ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ തീപ്പൊരി സെഞ്ച്വറി കണ്ട് ഒരിക്കല്‍ക്കൂടി വണ്ടറടിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ടി20 ഫോര്‍മാറ്റിലെ കിങെന്നു എന്തുകൊണ്ടാണ് തന്നെ വിളിക്കുന്നതെന്നു അദ്ദേഹം ഈ മല്‍സരത്തിലൂടെ വീണ്ടും കാണിച്ചുതരികയായിരുന്നു. വെറും 56 ബോളില്‍ 100 റണ്‍സ് അടിച്ചെടുത്താണ് സ്‌കൈ ക്രീസ് വിട്ടത്. ഏഴു ഫോറുകളും എട്ടു സിക്‌സറുകളുമടക്കമായിരുന്നു ഇത്.
പതിഞ്ഞ താളത്തില്‍ തുടങ്ങിയ ശേഷമായിരുന്നു സൂര്യ പിന്നീട് ടോപ്പ് ഗിയറിലേക്കു കയറി അതിവേഗം റണ്‍സ് വാരിക്കൂട്ടിയത്. ആദ്യത്തെ 25 ബോളുകളില്‍ നിന്നും വെറും 27 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ. എന്നാല്‍ അടുത്ത 31 ബോളില്‍ സൂര്യ വാരിക്കൂട്ടിയത് 73 റണ്‍സായിരുന്നു.

10 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 87 റണ്‍സായിരുന്നു. രണ്ടു വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. 30 ബോളില്‍ 46 റണ്‍സുമയി യശസ്വി ജയ്‌സ്വാളും 24 ബോളില്‍ 26 റണ്‍സുമായി സൂര്യയുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. പക്ഷെ അടുത്ത 10 ഓവറില്‍ സൗത്താഫ്രിക്കന്‍ ബൗളര്‍മാരെ സ്‌കൈ പഞ്ഞിക്കിടുകയായിരുന്നു.
11ാം ഓവറില്‍ സ്പിന്നര്‍ കേശവ് മഹാരാജിനെതിരേ സിക്‌സറടിച്ചായിരുന്നു സൂര്യ ആക്രമണത്തിനു തിരികൊളുത്തിയത്. നാലാമത്തെ ബോളാണ് ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി സൂര്യ ഡീപ്പ് എക്‌സ്ട്രാ കവറിനു മുകലിലൂടെ സിക്‌സറിലേക്കു പായിച്ചത്. പക്ഷെ സൂര്യയുടെ തനിനിറം കണ്ടത് ആന്‍ഡിലെ ഫെലുക്വായോ എറിഞ്ഞ 13ാമത്തെ ഓവറിലായിരുന്നു. മൂന്നു സിക്‌സറും ഒരു ഫോറുമടക്കം 22 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയയത്.
രണ്ടാമത്തെ ബോള്‍ കൗ കോര്‍ണറിനു മുകളിലൂടെയായിരുന്നു സ്‌കൈ സിക്‌സറിലെത്തിച്ചത്. അടുത്ത ബോള്‍ ഷോര്‍ട്ട് തേര്‍ഡ് മാനിലൂടെ അദ്ദേഹം ബൗണ്ടറി കടത്തി. നാലാമത്തെ ബോളില്‍ കിടിലനൊരു സിക്‌സര്‍. ഇതോടെ 32 ബോളില്‍ സൂര്യ ഫിഫ്റ്റിയും തികച്ചു. അടുത്ത ബോളില്‍ വീണ്ടുമൊരു സിക്‌സര്‍. ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയായിരുന്നു ഇത്തവണ ബോള്‍ പറന്നത്. ഈ ഓവറില്‍ 23 റണ്‍സാണ് ഇന്ത്യക്കു ലഭിച്ചത്.

സ്പിന്നര്‍ തബ്രെയ്‌സ് ഷംസിയെറിഞ്ഞ 14ാം ഓവറില്‍ ഒരു സിക്‌സറടക്കം ഏഴു റണ്‍സ് സൂര്യ അടിച്ചെടുത്തു. നാലാമത്തെ ബോളായിരുന്നു അദ്ദേഹം സിക്‌സറിലേക്കു പായിച്ചത്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ഫുള്ളര്‍ ലെങ്ത്ത് ബോള്‍ എക്‌സ്ട്രാ കവറിനു മുകളിലൂടെയാണ് സൂര്യ സിക്‌സറിലേക്കു പായിച്ചത്. 16ാം ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സറും സൂര്യയുടെ ബാറ്റില്‍ നിന്നും പിറന്നു. അരങ്ങേറ്റ മല്‍സരം കളിച്ച പേസര്‍ നാന്ദ്രെ ബര്‍ഗര്‍ക്കെതിരേയായിരുന്നു ഇത്.
അടുത്ത ഓവറില്‍ രണ്ടു ബൗണ്ടറികള്‍ സ്‌കൈ കണ്ടെത്തി. ലിസാര്‍ഡ് വില്ല്യംസായിരുന്നു ബൗളര്‍. 18ാം ഓവറില്‍ ഒരു ഫോര്‍ സൂര്യയുടെ ബാറ്റില്‍ നിന്നും വന്നു. ഓവര്‍ കഴിയുമ്പോള്‍ അദ്ദേഹം 53 ബോളില്‍ 97 റണ്‍സിലെത്തിയിരുന്നു. പക്ഷെ 19ാം ഓവറില്‍ ഒരു ബോള്‍ മാത്രമേ സൂര്യക്കു (98*) ലഭിച്ചുള്ളൂ.
20ാമത്തെ ഓവറിലെ ആദ്യ ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിലേക്കു കളിച്ച് ഡബിളെടുത്ത അദ്ദേഹം തന്റെ നാലാം ടി20 സെഞ്ച്വറിയും തികയ്ക്കുകയായിരുന്നു. പക്ഷെ തൊട്ടടുത്ത ബോളില്‍ സ്‌കൈ പുറത്താവുകയും ചെയ്തു. ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലേക്കു സിക്‌സറിനു ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിനു തൊട്ടരികെ ബ്രീസ്‌കെ പിടികൂടുകയായിരുന്നു.