ധരംശാല: സൗത്താഫ്രിക്കയുമായുള്ള മൂന്നാം ടി20യിലും കാര്യമായ ഇംപാക്ടുണ്ടാക്കാതെ പുറത്തായിരിക്കുകയാണ് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍. സ്ലോ ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം 28 റണ്‍സ് മാത്രമെടുത്താണ് മടങ്ങിയത്. ഈ റണ്ണിനായി ഇത്ര തന്നെ ബോളുകളും ഗില്ലിനു വേണ്ടിവന്നു. അഞ്ചു ഫോറുകളുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. 100 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
ഈ വര്‍ഷം തുടര്‍ച്ചയായി 15ാം ഇന്നിങ്‌സാണ് ഫിഫ്റ്റിയില്ലാതെ ഗില്‍ പൂര്‍ത്തിയാക്കിയത്. നേരത്തേ ചണ്‍ഡീഗഡില്‍ നടന്ന രണ്ടാം ടി20ലില്‍ അദ്ദേഹത്തിനു ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടേണ്ടി വന്നിരുന്നു. ഈ മല്‍സരത്തിലും ഗില്‍ ഗോള്‍ഡന്‍ ഡെക്കാവേണ്ടതായിരുന്നു. പക്ഷെ കഷ്ടിച്ച് താരം രക്ഷപ്പെടുകയായിരുന്നു. ഇതില്‍ ഗില്ലിന്റെ ചേച്ചിക്കും ഒരു പങ്കുണ്ടെന്നു പറയേണ്ടി വരും. എങ്ങനെയെന്നറിയാം.

സംഭവമിങ്ങനെ
ഐസിസിയുടെ ടി20 ലോകകപ്പ് തൊട്ടരികില്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്‍ ഈ കളിയിലെങ്കിലും മികച്ചൊരു ഇന്നിങ്‌സുമായി ഫോം വീണ്ടെടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനമായിരുന്നു. കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമെല്ലാം ഇതു ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു.
പക്ഷെ അവരേക്കാളെല്ലാം ഗില്‍ മിന്നിക്കാന്‍ മനമുരുകി പ്രാര്‍ഥിച്ച മറ്റൊരാള്‍ ഈ മല്‍സരവേദിയിലുണ്ടായിരുന്നു. അതു അദ്ദേഹത്തിന്റെ മൂത്ത സഹോദരി ഷനീല്‍ ഗില്ലായിരുന്നു. കുഞ്ഞനുജന്‍ ഈ കളിയിലെങ്കിലും ഒന്നു ക്ലിക്കാവണമേയെന്ന ആഗ്രഹവുമായാണ് ഇവര്‍ സ്‌റ്റേഡിയത്തിലെത്തിയത്. ഇന്ത്യക്കു വേണ്ടി റണ്‍ചേസില്‍ അഭിഷക് ശര്‍മയ്‌ക്കൊപ്പം ഗില്‍ ബാറ്റിങിനായി ക്രീസിലെത്തിയതു മുതല്‍ ഷനീല്‍ കണ്ണടച്ച് പ്രാര്‍ഥനയിലായിരുന്നു.
വളരെ വികാരധീനയായി അവര്‍ കണ്ണടച്ചു പ്രാര്‍ഥിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബ്രോഡ്കാസ്റ്റര്‍മരുടെ ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയിലും വൈറലായി തീര്‍ന്നു. പലരും ഇതും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അനുജനു വേണ്ടി ചേച്ചിയുടെ പ്രാര്‍ഥന ഒരിക്കലും പാഴാവില്ലെന്നായിരുന്നു ചിലര്‍ ഇതേപ്പറ്റി കുറിച്ചത്.
ഷനീലിന്റെ പ്രാര്‍ഥന പോലെ തന്നെയാണ് ഗോള്‍ഡന്‍ ഡെക്കില്‍ നിന്നും ഗില്‍ അദ്ഭുതകമായി രക്ഷപ്പെടുന്നത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യത്തെ ഏഴു ബോളുകളും നേരിട്ടത് അഭിഷേകായിരുന്നു. രണ്ടാം ഓവറിലെ രണ്ടാമത്തെ ബോളിലാണ് ഗില്ലിനു സ്‌ട്രൈക്ക് ലഭിച്ചത്. ഇടംകൈയന്‍ പേസര്‍ മാര്‍ക്കോ യാന്‍സണായിരുന്നു ബൗളര്‍.

Photocredit / Jiohotstar
മിഡില്‍-ലെഗ് സ്റ്റംപ് ഏരിയയില്‍ ബാക്ക് ഓഫ് ലെങ്ത്ത് ബോളായിരുന്നു യാന്‍സണ്‍ എറിഞ്ഞത്. ഗില്‍ അതു കളിക്കാന്‍ ശ്രമിച്ചെങ്കിലും കണക്ടായില്ല. ഇതു പാഡില്‍ പതിച്ചതോടെ യാന്‍സണിന്റെ എല്‍ബിഡബ്ല്യു അപ്പീല്‍. അംപയര്‍ അതു ഔട്ടും വിധിക്കുകയായിരുന്നു. എന്നാല്‍ ഗില്‍ ഉടന്‍ തന്നെ റിവ്യു എടുക്കുകയായിരുന്നു. റീപ്ലേ പരിശോധിച്ചപ്പോള്‍ അള്‍ട്രാ എഡ്ജില്‍ ബാറ്റില്‍ ചെറിയ ടച്ചുണ്ടെന്നു വ്യക്തമായി. ഇതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ടും വിധിച്ചു.
ബാറ്റില്‍ ചെറിയ ഉരസല്‍ ഇല്ലായിരുന്നെങ്കില്‍ ഇതു ഉറപ്പായും ഔട്ടായേനെ. തുടരെ രണ്ടാമത്തെ കളിയിലും ഗോള്‍ഡന്‍ ഡെക്കെന്ന നാണക്കേടുമായി ഗില്ലിനു ക്രീസ് വിടേണ്ടിയും വരുമായിരുന്നു. ഗില്ലിന്റെ ഈ രക്ഷപ്പെടലിനു പ്രധാന കാരണം ചേച്ചിയുടെ പ്രാര്‍ഥനയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.