മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര ഞായറാഴ്ച ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. കരുത്തരുടെ നിരയാണ് ഇന്ത്യയെങ്കിലും ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ പരമ്പര നേട്ടം എളുപ്പമല്ല. സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയുമില്ലാതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലിറങ്ങുന്നത്. സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ ടി20 പരമ്പരയില്‍ നയിക്കുന്നത്.
ഇന്ത്യയുടെ ടി20 ടീമിലെ പല താരങ്ങള്‍ക്കും ദക്ഷിണാഫ്രിക്കയില്‍ കളിച്ച് അനുഭവസമ്പത്തില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. ഇന്ത്യയില്‍ ഓസ്‌ട്രേലിയയെ തളച്ച ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കയിലേക്ക് സൂര്യയും സംഘവും വണ്ടികയറുന്നത്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ ഏറ്റവും മികച്ച പ്ലേയിങ് 11നെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. എന്നാല്‍ പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ ചില പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് തലവേദനയാകുന്നുണ്ട്.
അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ പ്രശ്‌നം വിക്കറ്റ് കീപ്പറായി ആര് വേണമെന്നതാണ്. ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരില്‍ ആര് വേണമെന്നതാണ് പ്രധാന ചോദ്യം. ഇഷാന്‍ കിഷനാണ് സീനിയര്‍ താരം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാനെ മൂന്നാം നമ്പറില്‍ വിരാട് കോലിക്ക് പകരക്കാരനായി ഇന്ത്യ പരിഗണിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ ജിതേഷിനെ അവഗണിക്കുക ഇന്ത്യക്ക് എളുപ്പമല്ല.
ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ജിതേഷ് കാഴ്ചവെച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എളുപ്പമാവില്ല. ഇന്ത്യ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ജിതേഷിനെ വളര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ജിതേഷിനെ പുറത്തിരുത്തുമോ അതോ ഇഷാനെയും ജിതേഷിനേയും ഒരുമിച്ച് പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.
രണ്ടാമത്തെ പ്രശ്‌നം രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ആര് വേണമെന്നതാണ്. രവീന്ദ്ര ജഡേജ അനുഭവസമ്പന്നനായ സീനിയര്‍ താരമാണ്. എന്നാല്‍ സുന്ദറിനെ ഇന്ത്യ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചില്ല. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെങ്കിലും സുന്ദറിനെ കളിപ്പിക്കേണ്ടതായുണ്ട്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡ് സുന്ദറിന് അവകാശപ്പെടാനാവും.

അതുകൊണ്ടുതന്നെ ഏറെ നാള്‍ സുന്ദറിനെ മാറ്റിനിര്‍ത്താനാവില്ല. പക്ഷെ ജഡേജയുള്ളപ്പോള്‍ സുന്ദറിനെ മാറ്റിനിര്‍ത്താതെ മറ്റ് വഴികളില്ല. ഇത് ഇന്ത്യക്ക് തലവേദനയാവുമെന്നുറപ്പ്. മൂന്നാമത്തെ പ്രശ്‌നം റുതുരാജ് ഗെയ്ക് വാദിന്റെ സ്ഥാനമാണ്. ഓപ്പണറായി ശുബ്മാന്‍ ഗില്ലിന് സീറ്റുറപ്പാണ്. റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരില്‍ ആര് വേണമെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്നത്. ജയ്‌സ്വാള്‍ വെടിക്കെട്ട് തുടക്കം നല്‍കുന്ന ഇടം കൈയന്‍ ഓപ്പണറാണ്.
എന്നാല്‍ റുതുരാജ് ഓസ്‌ട്രേലിയന്‍ പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തായിരുന്നു. അതുകൊണ്ടുതന്നെ താരത്തെ മാറ്റിനിര്‍ത്തുകയും ഇന്ത്യക്ക് എളുപ്പമാവില്ല. റുതുരാജിനെക്കാള്‍ ഇന്ത്യ ജയ്‌സ്വാളിനെ വിശ്വസിക്കാനാണ് സാധ്യത കൂടുതല്‍. പവര്‍പ്ലേയില്‍ ഭയമില്ലാതെ ബാറ്റുചെയ്യുന്ന ജയ്‌സ്വാളിനെ ടി20 ലോകകപ്പിനായി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്നതാണ്.
രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ് എന്നിവരില്‍ ആര് വേണമെന്നതാണ് മറ്റൊരു ചോദ്യം. ഓസീസ് പരമ്പരയിലെ താരമാണ് ബിഷ്‌നോയ്. കുല്‍ദീപ് ഇന്ത്യയുടെ സീനിയര്‍ സ്പിന്നറാണ്. ഏകദിന ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ പരിചയസമ്പത്തിന് മുന്‍തൂക്കം നല്‍കിയേക്കും. അങ്ങനെ വരുമ്പോള്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കാനും ബിഷ്‌നോയിയെ പുറത്തിരുത്താനുമാണ് സാധ്യത.
ഇന്ത്യയുടെ ടി20 ടീം: യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചഹാര്‍.