ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച ശേഷം സൗത്താഫ്രിക്കന്‍ ചാലഞ്ചിനു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യത്തെ മല്‍സരം ഈ ഞായറാഴ്ച രാത്രി നടക്കും. പരിക്കു കാരണം ഹാര്‍ദിക് പാണ്ഡ്യ പുറത്തു തന്നെയായതിനാല്‍ സൂര്യകുമാര്‍ യാദവാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. ഓസീസുമായുള്ള പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട ചില താരങ്ങള്‍ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്തിയിട്ടുണ്ട്.
ബാറ്റിങ് സെന്‍സേഷനും ഓപ്പണറുമായ ശുഭ്മന്‍ ഗില്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, സ്പിന്നര്‍ കുല്‍ദീപ് യാദവ്, മുന്‍നിര പേസറായ മുഹമ്മജ് സിറാജ് എന്നിവരാണിത്. സൗത്താഫ്രിക്കന്‍ പിച്ചുകള്‍ പേസ് ബൗളിങിനു അനുകൂലമായതിനാല്‍ തന്നെ മൂന്നു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരെ പ്ലെയിങ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. എങ്ങനെയാവും ഇന്ത്യന്‍ ബൗളിങ് ലൈനപ്പെന്നു നമുക്കു പരിശോധിക്കാം.

അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നു പേസര്‍ ദീപക് ചാഹര്‍ ടീമംഗങ്ങളോടൊപ്പം സൗത്താഫ്രിക്കയിലേക്കു വന്നിട്ടില്ല. ടി20 പരമ്പരയില്‍ അദ്ദേഹം കളിക്കാനുള്ള സാധ്യത തീരെ കുറവാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍. അങ്ങനെയെങ്കില്‍ ചാഹറിനെ മാറ്റി നിര്‍ത്തിയുള്ള ഒരു ബൗളിങ് ലൈനപ്പ് ഇന്ത്യക്കു കണ്ടെത്തിയേ തീരൂ. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തില്‍ സിറാജായിരിക്കും പരമ്പരയില്‍ ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക.
അടുത്ത രണ്ടു പേസര്‍മാരായി അര്‍ഷ്ജദീപ് സിങും മുകേഷ് കുമാറുമായിരിക്കും പ്ലെയിങ് ഇലവനിലേക്കു വരുന്നത്. ചാഹര്‍ സെലക്ഷനു ലഭ്യമായിരുന്നെങ്കില്‍ അര്‍ഷ്ദീപ്, മുകേഷ് എന്നിവരില്‍ ആരെ കളിപ്പിക്കുമെന്നത് ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുമായിരുന്നു. പക്ഷെ ചാഹറിന്റെ അസാന്നിധ്യം മുകേഷിന്റെയും അര്‍ഷ്ദീപിന്റെയും സീറ്റ് ഉറപ്പാക്കിയിരിക്കുകയാണ്. കാരണം ഇന്ത്യന്‍ സ്‌ക്വാഡിലുള്ള മറ്റു രണ്ടു പേസര്‍മാര്‍ ഇവര്‍ മാത്രമാണ്.

സ്പിന്‍ ബൗളിങ് ഓപ്ഷനുകള്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെക്കൂടാതെ കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ് എന്നിവരുമാണ്. രണ്ടു പേരെ മാത്രമേ ഇന്ത്യക്കു കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഓസീസിനെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ ഒമ്പതു വിക്കറ്റുകളെടുത്ത ബിഷ്‌നോയ് പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മാത്രമല്ല പുതുതായി പ്രഖ്യാപിച്ച ഐസിസിയുടെ ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ ബിഷ്‌നോയ് നമ്പര്‍ വണ്ണാവുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരേ അദ്ദേഹത്തെ മാറ്റി നിര്‍ത്തുക ഇന്ത്യക്കു എളുപ്പവുമാവില്ല. എന്നാല്‍ ബിഷ്‌നോയിയെ കളിപ്പിച്ചാല്‍ കുല്‍ദീപ്, ജഡ്ഡു രണ്ടിലൊരാളെ മാത്രമേ കളിപ്പിക്കാന്‍ കഴിയൂവെന്നതും പ്രശ്‌നമാണ്. ഓള്‍റൗണ്ടറായതിനാല്‍ തന്നെ ബാറ്റിങ് നിരയ്ക്കു ആഴം കൂട്ടുന്നതിനു ജഡേജയെ ഇറക്കാന്‍ നിര്‍ബന്ധിതരായി തീരുകയും ചെയ്യും.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍.), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍.), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍) വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, മുകേഷ് കുമാര്‍.