ക്യൂബെറ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും ഡെക്കിനാണ് പുറത്തായത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മാര്‍ക്കോ യാന്‍സന്‍ യശ്വസി ജയ്‌സ്വാളിനെ പുറത്താക്കി. ജയ്‌സ്വാളിന്റെ കട്ട് ഷോട്ടിനെ തകര്‍പ്പന്‍ ഡൈവിലൂടെ ഡേവിഡ് മില്ലര്‍ കൈയിലൊതുക്കുകയായിരുന്നു.
അഞ്ചാം പന്തില്‍ തിലക് വര്‍മയുടെ ക്യാച്ചവസരം സൃഷ്ടിക്കാന്‍ മാര്‍ക്കോ യാന്‍സന് സാധിച്ചെങ്കിലും ഫീല്‍ഡര്‍ പന്ത് കൈവിട്ടു. രണ്ടാം ഓവറില്‍ ശുബ്മാന്‍ ഗില്ലിനെയും ഇന്ത്യക്ക് നഷ്ടമായി. യുവ ഓപ്പണറും വളര്‍ന്നുവരുന്ന ഇതിഹാസവുമായ ശുബ്മാനെ ലിസാര്‍ഡ് വില്യംസ് എല്‍ബിയില്‍ കുരുക്കുകയായിരുന്നു. ശുബ്മാന്‍ തീരുമാനം പുനപരിശോധിച്ചെങ്കിലും റിപ്ലേയില്‍ ഔട്ടാണെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ രണ്ട് ഓപ്പണര്‍മാരേയും ഇന്ത്യക്ക് ഡെക്കിന് നഷ്ടമായി.
ഇതോടെ വലിയൊരു നാണക്കേട് ഇന്ത്യയുടെ ഓപ്പണര്‍മാരെ തേടിയെത്തിയിരിക്കുകയാണ്. ടി20 ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും പൂജ്യത്തിന് പുറത്താവുന്നത്. 2016ലെ പാകിസ്താനെതിരായ മത്സരത്തിലാണ് ആദ്യമായി ഈ നാണക്കേട് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. അന്ന് രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. രണ്ട് പേരും പൂജ്യത്തിന് അന്ന് പുറത്താവുകയും ചെയ്തു. ഇന്ന് ആ സ്ഥാനത്ത് ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലുമാണുള്ളത്.
ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ജയ്‌സ്വാള്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഭയമില്ലാതെ ഓപ്പണിങ്ങില്‍ കത്തിക്കയറുന്ന ജയ്‌സ്വാള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച ഷോട്ടാണ് കളിച്ചതെങ്കിലും ഫീല്‍ഡറെ മറികടക്കാനായില്ല. ടി20 ലോകകപ്പില്‍ ഇന്ത്യ ഓപ്പണിങ്ങിലേക്ക് സജീവമായി പരിഗണിക്കുന്ന താരമാണ് ജയ്‌സ്വാള്‍. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ രണ്ടാം മത്സരത്തിലെ ജയ്‌സ്വാളിന്റെ പ്രകടനം ഇന്ത്യക്ക് നിരാശയുണ്ടാക്കുന്നത്.

സീനിയേഴ്‌സായ വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും അഭാവത്തില്‍ ശുബ്മാന്‍ ഗില്‍ അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ രണ്ടാം പന്തില്‍ത്തന്നെ എല്‍ബിയില്‍ കുടുങ്ങി പുറത്തായി. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഗില്ലിന് സാധിച്ചില്ലെന്ന് തന്നെ പറയാം. ശുബ്മാന്റെ സമീപകാല ടി20 പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ അല്‍പ്പം നിരാശപ്പെടേണ്ടി വരും. അവസാന ആറ് ടി20 ഇന്നിങ്‌സിലെ ശുബ്മാന്റെ പ്രകടനം നോക്കുമ്പോള്‍ ഒരു അര്‍ധ സെഞ്ച്വറിയാണ് താരത്തിന് നേടാനായത്.
77 റണ്‍സ് പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റ് അഞ്ച് ഇന്നിങ്‌സിലും ഒറ്റ സംഖ്യയില്‍ ശുബ്മാന്‍ പുറത്തായി എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ടി20 ലോകകപ്പ് വരാനിരിക്കെ ഈ കണക്ക് ഇന്ത്യക്ക് നിരാശയുണ്ടാക്കുന്നതാണ്. യുവതാരനിരയുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങിയത്. ഇവര്‍ക്കാര്‍ക്കും വലിയ അനുഭവസമ്പത്ത് ദക്ഷിണാഫ്രിക്കയിലില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കും.
ഇന്ത്യക്കായി തിലക് വര്‍മ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇടം കൈയന്‍ യുവതാരം മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാനിറങ്ങിയത്. ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടമായ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോഴും 20 പന്തില്‍ 29 റണ്‍സ് നേടാന്‍ തിലകിനായി. 4 ഫോറും 1 സിക്‌സുമാണ് തിലക് പറത്തിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3 വിക്കറ്റിന് 59 റണ്‍സ് അടിച്ചെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു.
പ്ലേയിങ് 11: ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), റിങ്കു സിങ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.
ദക്ഷിണാഫ്രിക്ക: മാത്യു ബ്രീറ്റ്‌സ്, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (c), ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡിലി ഫെലുക്ക്വായോ, ജെറാള്‍ഡോ കോയിറ്റ്‌സി, ലിസാഡ് വില്യംസ്, തബ്രൈസ് ഷംസി