സെഞ്ചൂറിയന്‍: സൗത്താഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ജയിക്കുകയെന്ന ഇന്ത്യയുടെ മോഹം മുളയില്‍ തന്നെ നുള്ളിയിരിക്കുകയാണ്. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കിയാണ് സൗത്താഫ്രിക്ക ജയിച്ചുകയറിയത്. വെറും മൂന്നു ദിവസം കൊണ്ട് ഇന്ത്യയെ അവര്‍ തീര്‍ക്കുകയായിരുന്നു. ഇന്നിങ്‌സിന്റെയും 32 റണ്‍സിന്റെയും വിജയമാണ് സൗത്താഫ്രിക്ക ആഘോഷിച്ചത്.
ഈ പരാജയത്തോടെ ജനുവരി മൂന്നു മുതല്‍ കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ത്യക്കു ജീവന്‍മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. പരമ്പര കൈവിടാതിരിക്കാന്‍ ജയമല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു ഓപ്ഷനുകളില്ല. എന്നാല്‍ ഈ ടെസ്റ്റ് സമനിലയായാലും സൗത്താഫ്രിക്കയ്ക്കു 1-0നു പരമ്പര കൈക്കലാക്കാം.

ആദ്യ ടെസ്റ്റില്‍ ഫ്‌ളോപ്പായ ടീമിനെ തന്നെ വച്ച് രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചവരവ് നടത്താമെന്നു ഇന്ത്യ പ്രതീക്ഷിക്കേണ്ടതില്ല. ടീമില്‍ തീര്‍ച്ചയായും ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയേ തീരൂ. എങ്കില്‍ മാത്രമേ രണ്ടാം ടെസ്റ്റില്‍ ജയിക്കുകയെന്ന ഇന്ത്യന്‍ മോഹം യാഥാര്‍ഥ്യമാവുകയുള്ളൂ. എന്തൊക്കെ മാറ്റങ്ങളാണ് കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തേണ്ടതെന്നു നമുക്കു പരിശോധിക്കാം.
കഴിഞ്ഞ ടെസ്റ്റിലെ പ്ലെയിങ് ഇലവനില്‍ രണ്ടു മാറ്റങ്ങള്‍ ഇന്ത്യ വരുത്തേണ്ടതുണ്ട്. സൂപ്പര്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനാണ് ഇന്ത്യ ഒഴിവാക്കേണ്ട ആദ്യത്തെ താരം. പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പ്ലെയിങ് ഇലവനിലേക്കു തിരികെ വിളിക്കണം. ഒന്നാം ടെസ്റ്റില്‍ ജഡ്ഡു കളിക്കേണ്ടതായിരുന്നു. പക്ഷെ പുറംവേദനയെ തുടര്‍ന്നു അദ്ദേഹം അവസാന നിമിഷം ടെസ്റ്റില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതോടെയാണ് അശ്വിനു പ്ലെയിങ് ഇലവനിലേക്കു വിളിയെത്തിയത്.
അശ്വിനാവട്ടെ ടെസ്റ്റില്‍ ബൗളിങിലോ, ബാറ്റിങിലോ കാര്യമായ ഇംപാക്ടൊന്നുമുണ്ടാക്കാന്‍ സാധിച്ചതുമില്ല. ആദ്യ ഇന്നിങ്‌സില്‍ എട്ടു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. 11 ബോളില്‍ രണ്ടു ഫോറടക്കം എട്ടു റണ്‍സെടുത്ത അശ്വിനെ കാഗിസോ റബാഡയുടെ ബൗളിങില്‍ പകരക്കാരനായി ഇറങ്ങിയ വിയാന്‍ മുള്‍ഡര്‍ പിടികൂടുകയായിരുന്നു.
രണ്ടാമിന്നിങ്‌സിലാവട്ടെ ഗോള്‍ഡന്‍ ഡെക്കായാണ് അശ്വിന്‍ ക്രീസ് വിട്ടത്. നാന്ദ്രെ ബര്‍ഗറുടെ ബൗളിങില്‍ ഡേവിഡ് ബെഡിങ്ഹാം അദ്ദേഹത്തിന്റെ ക്യാച്ചെടുക്കുകയായിരുന്നു. ബൗളിങിലാണെങ്കില്‍ 19 ഓവറുകളാണ് അശ്വിനെക്കൊണ്ട് നായകന്‍ രോഹിത് ശര്‍മ ബൗള്‍ ചെയ്യിച്ചത്.
ആറു മെയ്ഡനുകളടക്കം 41 റണ്‍സ് വിട്ടുകൊടുത്ത് അദ്ദേഹം വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രമാണ്. ഈ കാരണത്താല്‍ തന്നെ അടുത്ത ടെസ്റ്റില്‍ അശ്വിനെ മാറ്റിനിര്‍ത്തി ജഡേജയെ ഇന്ത്യ തിരിച്ചുവിളിച്ചേ തീരൂ. പക്ഷെ ജഡ്ഡു ഫിറ്റല്ലെങ്കില്‍ ഒരിക്കല്‍ക്കൂടി അശ്വിനെ തന്നെ ഇന്ത്യക്കു ആശ്രയിക്കേണ്ടതായി വരും.
പേസ് ബൗളിങ് നിരയിലാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മറ്റൊരു മാറ്റം വരുത്തേണ്ടത്. യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ അടുത്ത ടെസ്റ്റില്‍ ഇന്ത്യ ഒഴിവാക്കണം. സെഞ്ചൂറിയനിലേത് അദ്ദേഹത്തിന്റെ അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരുന്നു. പക്ഷെ പ്രസിദ്ധിന്റെ അരങ്ങേറ്റം വന്‍ ഫ്‌ളോപ്പായി മാറുകയായിരുന്നു.

ലൈനോ, ലെങ്‌ത്തോ കാത്തൂസൂക്ഷിക്കാന്‍ സാധിക്കാതെ ബൗള്‍ ചെയ്ത അദ്ദേഹത്തെ സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍ ശരിക്കും കൈകാര്യം ചെയ്തു. 20 ഓവറുകള്‍ ബൗള്‍ ചെയ്ത പ്രസിദ്ധ് രണ്ടു മെയ്ഡനടക്കം 93 റണ്‍സാണ് വഴങ്ങിയത്. വീഴ്ത്തിയത് ഒരേയൊരു വിക്കറ്റ് മാത്രം. 4.7 എന്ന മോശം ഇക്കോണമി റേറ്റായിരുന്നു പ്രസിദ്ധിന്റേത്.
രണ്ടാം ടെസ്റ്റില്‍ പ്രസിദ്ധിനു പകരം മറ്റൊരു ഫാസ്റ്റ് ബൗളറായ മുകേഷ് കുമാറിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടത്. ബോളിന്‍മേല്‍ കൂടുതല്‍ നിയന്ത്രണമുള്ള ബൗളറാണ് അദ്ദേഹം. മാത്രല്ല പേസ് ബൗളിങിനെ തുണയ്ക്കുന്ന സൗത്താഫ്രിക്കയിലേതു പോലെയുള്ള പിച്ചുകളില്‍ മുകേഷിനു മികച്ച പ്രകടനം നടത്താനും സാധിച്ചേക്കും.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ബെസ്റ്റ് 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.