കട്ടക്ക്: ആദ്യ ടി20യില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇത്രയും ആധികാരികമായൊരു ജയം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ, ആരാധകരോ പ്രതീക്ഷിച്ചു കാണില്ല. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള സൗത്താഫ്രിക്കന്‍ ടീമിനെ വെറും 74 റണ്‍സില്‍ എറിഞ്ഞിട്ട്. 101 റണ്‍സിനു ജയിച്ചുകയറുകയെന്നത് തീര്‍ച്ചയായും വലിയ നേട്ടം തന്നെയാണ്.
ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിനൊപ്പം ബൗളര്‍മാരും മിന്നിച്ചപ്പോള്‍ ഇന്ത്യ വളരെ അനായാസം വിജയവും പിടിച്ചെടുക്കുകയായിരുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇതോടെ മുന്നിലെത്തുകയും ചെയ്തു. ഏകപക്ഷീയ ജയമാണ് കട്ടക്കില്‍ ഇന്ത്യ കൊയ്തതെങ്കിലും രണ്ടു പിഴവുകള്‍ ഈ കളിയില്‍ വരുത്തിയതായി കാണാം. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ആദ്യത്തെ പിഴവ്
സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീം ആദ്യ വരുത്തിയ പിഴവ് ബാറ്റിങിലാണ്. പവര്‍പ്ലേയില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം തീര്‍ത്തും നിരാശാജനകമാണെന്നു കാണാം. പലരും മോഷം ഷോട്ടുകള്‍ കളിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും പുറത്താവലുകളാണ്.
പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ ശ്രമിക്കാതെ തീര്‍ത്തും അലക്ഷ്യമായ ഷോട്ടുകള്‍ കളിച്ചാണ് ഇരുവരും വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേ ഗില്ലിനുണ്ടായുള്ളൂ. ലുംഗി എന്‍ിഡിയെറിഞ്ഞ ആദ്യ ഓവറിലെ നേരിട്ട ആദ്യ ബോളില്‍ ഫോറടിച്ച് തുടങ്ങിയ ഗില്‍ അടുത്ത ബോളിലും ആഞ്ഞുവീശിയാണ് ടൈമിങ് പിഴച്ച് മാര്‍ക്കോ യാന്‍സണിന് ക്യാച്ച് നല്‍കിയത്.
സൂര്യയുടെയും പുറത്താവല്‍ ഏറെക്കുറെ ഇങ്ങനെയായിരുന്നു. എന്‍ഗിഡിക്കു തന്നെയായിരുന്നു വിക്കറ്റ്. മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ഫോറും അടുത്തതില്‍ സിക്‌സറുമടിച്ച സൂര്യ തൊട്ടടുത്ത ബോളിലും റിസ്‌കുള്ള ഷോട്ടിനു ശ്രമിക്കുകയായിരുന്നു. ഇത്തവണ ക്യാച്ചെടുത്തത് നായകന്‍ എയ്ഡന്‍ മാര്‍ക്രമായിരുന്നു.
പിച്ചില്‍ ബോള്‍ അല്‍പ്പം സ്ലോവായുണ്ടെന്നും അതു കാരണം ഷോട്ട് കളിക്കുക അത്ര എളുപ്പമല്ലെന്നു സൂര്യയും ഗില്ലും മനസ്സിലാക്കേണ്ടതായിരുന്നു. പിച്ചിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് കുറേക്കൂടി ബുദ്ധിപരമായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ രണ്ടു പേരും ഈ അബദ്ധം കാണിക്കില്ലായിരുന്നു. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ ഈ അബദ്ധം വരുത്താതെ നോക്കേണ്ടത് വളരെ പ്രധാനമാണ്.
രണ്ടാമത്തെ പിഴവ്
ഇന്ത്യ വരുത്തിയ രണ്ടാമത്തെ പിഴവ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഭാഗത്തു നിന്നായിരുന്നു. സൗത്താഫ്രിക്കന്‍ ഇന്നിങ്‌സില്‍ പവര്‍പ്ലേയിലെ അവസാനത്തെ രണ്ടോവറുകളില്‍ സ്പിന്നര്‍മാരെ സൂര്യ പരീക്ഷിച്ചിരുന്നു. അഞ്ചാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയും അടുത്തതില്‍ അക്ഷര്‍ പട്ടേലുമാണ് പന്തെറിഞ്ഞത്.

അപകടകാരിയും 360 ബാറ്ററുമായ ഡെവാള്‍ഡ് ബ്രെവിസ് പുതുതായി ക്രീസിലെത്തിയ സമയമായിരുന്നു അത്. സ്പിന്നര്‍മാരെ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ ബ്രെവിസിനു കഴിയും. അതിനാല്‍ പേസര്‍മാരെ തന്നെ അദ്ദേഹത്തിനെതിരേ സൂര്യക്കു പരീക്ഷിക്കാമായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യയെ കളിയില്‍ അതുവരെ കൊണ്ടു വന്നിരുന്നില്ല. അദ്ദേഹത്തിനു ഒരോവര്‍ നല്‍കാമായിരുന്നു. അല്ലെങ്കില്‍ അര്‍ഷ്ദീപ് സിങിനു ഒരോവര്‍ കൂടി അധികമായി നല്‍കുകയും ചെയ്യാമായിരുന്നു.
വരുണിന്റെ ഓവറില്‍ ഓരോ ഫോറും സിക്‌സറുമടിക്കാന്‍ ബ്രെവിസിനു സാധിച്ചു. അക്ഷറിന്റെ ഓവറില്‍ മിഡ് ഓണിനു മുകളിലൂടെ ഫോറുമടിച്ചാണ് അദ്ദഹം പവര്‍പ്ലേ അവസാനിപ്പിച്ചത്. സ്പിന്നിനു പകരം പേസ് ഉപോഗിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ബ്രെവിസിനെ പൂട്ടാന്‍ ഇന്ത്യക്കു കഴിഞ്ഞേനെ.