ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ നടക്കാനിരിക്കുന്ന മൂന്നു ഫോര്‍മാറ്റുകളിലുമുള്ള പരമ്പരയെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. മൂന്നു വീതം ടി20കളും ഏകദിനവും രണ്ടു ടെസ്റ്റുകളുമാണ് ഒരു മാസത്തിലേറെ നീളുന്ന പര്യടനത്തിലുള്ളത്. ടി20 പരമ്പരയ്ക്കു ഞായറാഴ്ച തുടക്കമാവും.
പിന്നാലെ 17 മുതലാണ് ഏകദിന പരമ്പര. ടെസ്റ്റ് പരമ്പര തുടങ്ങുന്നത് ഈ മാസം 26നുമാണ്. മൂന്നു വ്യത്യസ്ത ക്യാപ്റ്റന്‍മാരാണ് ഈ പരമ്പരകളില്‍ ഇന്ത്യയെ നയിക്കുന്നത്. ടി20യില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഏകദിനത്തില്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനു കീഴിലാണ് ഇന്ത്യയിറങ്ങുക. ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്കു കീഴിലും ഇന്ത്യ അങ്കത്തിനിറങ്ങും.

രോഹിത്തും വിരാട് കോലിയും ജസ്പ്രീത് ബുംറയുമടക്കമുള്ള സീനിയര്‍ താരങ്ങൾ ടീമില്‍ തിരിച്ചെത്തുന്നത് ടെസ്റ്റിലൂടെയായിരിക്കും. രോഹിത്തും കോലിയും ടി20, ഏകദിനം എന്നിവയില്‍ കളിക്കുന്നില്ല. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്കു വൈറ്റ് ബോള്‍ പരമ്പരകളും പൂര്‍ണമായി നഷ്ടമാവുകയും ചെയ്തു.
മൂന്നു പരമ്പരകളിലെയും ഫേവറിറ്റുകള്‍ സൗത്താഫ്രിക്കയാണെന്നാണ് ചോപ്ര പ്രവചിച്ചിരിക്കുന്നത്. മാത്രമല്ല ഒരു പരമ്പരയിലും ഏതെങ്കിലുമൊരു ടീം തൂത്തുവാരപ്പെടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു ചോപ്ര.
ഒരു തൂത്തുവാരല്‍ മൂന്നു പരമ്പരകളിലും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഏകദിനത്തില്‍ നമ്മള്‍ ഏറ്റവും മികച്ച ടീമിനെയല്ല സൗത്താഫ്രിക്കയില്‍ ഇറക്കുന്നത്. സൗത്താഫ്രിക്കയും അവരുടെ ഏറ്റവും ശക്തമായ ടീമിനെയല്ല പരീക്ഷിക്കുക. എന്നിരുന്നാലും സാഹചര്യങ്ങള്‍ അവര്‍ക്കു അനുകൂലമാണ്. കഴിഞ്ഞ ലോകകപ്പില്‍ സൗത്താഫ്രിക്ക മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നതായി ചോപ്ര നിരീക്ഷിച്ചു.
ടി20, ഏകദിനം, ടെസ്റ്റ് ഈ മൂന്നിലും ഇന്ത്യക്കു പരമ്പര നേടാന്‍ കഴിയില്ല. സൗത്താഫ്രിക്കയാണ് എല്ലാത്തിലും ഫേവറിറ്റുകളെന്നു ഞാന്‍ കരുതുന്നു. ചിലപ്പോള്‍ ഞാന്‍ തെറ്റായിരിക്കാം, അങ്ങനൊവട്ടെയെന്നു ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
പക്ഷെ കുറച്ചു മല്‍സരങ്ങള്‍ സൗത്താഫ്രിക്കയ്ക്കു അനുകൂലമായി മാറുമെന്നു എനിക്കു കാണാന്‍ സാധിക്കുന്നു. മൂന്നു പരമ്പരകളിളെയും ആകെയുള്ള എട്ടു മല്‍സരങ്ങളെടുത്താല്‍ സൗത്താഫ്രിക്ക അതു 5-3നു നേടുമെന്നാണ് തോന്നുന്നതെന്നും ചോപ്ര പ്രവചിച്ചു.

2021-22ലായിരുന്നു ഇന്ത്യ അവസാനമായി സൗത്താഫ്രിക്കയില്‍ പര്യടനം നടത്തിയത്. മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ അന്നു 1-2നു കൈവിടുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ജയിച്ചുകൊണ്ട് ഇന്ത്യ ഗംഭീരമായി തുടങ്ങിയെങ്കിലും അടുത്ത രണ്ടിലും തോറ്റ് പരമ്പരയും നഷ്ടപ്പെടുത്തുകയായിരുന്നു. അതിനു ശേഷമുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയും ചെയ്തു.
ടെസ്റ്റ് പരമ്പരയില്‍ കോലിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ഈ പരമ്പരയ്ക്കു പിന്നാലെയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം നായകസ്ഥാനം രാജിവച്ചത്. സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഈ ദുഷ്‌പേര് ഇത്തവണയെങ്കിലും മായ്ക്കാന്‍ രോഹിത്തിനും സംഘത്തിനും സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അന്നു രാഹുലായിരുന്നു ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ചത്. പരിക്കു കാരണം രോഹിത്തിനു പര്യടനം നഷ്ടമായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇത്തവണയും ക്യാപ്റ്റന്‍ സ്ഥാനത്തു രാഹുല്‍ തന്നെയാണ്. ടെസ്റ്റ് പരമ്പരയില്‍ രാഹുലിന്റെയും ജസ്പ്രീത് ബംറയുടെയും പ്രകടനങ്ങളായിരുന്നു ഇന്ത്യയുടെ പ്രധാന പോസിറ്റീവുകള്‍. ഏകദിനത്തില്‍ ശിഖര്‍ ധവാനും ബുംറയുമാണ് ടീമിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്.