ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയ്ക്കു പിന്നാലെ ടീം ഇന്ത്യ സൗത്താഫ്രിക്കയിലേക്കു പറക്കുകയാണ്. അവിടെ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും ആദ്യം മുഖാമുഖം വരുന്നത്. അടുത്ത ഞായറാഴ്ചയാണ് (ഡിസംബര്‍ 10) ടി20 പരമ്പരയിലെ ആദ്യ പോരാട്ടം. ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റു വിശ്രമത്തിലായതിനാല്‍ സൂര്യകുമാര്‍ യാദവിനു കീഴിലാണ് ഇന്ത്യ അങ്കത്തിനിറങ്ങുക.
ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ടീമിലേക്കു മടങ്ങിയെത്തും. ഇതോടെ ഓപ്പണിങില്‍ ആരൊക്കെയാവും ഇറക്കുകയെന്നതായിരിക്കും ഇന്ത്യയെ കുഴപ്പിക്കുക.

ഗില്ലിനോടൊപ്പം ഇടംകൈയന്‍ ബാറ്ററായ യശസ്വി ജയ്‌സ്വാള്‍ ഓപ്പണ്‍ ചെയ്യുന്നതായിരിക്കും നല്ലത്. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ള ജയ്‌സ്വാള്‍ ഓസീസിനെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ മികച്ച ഫോമിലാണ്. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരേയും അദ്ദേഹം ടീമില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ഗില്ലിന്റെ വരവോടെ റുതുരാജ് ഗെയ്ക്വാദിനായിരിക്കും സ്ഥാനം നഷ്ടമാവുക.
മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനായിരുന്നു ഓസീസിനെതിരായ പരമ്പരയിലെ ആദ്യത്തെ മൂന്നു ടി0കളിലും ഇറങ്ങിയത്. എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ പൊസിഷനില്‍ തിലക് വര്‍മ കളിക്കും. ഇടംകൈയന്‍ ബാറ്ററായി മാത്രലമല്ല പാര്‍ട്ട്‌ടൈം ബൗളറായും ടീമിനു പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇഷാനേക്കാള്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നതും തിലകായിരിക്കും.
ശ്രേയസ് അയ്യരും പരമ്പരയില്‍ ടീമിന്റെ ഭാഗമാണെങ്കിലും പ്ലെയിങ് ഇലവനില്‍ ഉണ്ടാവില്ല. ഏകദിന ഫോര്‍മാറ്റില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത താരമാണെങ്കിലും ടി20യില്‍ ശ്രേയസിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയില്‍ അദ്ദേഹത്തിനു അവസരം ലഭിക്കാനും സാധ്യതയില്ല.
നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക നായകന്‍ സൂര്യകുമാര്‍ യാദവായിരിക്കും. സൂര്യക്കു പിന്നാലെ ഫിനിഷിങില്‍ ഇന്ത്യക്കായി മിന്നുന്ന പ്രകടനം നടത്തുന്ന റിങ്കു സിങിന്റെ ഊഴമായിരിക്കും. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ അദ്ദേഹം ഉജ്ജ്വല പ്രകടനമാണ് മനടത്തിക്കൊണ്ടിരിക്കുന്നത്.

റിങ്കുവിനു ശേഷം ആറാം നമ്പറിലെത്തുക മറ്റൊരു വമ്പനടിക്കാരനായ ജിതേഷ് ശര്‍മയായിരിക്കും. ഇഷാന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പിങിന്റെ ചുമതല കൂടി അദ്ദേഹത്തിനായിരിക്കും. റിങ്കുവിനെപ്പോലെ തന്നെ മികച്ച ഫിനിഷിങിലൂടെ മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള താരമാണ് ജിതേഷ്.
ഏഴാം നമ്പര്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കായിരിക്കും. ലോകകപ്പിനു ശേഷം അദ്ദേഹം കളിക്കുന്ന ആദ്യ പരമ്പരയാണിത്. പിന്നീട് ബൗളര്‍മാരുടെ ഊഴമായിരിക്കും. മൂന്നു പേസര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമായിരിക്കും പ്ലെയിങ് ഇലവനിലുണ്ടാവുക.
ബാറ്റിങില്‍ കൂടി മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന ദീപക് ചാഹറിനോടൊപ്പം മുഹമ്മദ് സിറാജും മുകേഷ് കുമാറുമായിരിക്കും പേസ് ബൗളിങ് കൈകാര്യം ചെയ്യുക. സ്പിന്‍ ബൗളിങിന്റെ ചുമതല കുല്‍ദീപ് യാദവിനായിരിക്കും.
ടി20 പരമ്പരയില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് 11
ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.