ഗ്വെബ്രെ: സൗത്താഫ്രിക്കന്‍ മണ്ണില്‍ വിജയത്തോടെ തുടങ്ങുകയെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞിരിക്കുകയാണ്. മഴ നിറംകെടുത്തിയ രണ്ടാം ടി20യില്‍ അഞ്ചു വിക്കറ്റിനാണ് ആതിഥേയര്‍ ഇന്ത്യയുടെ കഥ കഴിച്ചത്. റണ്‍ചേസില്‍ സൗത്താഫ്രിക്കയുടെ ഹീറോയായത് ഓപ്പണര്‍ റീസ്സ ഹെന്‍ഡ്രിക്‌സായിരുന്നു. 27 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമടക്കം താരം അടിച്ചെടുത്തത് 49 റണ്‍സാണ്.
ഒമ്പതാമത്തെ ഓവറില്‍ മൂന്നാമനായി ഹെന്‍ഡ്രിക്‌സ് പുറത്തായപ്പോഴേക്കും 108 റണ്‍സ് നേടിയ സൗത്താഫ്രിക്ക വിജയം ഉറപ്പിച്ചിരുന്നു. യഥാര്‍ഥത്തില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് കാണിച്ച വലിയൊരു മണ്ടത്തരമാണ് ഹെന്‍ഡിക്‌സിനെ അവരുടെ ടോപ്‌സ്‌കോററാവാന്‍ സഹായിച്ചത്. അല്ലായിരുന്നെങ്കില്‍ ഹെന്‍ഡ്രിക്‌സ് ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടേണ്ടതായിരുന്നു. ഇതു എങ്ങനെയെന്നു വിശദമായി അറിയാം.

മഴയെ തുടര്‍ന്നു 15 ഓവറില്‍ സൗത്താഫ്രിക്കന്‍ ലക്ഷ്യം 152 റണ്‍സായി പുനര്‍ നിശ്ചയിച്ചിരുന്നു. മുഹമ്മദ് സിറാജാണ് ആദ്യ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. പിച്ചില്‍ ഈര്‍പ്പമുള്ളതിനാല്‍ തന്നെ സ്വാഭാവികമായും ബോള്‍ സ്വിങ് ചെയ്യുമെന്നുറപ്പായിരുന്നു. അതുകൊണ്ടു തന്നെ രണ്ടു സ്ലിപ്പ് ഫീല്‍ഡര്‍മാരെയും നിര്‍ത്തേണ്ടിയിരുന്നു. പക്ഷെ സൂര്യ വലിയൊരു അബദ്ധമാണ് കാണിച്ചത്. സ്ലിപ്പില്‍ ഒരാളെ മാത്രമേ അദ്ദേഹം പരീക്ഷിച്ചുള്ളൂ. ഇതിനു എത്ര വലിയ വിലയാണ് നല്‍കേണ്ടി വന്നതെന്നു പിന്നാലെ തെളിയുകയും ചെയ്തു.
ഓഫ്സ്റ്റംപിന് പുറത്തേക്കു സ്വിങ് ചെയ്ത് ബോളായിരുന്നു സിറാജ് ആദ്യം പരീക്ഷിച്ചത്. സ്‌ട്രൈക്ക് നേരിട്ടത് ഹെന്‍ഡ്രിക്‌സുമായിരുന്നു. അദ്ദേഹം അതു പുഷ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ എഡ്ജായി ബോൾ സ്ലിപ്പിലേക്കു പോവുകയായിരുന്നു. ക്യാച്ചെന്നു കരുതി ഞെട്ടലോടെ താരം തിരിഞ്ഞുനോക്കിയെങ്കിലും അവിടെ ഫീല്‍ഡര്‍ ഇല്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു.
സെക്കന്റ് സ്ലിപ്പില്‍ ഫീല്‍ഡര്‍ ഉണ്ടായിരുന്നെങ്കില്‍ അയാളുടെ കൈളിലേക്കു വരേണ്ടിയിരുന്ന ബോളായിരുന്നു അത്. പക്ഷെ സൂര്യ കാണിച്ച മണ്ടത്തരം വലിയൊരു വിക്കറ്റ് ഇന്ത്യക്കു നഷ്ടപ്പെടുത്തി. മാത്രമല്ല അതു ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. തന്റെ പിഴവ് പെട്ടെന്നു മനസ്സിലാക്കിയ സൂര്യ രണ്ടാമത്തെ ബോളില്‍ തന്നെ സെക്കന്റ് സ്ലിപ്പില്‍ ഫീല്‍ഡറെ കൊണ്ടു വന്നെങ്കിലും പിന്നീട് അതുപോലെയൊരു അവസരം ഹെന്‍ഡ്രിക്‌സ് നല്‍കിയതുമില്ല.

ഗോള്‍ഡന്‍ ഡെക്കാവേണ്ടിയിരുന്ന താരത്തെയാണ് സൂര്യയുടെ അബദ്ധം കാരണം 49 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യ സഹായിച്ചത്. ഹെന്‍ഡ്രിക്‌സ് പൂജ്യത്തിനു മടങ്ങിയിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം തന്നെ മറ്റൊന്നാവുമായിരുന്നു. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയാല്‍ 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം മാത്രമേ സൗത്താഫ്രിക്കന്‍ നിരയില്‍ ബാറ്റിങില്‍ കാര്യമായി സംഭാവന ചെയ്തുള്ളൂ. ഹെന്‍ഡ്രിക്‌സിന്റെ ഇന്നിങ്‌സ് എത്ര മാത്രം ഇംപാക്ടാണ് കളിയില്‍ ഉണ്ടാക്കിയതെന്നു ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ 19.3 ഓവറില്‍ ഏഴു വിക്കറ്റിനു 180 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. തുടര്‍ന്നു ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം സൗത്താഫ്രിക്കയുടെ ലക്ഷ്യം പുനര്‍ ക്രമീകരിക്കുകയായിരുന്നു. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും പൂജ്യത്തിനു മടങ്ങിയെങ്കിലും റിങ്കു സിങും സൂര്യയും ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.
കരിയറിലെ ആദ്യ ടി20 ഫിഫ്റ്റി കണ്ടെത്തിയ റിങ്കു പുറത്താവാതെ 68 റണ്‍സോടെ ടോപ്‌സ്‌കോററായി മാറി. 39 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സൂര്യ 56 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 36 ബോള്‍ നേരിട്ട അദ്ദേഹം അഞ്ചു ഫോറും മൂന്നു സിക്‌സറുമടിച്ചു.