സെഞ്ചൂറിയന്‍: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 245 റണ്‍സിനു മറുപടിയില്‍ രണ്ടാം ദിനം രണ്ടാം സെഷനില്‍ സൗത്താഫ്രിക്ക മൂന്നു വിക്കറ്റിനു 118 റണ്‍സെടുത്തിട്ടുണ്ട്. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 127 റണ്‍സ് കൂടി മതി.
ഈ ടെസ്റ്റില്‍ വലിയ ലീഡ് വഴങ്ങി ഇന്ത്യ പരാജയത്തിലേക്കു വീഴുകയാണെങ്കില്‍ അതിന്റെ പ്രധാന കാരണക്കാരന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയായിരിക്കും. കാരണം നായകനെന്ന നിലയില്‍ അദ്ദേഹം വലിയൊരു അബദ്ധം രണ്ടാം സെഷനില്‍ വരുത്തിയിരുന്നു. സൗത്താഫ്രിക്കയെ ടെസ്റ്റില്‍ ബാക്ക്ഫൂട്ടിലാക്കാന്‍ ഇന്ത്യക്കു സാധിക്കാതെ പോയതും ഈ കാരണത്താല്‍ തന്നെയാണ്.

ലഞ്ച് ബ്രേക്കിനു പിന്നാലെയായിരുന്നു രോഹിത്ത് വലിയൊരു മണ്ടത്തരം കാണിച്ചത്. ഒരു വിക്കറ്റിനു 49 റണ്‍സെന്ന നിലയിലായിരുന്നു സൗത്താഫ്രിക്ക ലഞ്ച് ബ്രേക്കിനു പിരിഞ്ഞത്. 29 റണ്‍സുമായി ഡീന്‍ എല്‍ഗറും 12 റണ്‍സെടുത്ത ടോണി ഡി സോര്‍സിയുമായിരുന്നു ക്രീസില്‍. ലഞ്ച് ബ്രേക്കിനു പിന്നാലെ പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെ കൊണ്ടു വന്ന് എത്രയും വേഗത്തില്‍ രണ്ട്, മൂന്ന് വിക്കറ്റുകളെടുക്കുകയായിരുന്നു ഇന്ത്യ ചെയ്യേണ്ടിയിരുന്നത്.
പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ശര്‍ദ്ദുല്‍ ടാക്കൂറിനാണ് ലഞ്ച് ബ്രേക്കിനു ശേഷമുള്ള ആദ്യ ഓവര്‍ രോഹിത് നല്‍കിയത്. മറ്റൊരു ബൗളറായി അരങ്ങേറ്റക്കാരനായ പേസര്‍ പ്രസിദ്ധ് കൃഷ്ണയെയും പരീക്ഷിക്കുകയായിരുന്നു. പക്ഷെ യാതൊരു നിയന്ത്രണവില്ലാതെ ഇരുവരും ബൗള്‍ ചെയ്തതോടെ എല്‍ഗറിനും സോര്‍സിക്കും കാര്യങ്ങള്‍ എളുപ്പമായി.
ഇരുവരും അതിവേഗത്തില്‍ റണ്‍സ് അടിച്ചെടുത്ത് സൗത്താഫ്രിക്കയെ മുന്നോട്ടു നയിച്ചു. ഒരു ബൗണ്ടറിയെങ്കിലും രണ്ടു പേരും എല്ലാം ഓവറുകളിലും വഴങ്ങിയിരുന്നു. പക്ഷെ രോഹിത് എന്നിട്ടും ബുംറയെയോ, സിറാജിനെയോ കൊണ്ടുവന്ന് ഈ സഖ്യത്തെ വേര്‍പിരിക്കാന്‍ ശ്രമിച്ചതുമില്ല.
എട്ടോവറുകള്‍ ശര്‍ദ്ദുലും പ്രസിദ്ധും പങ്കിട്ട ശേഷം ഒമ്പതാം ഓവറിലാണ് ബുംറയെ തിരികെ വിളിക്കാനുള്ള ബുദ്ധി രോഹിത് കാണിച്ചത്. പക്ഷെ അപ്പോഴേക്കും ഒരു വിക്കറ്റിനു 91 റണ്‍സെന്ന നിലയില്‍ സൗത്താഫ്രിക്ക പിടിമുറുക്കിക്കഴിഞ്ഞിരുന്നു. 42 റണ്‍സ് ശര്‍ദ്ദുലും പ്രസിദ്ധും എട്ടോവറില്‍ വഴങ്ങുകയും ചെയ്തു.
ഇതിനിടെ എല്‍ഗര്‍ ഫിഫ്റ്റിയും കുറിച്ചിരുന്നു. ലഞ്ച് ബ്രേക്കിനു പിന്നാലെ ബുംറയും സിറാജും ബൗള്‍ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ ഫലം മറ്റൊന്നാവുമായിരുന്നു. പക്ഷെ സ്‌ട്രൈക്ക് ബൗളര്‍മാരെ മാറ്റിനിര്‍ത്തി സൗത്താഫ്രിക്കയെ സഹായിക്കുന്നതു പോലെയായിരുന്നു രോഹിത്തിന്റെ നീക്കം.

ബുംറയും സിറാജും മടങ്ങിയെത്തിയതോടെ വൈകാതെ കാത്തിരുന്ന ബ്രേക്ക്ത്രൂ ഇന്ത്യക്കു ലഭിക്കുകയും ചെയ്തു. 28 റണ്‍സെടുത്ത ഡിസോര്‍സിയെ ബുംറയുടെ ബൗളിങില്‍ യശസ്വി ജയ്‌സ്വാള്‍ പിടികൂടുകയായിരുന്നു. തന്റെ അടുത്ത ഓവറില്‍ പുതുതായി ക്രീസിലെത്തിയ കീഗന്‍ പീറ്റേഴ്‌സനെ (2) ബുംറ ബൗള്‍ഡാക്കുകയും ചെയ്തു. ഇതോടെ കളിയിലേക്കു ഇന്ത്യ തിരികെ വരികയായിരുന്നു.
അതേസമയം, കെഎല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ആറാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 101 റണ്‍സുമായി ടീമിന്റെ രക്ഷകനായി മാറുകയായിരുന്നു. 137 ബോളുകള്‍ നേരിട്ട രാഹുലിന്റെ ഇന്നിങ്‌സില്‍ 14 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
വിരാട് കോലി (38), ശ്രേയസ് അയ്യര്‍ (31) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. സൗത്താഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡ അഞ്ചു വിക്കറ്റുകളെടുത്തപ്പോള്‍ അരങ്ങേറ്റക്കാരനായ നാന്ദ്രെ ബര്‍ഗര്‍ മൂന്നു വിക്കറ്റുകളും നേടി.