അഹമ്മദാബാദ്: തുടര്‍ച്ചയായ എട്ടാം ടി20 പരമ്പര വിജയത്തോടെ ഐസിസി ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ 30 റണ്‍സിന്റെ വിജയാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-1നു ഇന്ത്യ കൈക്കലാക്കുകയും ചെയ്തു.
232 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ സൗത്താഫ്രിക്കയ്ക്കു എട്ടു വിക്കറ്റിനു 201 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഒരിടവേളയ്ക്കു ശേഷം പ്ലെയിങ് ഇലവനിലേക്കു വന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ സംബന്ധിച്ച് സന്തോഷിക്കാന്‍ വക നല്‍കിയ മല്‍സരം കൂടിയാണിത്. ബാറ്റിങല്‍ മിന്നിച്ച അദ്ദേഹം വിക്കറ്റിനു പിന്നിലും കസറി.

അതിനിടെ കളിയുടെ അന്തിമ ഘട്ടത്തില്‍ സഞ്ജു ഇന്ത്യക്കു നേടിത്തന്ന ഒരു സര്‍പ്രൈസ് വിക്കറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അദ്ദേഹത്തിന്റെ ബ്രില്ല്യന്‍സ് കൊണ്ടു മാത്രം ടീമിനു വീണുകിട്ടി വിക്കറ്റാണിത്. ഇതു എങ്ങനെയാണെന്നറിയാം.
ആ വിക്കറ്റ് സഞ്ജുവിന്
സൗത്താഫ്രിക്കന്‍ ഇന്നിങ്‌സിലെ 17ാമത്തെ ഓവറിലായിരുന്നു സംഭവം. തൊട്ടുമുമ്പത്തെ ഓവറെറിഞ്ഞത് സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. മൂന്നു സിക്‌സറുള്‍പ്പെടെ 21 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു. ഇതിനിടെ ജോര്‍ജ് ലിന്‍ഡെയുടെ (8 ബോളില്‍ 16) വിക്കറ്റും വരുണ്‍ സ്വന്തമാക്കിയിരുന്നു.
ആദ്യ ബോളില്‍ സിക്‌സറടിച്ചാണ് ലിന്‍ഡെ തുടങ്ങിയതെങ്കിലും അടുത്ത ബോളില്‍ ബൗള്‍ഡാക്കി വരുണിന്റെ മധുരപ്രതികാരം. കളിയില്‍ സൗത്താഫ്രിക്കയുടെ ഏഴാം വിക്കറ്റായിരുന്നു ഇത്. മൂന്നാം ബോളില്‍ കോര്‍ബിന്‍ ബോഷ് സിംഗിളെടുത്തു.
ഇന്ത്യ വിജയമുറപ്പിച്ചെന്നു ഉറപ്പിച്ച നിമിഷങ്ങള്‍. എന്നാല്‍ അടുത്ത രണ്ടു ബോളില്‍ മാര്‍ക്കോ യാന്‍സണിന്റെ കിടിലന്‍ സിക്‌സറുകള്‍ വരുണിനെയും ഇന്ത്യയെയും ഒരുപോലെ സ്തബ്ധരാക്കി. മല്‍സരം തീര്‍ന്നിട്ടില്ലെന്നും താന്‍ ഇപ്പോഴും ഇവിടെയുണ്ടെന്നും ഇന്ത്യയെ യാന്‍സണ്‍ ഓര്‍മിപ്പിക്കുകയായിരുന്നു.
ഈ ഓവര്‍ കഴിഞ്ഞപ്പോള്‍ സൗത്താഫ്രിക്ക ഏഴു വിക്കറ്റിനു 177 റണ്‍സെന്ന നിലയിലായിരുന്നു. ശേഷിച്ച 24 ബോളില്‍ ജയിക്കാന്‍ വേണ്ടത് 55 റണ്‍സ്. യാന്‍സണ്‍ ക്രീസില്‍ തുടര്‍ന്നാല്‍ സൗത്താഫ്രിക്കയ്ക്കു നേടിയെടുക്കാവുന്ന ലക്ഷ്യമായിരുന്നു ഇത്. പക്ഷെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെറിഞ്ഞ അടുത്ത ഓവറോടെ ഇന്ത്യ വിജയുമുറപ്പാക്കി.
കാരണം ആദ്യ ബോളില്‍ തന്നെ വമ്പനടികള്‍ക്കു ശേഷിയുള്ള യാന്‍സണിനെ ബുംറ മടക്കുകയായിരുന്നു. ഈ വിക്കറ്റ് ബുംറയുടെ പേരിലാണ് കുറിക്കപ്പെട്ടെങ്കിലും അതു സഞ്ജു സാംസണിന മാത്രം അവകാശപെട്ടതാണ്. അല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ യാന്‍സണ്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ചേനെ.

Photocredit / Jiohotstar
ഓഫ്സ്റ്റംപിന് ഏറെ പുറത്തായി ഒരു സ്ലോ ബോളാണ് ബുംറയെറിഞ്ഞത്. യാന്‍സണ്‍ ശക്തമായി ഒരു ഡ്രൈവിനു ശ്രമിച്ചെങ്കിലും കണക്ടായില്ല. ബോള്‍ നേരെ സഞ്ജുവിന്റെ കൈകളില്‍. ബോള്‍ കടന്നുപോകവെ ഒരു ശബ്ദം കേള്‍ക്കമായിരുന്നു. അതു യാന്‍സണിന്റെ ബാറ്റ് നിലത്തു തട്ടിയ ശബ്ദമാണോ, അതോ എഡ്ജുണ്ടായിരുന്നോ എന്നത് വ്യക്തമല്ലായിരുന്നു.
ക്യാച്ചെടുത്ത ശേഷം സഞ്ജുവും പിന്നാലെ ബുംറയും വിക്കറ്റിനായി അപ്പീല്‍ ചെയ്തു. പക്ഷെ അംപയര്‍ ഇതു തള്ളുകയായിരുന്നു. റിവ്യു എടുക്കാന്‍ ബുംറ താല്‍പ്പര്യം കാണിച്ചില്ല. എന്നാല്‍ വിക്കറ്റിനു പിറകില്‍ നിന്നും മുമ്പോട്ടു നടന്നുവന്ന സഞ്ജു നമുക്കു റിവ്യു എടുക്കാമെന്നു നായകന്‍ സൂര്യകുമാര്‍ യാദവിനെ നോക്കി പറയുകയായിരുന്നു.
നമുക്ക് കളിയില്‍ രണ്ടു റിവ്യു ബാക്കിയുണ്ടല്ലോ ഒന്ന് എടുത്തുനോക്കാമെന്നും സഞജു കൈവിലല്‍ കൊണ്ട് ആംഗ്യവും കാണിക്കുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് സൂര്യ റിവ്യുവിന് പോയത്. സഞ്ജുവിന്റെ തീരുമാനം ശരിയാണെന്നു തെളിഞ്ഞു. യാന്‍സണിന്റെ ബാറ്റില്‍ എഡ്ജുണ്ടെന്നു റീപ്ലേയില്‍ തെളിഞ്ഞതോടെ തേര്‍ഡ് അംപയര്‍ ഔട്ടും വിളിക്കുകയായിരുന്നു. യാന്‍സണിന്റെ ഈ വിക്കറ്റോടെ ഇന്ത്യന്‍ വിജയവും ഉറപ്പാവുകയായിരുന്നു.