ജൊഹാനസ്ബര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ കുറച്ചു മല്‍സരങ്ങള്‍ കൊണ്ടു തന്നെ ഇന്ത്യയുടെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് യുവതാരം റിങ്കു സിങ്. ഫിനിഷറുടെ റോളില്‍ ഇന്ത്യ ഇനി മറ്റൊരാളെ തിരയേണ്ടതില്ലെന്നും ദീര്‍ഘകാലം തനിക്കു ഇതു ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നുമാണ് അദ്ദേഹം ഇതിനകം തെളിയിച്ചത്. സൗത്താഫ്രിക്കയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ പക്ഷെ റിങ്കുവിനു അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല.
10 ബോളില്‍ ഒരു സിക്സറടക്കം 14 റണ്‍സ് നേടി അദ്ദേഹം ക്രീസ് വിടുകയായിരുന്നു. ഒരു വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്താനുള്ള സുവര്‍ണാവസരം കൂടിയാണ് ഇതിലൂടെ റിങ്കു നഷ്ടപ്പെടുത്തിയത്. ഈ മല്‍സരത്തില്‍ 22 റണ്‍സ് നേടിയിരുന്നെങ്കില്‍ അരങ്ങേറിയ വര്‍ഷം തന്നെ വലിയൊരു റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കുമായിരുന്നു.

ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 ശരാശരിയില്‍ 160നു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ലോകത്തിലെ രണ്ടാമത്തെ താരമാവാനുള്ള സുവര്‍ണാവസരമാണ് റിങ്കുവിനു കൈയെത്തുദൂരത്തു വഴുതിപ്പോയത്. ഐപിഎല്ലിലടക്കം ടി20യില്‍ ഈ വര്‍ഷം 66 ശരാശരിയില്‍ 162 സ്‌ട്രൈക്ക് റേറ്റില്‍ 992 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ടി20യുടെ ചരിത്രത്തില്‍ നിലവില്‍ ഒരേയൊരു താരത്തിനു മാത്രമേ ഈ റെക്കോര്‍ഡ് കുറിക്കാനായിട്ടുള്ളൂ. യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിനു മാത്രമേ നേരത്തേ ഇതിനു സാധിച്ചുള്ളൂ.
ഒന്നല്ല, മറിച്ച് രണ്ടു തവണ കരിയറില്‍ ഗെയ്ല്‍ ഈ അപൂര്‍വ്വ നേട്ടം കുറിച്ചിട്ടുണ്ട്. 2011, 2015 വര്‍ഷങ്ങളിലായിരുന്നു ഇത്. വെറും എട്ടു റണ്‍സിനാണ് ഗെയ്‌ലിനോടൊപ്പമെത്താനുള്ള സുവര്‍ണാവസരം റിങ്കുവിനു നഷ്ടമായത്. 992 റണ്‍സുമായാണ് അദ്ദേഹം ഈ വര്‍ഷം അവസാനിപ്പിക്കുന്നത്. ഈ മാസം റിങ്കുവിനു ഇനി ടി20 മല്‍സരങ്ങളില്ല. ഇന്ത്യയുടെ അടുത്ത ടി20 പരമ്പര ഇനി 2024 ജനുവരിയില്‍ അഫ്ഗാനിസ്താനെതിരേയാണ്.
ഈ വര്‍ഷം ആഗസ്റ്റിലാണ് ഇന്ത്യന്‍ കുപ്പായത്തില്‍ റിങ്കു അരങ്ങേറിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ഫിനിഷറുടെ റോളില്‍ നടത്തിയിട്ടുള്ള മിന്നുന്ന പ്രകടനങ്ങളാണ് അദ്ദേഹത്തിനു ഇന്ത്യന്‍ ടി20 ടീമിലേക്കു വഴി തുറന്നത്. ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ ഏഷ്യാ കപ്പിനു തൊട്ടുമുമ്പ് ഇന്ത്യയുടെ രണ്ടാംനിര ടീം അയര്‍ലാന്‍ഡില്‍ ടി20 പരമ്പര കളിച്ചപ്പോള്‍ റിങ്കുവിനും ടീമില്‍ ഇടം ലഭിക്കുകയായിരുന്നു.

കന്നി പരമ്പരയില്‍ തന്നെ ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ച റിങ്കു തന്റെ സാന്നിധ്യമറിയിക്കുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി 12 മല്‍സരങ്ങളിലായി എട്ടു എട്ടു ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 65.5 ശരാശരിയില്‍ 180.69 സ്‌ട്രൈക്ക് റേറ്റോടെ 262 റണ്‍സെടുക്കുകയും ചെയ്തു. ഒരു ഫിഫ്റ്റിയടക്കമാണിത്. സൗത്താഫ്രിക്കയുമായുള്ള ഇതേ പരമ്പരയിലെ രണ്ടാമത്തെ ടി20യിലാണ് 68 റണ്‍സുമായി റിങ്കു മിന്നിച്ചത്.
അതേസമയം, നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ 106 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. പരമ്പര ഇതോടെ 1-1നു അവസാനിപ്പിക്കാനും സൂര്യകുമാര്‍ യാദവിനും സംഘത്തിനും സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യയുടെ (100) സെഞ്ച്വറിയിലേറി ഏഴു വിക്കറ്റിനു 201 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. മറുപടിയില്‍ സൗത്താഫ്രിക്ക 13.5 ഓവറില്‍ വെറും 95 റണ്‍സിനു ഓള്‍ഔട്ടാവുകയും ചെയ്തു.