കേപ്ടൗണ്‍: സൗത്താഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഉജ്ജ്വല ബൗളിങിലൂടെ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഒന്നാമിന്നിങ്‌സില്‍ ആറു വിക്കറ്റുകളമായി മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ബൗളിങിന്റെ അമരക്കാരനായതെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ ബുംറയുടെ ഊഴമായിരുന്നു. ആദ്യ സെഷനില്‍ 28 ഓവറുകള്‍ കഴിയുമ്പോള്‍ അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം പിഴുതു കഴിഞ്ഞു.
ഇതോടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം ബുംറ എത്തിയിരിക്കുകയാണ്. സെന രാജ്യങ്ങളില്‍ കൂടുതല്‍ ഫൈഫറുകള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ ബൗറെന്ന സഹീറിന്റെ നേട്ടത്തിലാണ് ബുംറ പങ്കാളിയായത്. ആറാം തവണയാണ് ബുംറയ്ക്കു സെന രാജ്യങ്ങളിലെ ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകള്‍ ലഭിക്കുന്നത്. മുന്‍ താരം ബി ചന്ദ്രശേഖറാണ് ആറു തവണ സെന രാജ്യത്തു ഫൈഫര്‍ കുറിച്ച മറ്റൊരു താരം.

ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവാണ്. ഏഴു തവണയാണ് അദ്ദേഹം സെന രാജ്യങ്ങളില്‍ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചിട്ടുള്ളത്. അധികം വൈകാതെ തന്നെ കപിലിന്റെ ഓള്‍ടൈം റെക്കോര്‍ഡ് ബുംറ തകര്‍ത്തെറിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സൗത്താഫ്രിക്കന്‍ മണ്ണില്‍ ബുംറയുടെ മൂന്നാമത്തെ ഫൈഫറാണ് കേപ്ടൗണ്‍ ടെസ്റ്റിലേത്. ഇതോടെ കൂടുതല്‍ തവണ ഇവിടെ ടെസ്റ്റില്‍ ഫൈഫറുകള്‍ നേടിയ ഇന്ത്യന്‍ ബൗളറെന്ന മുന്‍ സൂപ്പര്‍ താരം ജവഗല്‍ ശ്രീനാഥിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും ബുംറ എത്തിയിരിക്കുകയാണ്. ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനം പങ്കിടുന്നത് മൂന്നു പേരാണ്. രണ്ടു തവണ വീതം അഞ്ചു വിക്കറ്റുകള്‍ പിഴുത മുഹമ്മദ് ഷമി, വെങ്കടേഷ് പ്രസാദ്, മലയാളി താരം ശ്രീശാന്ത് എന്നിവരാണിത്.

ടെസ്റ്റ് കരിയറില്‍ ഇതു ഒമ്പതാം തവണയാണ് ബുംറ അഞ്ചു വിക്കറ്റുകള്‍ കൊയ്തത്. സൗത്താഫ്രിക്ക കഴിഞ്ഞാല്‍ അദ്ദേഹം കൂടുതല്‍ ഫൈറുകളെടുത്തത് ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയാണ്. ഇരുടീമുകള്‍ക്കുമെതിരേയും രണ്ടു തവണ വീതമാണ് ബുംറയ്ക്കു അഞ്ചു വിക്കറ്റ് നേട്ടം കുറിക്കാനായത്.
അതേസമയം, നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സൗത്താഫ്രിക്കയുടെ ലീഡ് 50 കടന്നിരിക്കുകയാണ്. ബാറ്റിങ് അതീവ ദുഷ്‌കരമായ പിച്ചില്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമിന്റെ (102*) അപരാജിത സെഞ്ചറിയാണ് സൗത്താഫ്രിക്കയെ രക്ഷിച്ചത്.
അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച മാര്‍ക്രം വെറും 103 ബോളിലാണ് ഇത്രയും റണ്‍സെടുത്തത് 16 ഫോറും രണ്ടു സിക്‌സറുകളുമടക്കമാണിത്. ഏഴു വിക്കറ്റിനു 162 റണ്‍സെന്ന നിലയിലാണ് ഇപ്പോള്‍ സൗത്താഫ്രിക്ക. അവര്‍ക്കു ഇപ്പോള്‍ 64 റണ്‍സ് ലീഡാണുള്ളത്. മാര്‍ക്രമിനോടൊപ്പം രണ്ടു റണ്‍സുമായി കാഗിസോ റബാഡയാണ് ക്രീസില്‍.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍.
സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, നാന്‍ഡ്രെ ബര്‍ഗര്‍, ലുങ്കി എന്‍ഗിഡി.