
സൗത്താഫ്രിക്കയുമായി നാട്ടില്‍ അഞ്ചു ടി20കളുടെ പരമ്പരയാണ് ഐപിഎല്ലിനു ശേഷം ഇന്ത്യ ആദ്യമായി കളിക്കുന്നത്. അതിനു ശേഷം അയര്‍ലാന്‍ഡുമായി അവരുടെ നാട്ടില്‍ രണ്ടു ടി20കളും ഇന്ത്യ കളിക്കും. ഐപിഎല്ലിലെ പ്രകടനങ്ങള്‍ കൂടി വിലയിരുത്തിയാവും ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക. സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച് ചില നിര്‍ണായക സൂചനകള്‍ ഇപ്പോള്‍ പുറത്തു വരികയാണ്.

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പ്ം ബാറ്റിങില്‍ പതറുന്ന മുന്‍ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ കളിക്കാനിടയില്ല. കോലിക്കു ഈ പരമ്പരയിലും അയര്‍ലാന്‍ഡുമായുള്ള അടുത്ത പരമ്പരയിലും വിശ്രമം നല്‍കാനാണ് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്.
ഈ സീസണിലെ ഐപിഎല്ലില്‍ കോലി ഒരേയൊരു ഫിഫ്റ്റി മാത്രമേ നേടിയിട്ടുള്ളൂ. മാത്രമല്ല തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു. തന്റെ പതിവു ശൈലിയില്‍ ഒഴുക്കോടെ കളിക്കാന്‍ കോലിക്കു ടൂര്‍ണമെന്റില്‍ സാധിക്കുന്നില്ല. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനു ഒരു ബ്രേക്ക് അനിവാര്യമായി വന്നിരിക്കുകയാണെന്നു മുന്‍ കോച്ച് രവി ശാസ്ത്രിയുള്‍പ്പെടെയുളളവര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തുമെന്നാണ് വിവരം. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്ന അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടന്ന ടി20 ലോകകപ്പിലായിരുന്നു ഹാര്‍ദിക്കിനെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. അതിനു ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി താരത്തെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തുകയായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യയെക്കൂടാതെ യുവ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായാണ് ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെടാനിടയുള്ള മറ്റൊരു താരമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി മോശമല്ലാത്ത പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക്, അവരുടെ തന്നെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ എന്നിവരെയും സൗത്താഫ്രിക്ക, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താനിടയുണ്ട്.

ജമ്മു കാശ്മീരില്‍ നിന്നുള്ള യുവ പേസര്‍ ഉമ്രാന്‍ മാലീക്ക് തീപ്പൊരി ബൗളിങാണ് ഐപിഎല്ലില്‍ കാഴ്ചവയ്ക്കുന്നത്. ടൂര്‍ണമന്റിലെ ഏറ്റവും വേഗമേറിയ ബൗളര്‍ കൂടിയാണ് 22 കാരനായ താരം. ഒമ്പതു മല്‍സലങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ ഉമ്രാന്‍ നേടിക്കഴിഞ്ഞു. ഒരു അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു.

അഭിഷേക് ശര്‍മയുടെ കാര്യമെടുത്താല്‍ ഹൈദരാബാദിനു വേണ്ടി ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 36 ശരാശരിയില്‍ 324 റണ്‍സ് നേടിയിട്ടുണ്ട്. 134.43 ആണ് സ്‌ട്രൈക്ക് റേറ്റ്. രണ്ടു ഫിഫ്റ്റികള്‍ അഭിഷേക് നേടിക്കഴിഞ്ഞു. 75 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഉമ്രാന്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ടെങ്കിലും അഭിഷേകിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഐപിഎല്ലില്‍ സീസണിലെ ബാക്കി മല്‍സരങ്ങളില്‍ കൂടി താരത്തിന്റെ പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും സെലക്ടര്‍മാര്‍ തീരുമാനമെടുക്കുക.


Click it and Unblock the Notifications