For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യന്‍ തിരിച്ചുവരവ്, സൗത്താഫ്രിക്ക ഞെട്ടി- വിജയമൊരുക്കി ബൗളര്‍മാര്‍

48 റണ്‍സിനാണ് ഇന്ത്യന്‍ വിജയം

harshal patel

വിശാഖപട്ടണം: സൗത്താഫ്രിക്കയ്‌ക്കെിരായ ടി20 പരമ്പരയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തി ടീം ഇന്ത്യ. തോറ്റാല്‍ പരമ്പര നഷ്ടമാവുമെന്ന ആശങ്കയോടെ ഇറങ്ങിയ റിഷഭ് പന്തും സംഘവും മൂന്നാം ടി20യില്‍ സൗത്താഫ്രിക്കയ്ക്കുമേല്‍ ആധികാരിക വിജയം കുറിക്കുകയായിരുന്നു. കംപ്ലീറ്റ് ടീം പെര്‍ഫോമന്‍്‌സ് തന്നെയായിരുന്നു ഇന്ത്യയുടേത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മോശം പ്രകടനത്തിന്റെ പേരില്‍ പഴികേട്ട ബൗളര്‍മാരുടെ ഗംഭീര പ്രകടനമാണ് ഇന്ത്യക്കു 48 റണ്‍സിന്റെ വിജയമൊരുക്കിയത്. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍പ്പോലും സൗത്താഫ്രിക്കയെ മുന്നിലേക്കു കയറാന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ജയത്തോടെ ഇന്ത്യ പരമ്പര മാര്‍ജിന്‍ 2-1 ആക്കി. അടുത്ത മല്‍സരം വെള്ളിയാഴ്ച നടക്കും.

180 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്കയ്ക്കു മുന്നില്‍ ഇന്ത്യ വച്ചത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ചേസ് ചെയ്തു വിജയിച്ച സൗത്താഫ്രിക്കയെ ഇന്ത്യ പക്ഷെ ഇത്തവണ കയറൂരിവിട്ടില്ല. അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ 131 റണ്‍സിനു സൗത്താഫ്രിക്ക പുറത്താവുകയായിരുന്നു. അഞ്ചു പേര്‍ മാത്രമേ രണ്ടക്ക സ്‌കോര്‍ നേടിയുള്ളൂ. 29 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസെനാണ് ടോപ്‌സ്‌കോററായത്. റീസ്സ ഹെന്‍ഡ്രിക്‌സ് (23), വെയന്‍ പാര്‍നല്‍ (22*), ഡ്വയ്ന്‍ പ്രെട്ടോറിയസ് (20), കേശവ് മഹാരാജ് (11) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. നാലു വിക്കറ്റുകളെടുത്ത ഹര്‍ഷല്‍ പട്ടേലും മൂന്നു വിക്കറ്റുകള്‍ പിഴുത യുസേന്ദ്ര ചാഹലുമാണ് ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. ഭുവനേശ്വര്‍ കുമാറിനും അക്ഷര്‍ പട്ടേലിനും ഓരോ വിക്കറ്റ് വീതം ലഭിക്കുകയും ചെയ്തു.

yuzvendra chahal

നേരത്തേ റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും നല്‍കിയ സ്‌ഫോടനാത്മക തുടക്കം മുതലാക്കാന്‍ ഇന്ത്യക്കായിരുന്നില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിനു 179 റണ്‍സെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന തരത്തിലായിരുന്നു ഇന്ത്യന്‍ കുതിപ്പ്. പക്ഷെ അവസാന എട്ടോവറില്‍ റണ്ണെടുക്കാനാവാതെ ഇന്ത്യന്‍ ബാറ്റിങ് നിര വലഞ്ഞു. അവസാന അഞ്ചോവറില്‍ 41 റണ്‍സാണ് ഇന്ത്യ നേടിയത്. രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്്തു. ആദ്യത്തെ 73 ബോളില്‍ 10.35 സ്‌ട്രൈക്ക് റേറ്റില്‍ 126 റണ്‍സെടുത്ത ഇന്ത്യ അടുത്ത 47 ബോളില്‍ നേടിയത് 53 റണ്‍സ് മാത്രം.

ruturaj

റുതുരാജ് (57) തന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി ഈ മല്‍സരത്തില്‍ കുറിച്ചപ്പോള്‍ ഇഷാന്‍ (54) പരമ്പരയില്‍ തന്റെ രണ്ടാമത്തെ ഫിഫ്റ്റിയും കണ്ടെത്തി. ഇവരെ മാറ്റിനിര്‍ത്തിയാല്‍ തീര്‍ത്തും ദയനീയമായിരുന്നു ഇന്ത്യയുടെ പ്രകടനം. ശ്രേയസ് അയ്യര്‍ (14), നായകന്‍ റിഷഭ് പന്ത് (6), ദിനേശ് കാര്‍ത്തിക് (6), എന്നിവരെല്ലാം വന്‍ ഫ്‌ളോപ്പുകളായി മാറി. ഹാര്‍ദിക് പാണ്ഡ്യയുടെ (21 ബോളില്‍ 31*) ഫിനിഷിങാണ് ഇന്ത്യയെ 170നു മുകളില്‍ നേടാന്‍ സഹായിച്ചത്. റുതുരാജ് 35 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടിച്ചപ്പോള്‍ ഇഷാന്‍ 35 ബോളില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സറും നേടി. സൗത്താഫ്രിക്കയ്ക്കു വേണ്ടി ഡ്വയ്ന്‍ പ്രെട്ടോറിയസ് രണ്ടു വിക്കറ്റുകളെടുത്തു.

12 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 120 റണ്‍സുണ്ടായിരുന്നു. നഷ്ടമായത് ഒരു വിക്കറ്റ് മാത്രമായിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ട് ഒച്ചിഴയുന്ന വേഗത്തിലായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സ്. ശ്രേയസും ഇഷാനും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ ഇന്ത്യയുടെ താളം തെറ്റി. പിന്നെ റണ്ണെടുക്കാന്‍ പാടുപെടുന്ന ഹാര്‍ദിക്കിനെയും റിഷഭിനെയുമാണ് കണ്ടത്. 13ാം ഓവറിലെ ആദ്യ ബോളിലെ സിക്‌സറിനു ശേഷം 18ാം ഓവര്‍ വരെ ഒരു ബൗണ്ടറി പോലും ഇന്ത്യയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. 18ാം ഓവറിലെ നാലാമത്തെ ബോളില്‍ ഹാര്‍ദിക്കായിരുന്നു ബൗണ്ടറി നേടി കാത്തിരിപ്പ് തീര്‍ത്തത്.

ishan kishan

ആദ്യ ടി20യെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ സ്‌ഫോടനാത്മക തുടക്കമായിരുന്നു ഇന്ത്യക്കു ലഭിച്ചത്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സ് നേടിയിരുന്നു. 97 റണ്‍സ് ഓപ്പണിങ് വിക്കറ്റില്‍ റുതുരാജ്- ഇഷാന്‍ ജോടി നേടി. 10ാം ഓവറില്‍ റുതുരാജ് പുറത്തായോടെ ഇന്ത്യയുടെ സ്‌കോറിങിന്റെ വേഗം കുറയുകയും ചെയ്തു.

ഇന്ത്യന്‍ നായകനായ ശേഷം റിഷഭ് പന്തിനു പിടികൊടുക്കാതെ ടോസ് വഴുതിപ്പോവുകയാണ്. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും ഇന്ത്യക്കു ടോസ് നഷ്ടമായി. സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ ഒരിക്കല്‍ക്കൂടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലെയും അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. സൗത്താഫ്രിക്കയാവട്ടെ രണ്ടാം ടി20യിലെ ടീമിനെയും നിലനിര്‍ത്തി.

ഡല്‍ഹിയിലെ ആദ്യ കളിയില്‍ ഏഴു വിക്കറ്റിന്റെ പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും അതു പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. എന്നാല്‍ രണ്ടാം ടി20യില്‍ ബാറ്റിങും ബൗളിങിലും ഒരുപോലെ ഫ്‌ളോപ്പായി. ബൗളിങില്‍ നാലു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം മാത്രമാണ് ഇന്ത്യക്കു ആശ്വസിക്കാന്‍ വക നല്‍കുന്നത്. ഭുവിയെ മാറ്റിനിര്‍ത്തിയാല്‍ ബൗളിങില്‍ മറ്റാരും തന്നെ രണ്ടു മല്‍സരങ്ങളിലും തിളങ്ങിയിട്ടില്ല.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍.

സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്സ്, ഡ്വയ്ന്‍ പ്രിട്ടോറിയസ്, റാസി വാന്‍ഡെര്‍ ഡ്യുസ്സെന്‍, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്കിയ, തബ്രൈസ് ഷംസി.

Story first published: Tuesday, June 14, 2022, 22:34 [IST]
Other articles published on Jun 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+