഡീകോക്ക് നേടിയത്. കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറുടെ പേരിലാണ്. മധ്യനിരയിലെ മില്ലറുടെ പ്രകടനത്തെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം. ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ നേട്ടം റില്ലി റൂസോയുടെ പേരിലാണ്. 2022ല്‍ ഇന്‍ഡോറില്‍ എട്ട് സിക്‌സാണ് റൂസോ നേടിയത്. ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് ഇഷാന്‍ കിഷന്റേ പേരിലാണ്.
2022ലെ പരമ്പരയില്‍ 206 റണ്‍സാണ് ഇഷാന്‍ കിഷന്‍ അടിച്ചെടുത്തത്. കൂടുതല്‍ വിക്കറ്റ് ഭുവനേശ്വര്‍ കുമാറിന്റെ പേരിലാണ്. 14 വിക്കറ്റാണ് ഭുവി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20യില്‍ നേടിയിട്ടുള്ളത്. മികച്ച ബൗളിങ് പ്രകടനവും അദ്ദേഹത്തിന്റെ പേരിലാണ്. 24 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. ഒരു പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് എന്ന റെക്കോഡും ഭുവിയുടെ പേരിലാണ്. 7 വിക്കറ്റാണ് അദ്ദേഹം 2018ലെ പരമ്പരയില്‍ വീഴ്ത്തിയത്. കൂടുതല്‍ പുറത്താക്കല്‍ നടത്തിയ താരം ക്വിന്റന്‍ ഡീകോക്കാണ് (8).
കൂടുതല്‍ ക്യാച്ച് രോഹിത് ശര്‍മയുടെ പേരിലാണ് (10). ഉയര്‍ന്ന കൂട്ടുകെട്ട് ക്വിന്റന്‍ ഡീകോക്ക്-ഡേവിഡ് മില്ലര്‍ എന്നിവരുടെ പേരിലാണ്. 174 റണ്‍സാണ് ഇവര്‍ നേടിയത്. 9 ടി20യില്‍ നിന്ന് 5 ജയം നേടിയ എംഎസ് ധോണിയാണ് കൂടുതല്‍ ജയം നേടിയ നായകന്‍. ഇത്തവണ സൂര്യകുമാര്‍ യാദവിന് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിക്കാന്‍ സൂര്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.