ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യുകയാണ്. മഴ പെയ്ത് ഈര്‍പ്പമുള്ള പിച്ചില്‍ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. മൂന്നാം പന്തില്‍ത്തന്നെ യശ്വസി ജയ്‌സാളിനേയും (0) രണ്ടാം ഓവറില്‍ ശുബ്മാന്‍ ഗില്ലിനേയും (0) ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. അര്‍ധ സെഞ്ച്വറിയോടെ മിന്നിക്കാന്‍ സൂര്യക്കായി. ഇതോടെ തകര്‍പ്പന്‍ റെക്കോഡും സൂര്യകുമാര്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ടി20യില്‍ 2000 റണ്‍സ് വേഗത്തില്‍ നേടുന്ന താരമെന്ന റെക്കോഡിലാണ് സൂര്യകുമാര്‍ യാദവ് തലപ്പത്തേക്കെത്തിയത്. 1164 പന്തുകളാണ് ഈ നേട്ടത്തിലേക്കെത്താന്‍ സൂര്യകുമാറിന് വേണ്ടിവന്നത്. 1283 പന്തില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ആരോണ്‍ ഫിഞ്ചിന്റെ റെക്കോഡാണ് സൂര്യകുമാര്‍ യാദവ് തകര്‍ത്തത്. 1340 പന്തില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഗ്ലെന്‍ മാക്‌സ് വെല്‍ മൂന്നാം സ്ഥാനത്തും 1398 പന്തില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഡേവിഡ് വാര്‍ണര്‍ നാലാം സ്ഥാനത്തുമാണ്.
1415 പന്തില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ കെ എല്‍ രാഹുലാണ് അഞ്ചാം നമ്പറില്‍. 291 പന്തില്‍ നിന്നാണ് സൂര്യകുമാര്‍ 500 റണ്‍സ് ക്ലബ്ബിലെത്തിയത്. 500ല്‍ നിന്ന് 1000ലെത്താന്‍ 282 പന്തും 1000ല്‍ നിന്ന് 1500ലെത്താന്‍ 270 പന്തും 1500 പന്തില്‍ നിന്ന് 2000ലെത്താന്‍ 321 പന്തുകളുമാണ് സൂര്യക്ക് വേണ്ടിവന്നത്. 36 പന്തില്‍ നിന്ന് 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 56 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 5 ഫോറും 3 സിക്‌സുമാണ് താരം പറത്തിയത്.
ദക്ഷിണാഫ്രിക്കയില്‍ ടി20 ഫിഫ്റ്റി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി മാറാനും സൂര്യക്ക് സാധിച്ചു. നായകനെന്ന ഉത്തരവാദിത്തം ലഭിച്ചതോടെ കൂടുതല്‍ പക്വതയിലേക്ക് സൂര്യയെത്തിയിട്ടുണ്ട്. കരുത്തുറ്റ ബാറ്റിങ് പ്രകടനത്തോടെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സൂര്യക്കാവുന്നു. സൂര്യ ക്രീസിലെത്തുമ്പോള്‍ 6 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീടാണ് അദ്ദേഹം കത്തിക്കയറിയതും ചരിത്ര നേട്ടത്തിലേക്കെത്തിയതും.

ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില് ബാറ്റിങ് ദുഷ്‌കരമാണെന്നിരിക്കെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം മികച്ചതാണെന്ന് തന്നെ പറയാം. ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന ഓപ്പണര്‍മാരാണ്. എന്നാല്‍ രണ്ട് പേരും ഡെക്കായെങ്കിലും തിലക് വര്‍മയാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തനാക്കിയത്. 20 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 29 റണ്‍സാണ് തിലക് നേടിയത്.
ദക്ഷിണാഫ്രിക്കയില്‍ ടി20യില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യക്കാരനായി സൂര്യകുമാര്‍ മാറിയത് എംഎസ് ധോണിയെ മറികടന്നാണ്. 2007ല്‍ 45 റണ്‍സാണ് ധോണി നേടിയത്. ഇതേ വര്‍ഷം 36 റണ്‍സ് നേടിയ ധോണി തന്നെയാണ് മൂന്നാം സ്ഥാനത്തും. ഇപ്പോള്‍ ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തേക്കെത്താന്‍ സൂര്യക്ക് സാധിച്ചിരിക്കുകയാണ്.
പ്ലേയിങ് 11: ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), റിങ്കു സിങ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.
ദക്ഷിണാഫ്രിക്ക: മാത്യു ബ്രീറ്റ്‌സ്, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (c), ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡിലി ഫെലുക്ക്വായോ, ജെറാള്‍ഡോ കോയിറ്റ്‌സി, ലിസാഡ് വില്യംസ്, തബ്രൈസ് ഷംസി