
ടി20യില്‍ ഇതു രണ്ടാം തവണ മാത്രമാണ് സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരില്ലാതെ നാട്ടില്‍ ഇന്ത്യ ഒരു മല്‍സരം കളിക്കുന്നത്. ആദ്യമായി ബാറ്റിങിലെ ഈ സൂപ്പര്‍ ഹീറോസില്ലാതെ ഇന്ത്യ ഒരു ടി20 സ്വന്തം നാട്ടുകാര്‍ മുന്നില്‍ കളിച്ചത് 2009ലായിരുന്നു. അതിനു ശേഷം നാട്ടില്‍ നടന്ന ടി20കളിലെല്ലാം രണ്ടു പേരിലൊരാള്‍ ടീമിന്റെ ഭാഗമായിരുന്നു.
2009ല്‍ മൊഹാലിയില്‍ അയല്‍ക്കാരായ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു കോലി, രോഹിത് എന്നിവരില്ലാതെ ഇന്ത്യക്കു ടി20 കളിക്കേണ്ടി വന്നത്.

2009ല്‍ മൊഹാലിയില്‍ നടന്ന ടി20യില്‍ ഇന്ത്യ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം ആഘോഷിച്ചിരുന്നു. ഇരുടീമുകളും 200ന് മുകളില്‍ സ്‌കോര്‍ ചെയ്ത റണ്‍മഴ കണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അന്നു ഇന്ത്യന്‍ വിജയം. ഇന്ത്യന്‍ ടീമിനെ എംഎസ് ധോണിയും ശ്രീലങ്കയെ കുമാര്‍ സങ്കക്കാരയുമായിരുന്നു നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ലങ്ക ഏഴു വിക്കറ്റിനു 206 റണ്‍സ് അടിച്ചെടുത്തു. നായകന്റെ ഇന്നിങ്‌സ് കളിച്ച സങ്കക്കാരയാണ് 59 റണ്‍സുമായി ടോപ്‌സ്‌കോററായത്. 31 ബോളില്‍ അദ്ദേഹം എട്ടു ഫോറും രണ്ടു സിക്‌സറുമടിച്ചു. ചിന്തക ജയസിംഗെ (38), സനത് ജസയൂര്യ (31) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി യുവരാജ് സിങ് മൂന്നു വിക്കറ്റുകളെടുത്തു. ഇഷാന്ത് ശര്‍മയ്ക്കു രണ്ടു വിക്കറ്റും ലഭിച്ചു.

റണ്‍ചേസില്‍ ഇന്ത്യയും ഇതേ നാണയത്തില്‍ മറുപടി നല്‍കി. അഞ്ചു ബോളുകള്‍ ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തുകയും ചെയ്തു. ബൗളിങില്‍ കസറിയ യുവരാജ് സിങ് അപരാജിത ഫിഫ്റ്റിയമായി ബാറ്റിങിലും ടീമിന്റെ ഹീറോയായി. വെറും 25 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ബൗണ്ടറിയുമടക്കം 60 റണ്‍സാണ് യുവി വാരുക്കൂട്ടിയത്. ടീമിന്റെ ടോപ്‌സ്‌കോററായത് ഓപ്പണര്‍ വീരേന്ദര്‍ സെവാഗായിരുന്നു. 36 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമടക്കം സെവാഗ് 64 റണ്‍സെടുത്ത് മടങ്ങി.
നായകന്‍ എംഎസ് ധോണി (46), ഗൗതം ഗംഭീര്‍ (21) എന്നിവരും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയുടെ ഭാഗമായ ദിനേശ് കാര്‍ത്തിക് അന്നു ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം, സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് ആദ്യം ബാറ്റിങാണ്. ടോസ് ലഭിച്ചത് സൗത്താഫ്രിക്കയ്ക്കായിരുന്നു. നായകന്‍ ടെംബ ബവുമ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍.
സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവുമ (ക്യാപ്റ്റന്‍), റാസി വാന്‍ഡര്‍ ഡ്യുസെന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, ഡ്വയ്ന്‍ പ്രെട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്കിയ, തബ്രെസ് ഷാംസി.


Click it and Unblock the Notifications











