ജൊഹാനസ്ബര്‍ഗ്: സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കൊടുങ്കാറ്റാവുകയും പിന്നാലെ ബൗളര്‍മാര്‍ മിന്നിക്കുകയും ചെയ്തതോടെ മൂന്നാം ടി20യില്‍ സൗത്താഫ്രിക്കയെ ഇന്ത്യ മുക്കി. ഏകപക്ഷീയമായ പോരാട്ടത്തില്‍ സൗത്താഫ്രിക്കയെ 106 റണ്‍സിനാണ് ഇന്ത്യ തരിപ്പണമാക്കിയത്. ഇതോടെ ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പര 1-1നു അവസാനിപ്പിക്കുകയും ചെയ്തു. ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാമങ്കത്തില്‍ ജയം സൗത്താഫ്രിക്കയ്ക്കായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ 202 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു മുന്നില്‍ വച്ചത്. മറുപടിയില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തില്‍ സൗത്താഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു. 13.5 ഓവറില്‍ വെറും 95 റണ്‍സിനു അവര്‍ കൂടാരംകയറുകയായിരുന്നു. മൂന്നു പേര്‍ മാത്രമേ സൗത്താഫ്രിക്കന്‍ നിരയില്‍ രണ്ടക്കത്തിലെത്തിയുള്ളൂ. 35 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് ടോപ്‌സ്‌കേറര്‍. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 25 റണ്‍സും ഡൊണോവന്‍ ഫെരേര 12 റണ്‍സമെടുത്തു.

ഇന്ത്യന്‍ സ്പിന്‍ കെണിയിലാണ് സൗത്താഫ്രിക്ക കടപുഴകിയത്. പിറന്നാൾ ദിനത്തില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്ത കുല്‍ദീപ് യാദവാണ് സൗത്താഫ്രിക്കയുടെ അന്തകനായത്. 2.5 ഓവറില്‍ വെറും 17 റണ്‍സിനാണ് അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയയത്. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റുകളും വീഴ്ത്തി.
നേരത്തേ സൂര്യയുടെ (100) നാലാം ടി20 സെഞ്ച്വറിയാണ് ഇന്ത്യയെ വമ്പന്‍ ടോട്ടലിലെത്തിച്ചത്. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ഇന്ത്യ നിശ്ചിത 20 ഓവറില്‍ കുറിക്കുകയായിരുന്നു. വെറും 56 ബോളിലാണ് സൂര്യ 100 റണ്‍സ് വാരിക്കൂട്ടിയത്. ഏഴു ഫോറും എട്ടു സിക്‌സറുകളുമടക്കമായിരുന്നു ഇത്.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് (60) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 41 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മൂന്നാം വിക്കറ്റില്‍ ജയ്‌സ്വാള്‍-സൂര്യ സഖ്യം ചേര്‍ന്നെടുത്ത 112 റണ്‍സാണ് മല്‍സരം സൗത്താഫ്രിക്കയില്‍ നിന്നും തട്ടിയെടുത്തത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
സൗത്താഫ്രിക്ക- റീസ ഹെന്‍ഡ്രിക്സ്, മാത്യു ബ്രീറ്റ്സ്‌കെ, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ഡൊണോവന്‍ ഫെരേര, ആന്‍ഡില്‍ ഫെലുക്വായോ, കേശവ് മഹാരാജ്, ലിസാര്‍ഡ് വില്യംസ്, തബ്രൈസ് ഷംസി, നാന്ദ്രെ ബര്‍ഗര്‍.