
ഇതിനൊരു കാരണം കൂടിയുണ്ട്. നേരത്തേ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ബുംറയും യാന്‍സണും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. അന്നു അംപയര്‍ പിടിച്ചുമാറ്റിയതോടെയാണ് പ്രശ്‌നം അവസാനിച്ചത്. ഈ ടെസ്റ്റില്‍ പക്ഷെ കോലി പരിക്കു കാരണം കളിച്ചിരുന്നില്ല. എങ്കിലും ടീമിന്റെ ഡ്രസിങ് റൂമില്‍ വച്ച് എല്ലാ സംഭവവികാസങ്ങള്‍ക്കും അദ്ദേഹം സാക്ഷിയായിരുന്നു. കേപ്ടൗണ്‍ ടെസ്റ്റില്‍ നായകസസ്ഥാനത്തേക്കു തിരിച്ചെത്തിയപ്പോള്‍ ഈ സംഭവം മനസ്സിലുണ്ടായിരുന്ന കോലി ബുംറയ്ക്കു യാന്‍സണിനോടു കണക്കുതീര്‍ക്കാനുള്ള അവസരമൊരുക്കുകയായിരുന്നു. ഇതിനെയാണ് ട്വിറ്ററിലൂടെ പൃഥ്വിരാജ് അഭിനന്ദിച്ചത്.

ജൊഹാനസ്ബര്‍ഗ് ടെസ്റ്റ് ഡ്രസിങ് റൂമില്‍ വച്ച് കണ്ട ശേഷം ഇപ്പോള്‍ മാര്‍ക്കോ യാന്‍സണ്‍ ക്രീസിലെത്തിയപ്പോള്‍ ജസ്പ്രീത് ബുംറയ്ക്കു ബോള്‍ എറിഞ്ഞുകൊടുത്തു, ഇതാണ് വിരാട് കോലിയുടെ ക്യാപ്റ്റന്‍സി ബ്രാന്‍ഡ്്! ശരിയായ ക്രിക്കറ്റ് ബോക്‌സ് ഓഫീസ് എന്നായിരുന്നു പൃഥ്വിരാജ് തന്റെ ട്വിറ്റര്‍ ഹാന്റിലില്‍ കുറിച്ചത്.

യാന്‍സണ്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുന്നതു വരെ കോലി മറ്റു ബൗളര്‍മാരെയാണ് മാറി മാറി പരീക്ഷിച്ചത്. സൗത്താഫ്രിക്കന്‍ ഇന്നിങ്‌സില്‍ 41ാം ഓവര്‍ ബൗള്‍ ചെയ്തത് ബുംറയായിരുന്നു. പിന്നീട് അദ്ദേഹത്തെ കോലി പിന്‍വലിക്കുകയായിരുന്നു. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവരെയാണ് പിന്നീട് അദ്ദേഹം മാറി മാറി പരീക്ഷിച്ചത്. ഷമിയെറിഞ്ഞ 56ാം ഓവറില്‍ ടെംബ ബവുമയും പുതുതായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ കൈല്‍ വെറയ്‌നും പുറത്തായി. തുടര്‍ന്നാണ് യാന്‍സണ്‍ ക്രീസിലേക്കു വന്നത്. ഈ ഓവര്‍ കഴിഞ്ഞതിനു പിന്നാലെ കോലി ബുംറയെ പന്തെറിയാന്‍ തിരികെ വിളിക്കുകയായിരുന്നു. തന്റെ നാലാമത്തെ ഓവറില്‍ യാന്‍സണിനെ അദ്ദേഹം പുറത്താക്കുകയും ചെയ്തു. തകര്‍പ്പനൊരു ബോൡ യാന്‍സണിന്റെ ഓഫ് സ്റ്റംപ് ബുംറ തെറിപ്പിക്കുകയായിരുന്നു. 26 ബോളില്‍ ഏഴു റണ്‍സാണ് താരത്തിനു നേടാനായത്.

ബുംറയെ സംബന്ധിച്ച് യാന്‍സണിനെതിരേ ഇതൊരു മധുരപ്രതികാരം കൂടിയാണ്. കാരണം രണ്ടാം ടെസ്റ്റിനിടെ തന്നെ സ്ലെഡ്ജ് ചെയ്തതിന് അദ്ദേഹം കേപ്ടൗണില്‍ കണക്കു ചോദിക്കുകയായിരുന്നു. അന്നു ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ ബുംറയോടു യാന്‍സണ്‍ മോശമായി പെരുമാറിയിരുന്നു. ബുംറയ്‌ക്കെതിരേ തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകളെറിഞ്ഞ യാന്‍സണ്‍ കണ്ണുരുട്ടി നോക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.

ആദ്യത്തെ മൂന്നു ബോളുകളില്‍ ബുംറ ഇതിനെ ചിരിച്ചുകൊണ്ട് തമാശയായാണ് നേരിട്ടത്. എന്നാല്‍ നാലാമത്തെ ബോളിലും സൗത്താഫ്രിക്കന്‍ പേസര്‍ ഇതു തുടര്‍ന്നതോടെ ബുംറയ്ക്കും നിയന്ത്രണം വിട്ടു. പന്തെറിഞ്ഞു തിരിഞ്ഞുനടക്കവെ യാന്‍സണിനെ ബുംറ അടുത്തേക്ക് കൈകൊണ്ട് വിളിക്കുകയായിരുന്നു. പിച്ചിന്റെ മധ്യത്തില്‍ വച്ച് ഇരുവരും വാക്‌പോര് തുടങ്ങിയതോടെ അംപയര്‍ ഇടപെടുകയും ബുംറയെ പിടിച്ചുമാറ്റുകയുമായിരുന്നു.

അതേസമയം, കേപ്ടൗണ്‍ ടെസ്റ്റില്‍ മൂന്നു ദിനവും എട്ടു വിക്കറ്റുകളും ബാക്കിനില്‍ക്കെ ഇന്ത്യ 70 റണ്‍സിന്റെ ലീഡ് നേടിയിരിക്കുകയാണ്. 13 റണ്‍സിന്റെ ചെറിയ ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 57 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ (7), കെഎല്‍ രാഹുല്‍ എന്നിവരെ ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. നായകന്‍ കോലിക്കൊപ്പം (14) ചേതേശ്വര്‍ പുജാരയാണ് (9) ക്രീസില്‍. മൂന്നാംദിനം മികച്ച കൂട്ടുകെട്ടുകളുമായി ബാറ്റിങ് നിര തിളങ്ങിയാല്‍ മാത്രമേ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം സൗത്താഫ്രിക്കയ്ക്കു നല്‍കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ.


Click it and Unblock the Notifications












