Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സൂര്യക്കു തോന്നാത്ത ബുദ്ധി! അപ്രതീക്ഷിത നീക്കങ്ങള്‍, ജഡ്ഡുവിന്റെ 'മാരക' ക്യാപ്റ്റന്‍സി

ജൊഹാനസ്ബര്‍ഗ്: മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ സൗത്താഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ പരമ്പര സമനിലയിലാക്കിയപ്പോള്‍ കൈയടി മുഴുവന്‍ സെഞ്ച്വറി വീരനായ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനാണ്. പക്ഷെ സൂര്യയെപ്പോലെ പ്രശംസയര്‍ഹിക്കുന്ന മറ്റൊരാള്‍ ടീമിലുണ്ട്, അത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. കാരണം മല്‍സരത്തിന്റെ ഭൂരിഭാഗവും ടീമിനെ നയിച്ചത് വൈസ് ക്യാപ്റ്റനായ അദ്ദേഹമാണ്. നാലോവര്‍ മാത്രമേ സൂര്യ ടീമിനെ നയിച്ചിട്ടുള്ളു. പരിക്കേറ്റ് അദ്ദേഹം ഗ്രൗണ്ട് വിട്ടതോടെ ജഡ്ഡു നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

ഗംഭീര ക്യാപ്റ്റന്‍സിയിലൂടെ ജഡേജ എല്ലാവരെയും ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു. നേരത്തേ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം അദ്ദേഹം നേരിട്ടിരുന്നു. ടീമിന്റെ മോശം പ്രകടനം കാരണം ജഡ്ഡു പിന്നീട് നായകസ്ഥാനം രാജിവയ്ക്കുകയും തുടര്‍ന്ന് വീണ്ടും എംഎസ് ധോണി ഈ ചുമതല ഏറ്റെടുക്കുകയുമായിരുന്നു.

RAVINDRA JADEJA

പക്ഷെ സിഎസ്‌കെയില്‍ കണ്ട ക്യാപ്റ്റന്‍ ജഡേജയെയല്ല സൗത്താഫ്രിക്കയ്‌ക്കെതിരേ ഗ്രൗണ്ടില്‍ കണ്ടത്. ബൗളര്‍മാരെ സമര്‍ഥമായി റൊട്ടേറ്റ് ചെയ്യുന്ന, ഫീല്‍ഡിങ് ക്രമീകരണത്തിലൂടെ ബാറ്റര്‍മാരെ വരിഞ്ഞുകെട്ടുന്ന നായകനായാണ് ജഡേജ ഈ മല്‍സരത്തില്‍ കാണപ്പെട്ടത്. ഡിആര്‍എസ് എടുക്കുന്നതിലും മിടുക്ക് കാട്ടിയ അദ്ദേഹം സൂര്യ ക്യാപ്റ്റനായിരിക്കെ ചെയ്യാതിരുന്ന ഒരു കാര്യം പരീക്ഷിക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്തു. ആറാമത്തെ ബൗളിങ് ഓപ്ഷനെ പരീക്ഷിക്കുകയെന്നതായിരുന്നു ഇത്.

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച കഴിഞ്ഞ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ സൂര്യ ഇതിനു തയ്യാറായിരുന്നില്ല. അഞ്ചു ബൗളര്‍മാരെ മാത്രമേ എല്ലാ കളിയിലും അദ്ദേഹം പന്തെറിയിച്ചുള്ളൂ. സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും സൂര്യ ഇതു തന്നെ ആവര്‍ത്തിക്കുകയും ചെയ്തു. പക്ഷെ ആറാമത്തെ ബൗളിങ് ഓപ്ഷനെന്നത് ടി20യില്‍ എത്ര മാത്രം പ്രധാനപ്പെട്ടതാണെന്നു ജഡേജ കാണിച്ചു തന്നു. യുവതാരം തിലക് വര്‍മയെയായിരുന്നു ഈ റോളില്‍ അദ്ദേഹം പരീക്ഷിച്ചത്.

നാലാം ഓവറിനു ശേഷമാണ് ഫീല്‍ഡിങിനിടെ കണംകാലിനു പരിക്കേറ്റതു കാരണം സൂര്യ ഗ്രൗണ്ട് വിട്ടത്. തുടര്‍ന്ന് ജഡേജ ടീമിന്റെ ചുമതല ഏറ്റെടുക്കുകയുമായിരുന്നു. ആറാം ഓവറില്‍ ഹെന്‍ട്രിച്ച് ക്ലാസനെ പുറത്താക്കാന്‍ ഫീല്‍ഡിങില്‍ ജഡേജ വരുത്തിയ മാറ്റം ഉജ്ജ്വലമായിരുന്നു. അര്‍ഷ്ദീപെറിഞ്ഞ ഒാവറിലെ രണ്ടാമത്തെ ബോളില്‍ ക്ലാസെന്‍ ബൗണ്ടറി പായിച്ചിരുന്നു.

പിന്നാലെ ജഡ്ഡു ഫീല്‍ഡിങില്‍ ചില മാറ്റങ്ങളും വരുത്തി. രണ്ടു ബോളിനകം ക്ലാസെന്‍ ഈ കെണിയില്‍ വീണു. ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ റണ്ണിങ് ക്യാച്ചിലൂടെ ക്ലാസനെ റിങ്കു സിങ് പിടികൂടുകയായിരുന്നു. പവര്‍പ്ലേയ്ക്കു തൊട്ടുപിന്നാലെ ജഡേജ സ്വയം ആദ്യ ഓവര്‍ ബൗള്‍ ചെയ്യാനെത്തുകയും ചെയ്തു. ആദ്യ ബോളില്‍ തന്നെ അപടകാരിയായ നായകന്‍ എയ്ഡന്‍ മാര്‍ക്രമിനെ പുറത്താക്കി അദ്ദേഹം അവര്‍ക്കു അടുത്ത പ്രഹരമേല്‍പ്പിച്ചു.

KULDEEP YADAV

പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്കു ആനുകൂല്യം ലഭിക്കുന്നതായി മനസ്സിലാക്കിയ ജഡ്ഡു തൊട്ടടുത്ത ഓവറില്‍ തിലകിനെ പന്തേല്‍പ്പിക്കുകയായിരുന്നു. ഒരു ഡബിളും രണ്ടു സിംഗിളും മാത്രമേ തിലക് ഈ ഓവറില്‍ വഴങ്ങിയുള്ളൂ. 10ാം ഓവറില്‍ കുല്‍ദീപ് യാദവിനെ കൊണ്ടുവന്ന ജഡേജ അവസാന ബോളില്‍ ഡൊണോവന്‍ ഫെരേരയെ പുറത്താക്കുകയും ചെയ്തു.

അടുത്ത ഓവറില്‍ ആന്‍ഡില്‍ ഫെലുക്വാവോയെ ജഡ്ഡു പുറക്കാക്കിയതോടെ സൗത്താഫ്രിക്ക ആറിനു 82 റണ്‍സിലേക്കു കൂപ്പുകുത്തി. 14ാം ഓവറില്‍ ലിസാര്‍ഡ് വില്ല്യംസിനെതിരേ ജഡേജയുടെ റിവ്യു പ്രശംസനീയമായിരുന്നു. കുല്‍ദീപെറിഞ്ഞ ഓവറിലെ നാലാമത്തെ ബോളില്‍ വില്ല്യംസ് റിവേഴ്‌സ് സ്വീപ്പിനു തുനിഞ്ഞെങ്കിലും പാഡില്‍ പതിക്കുകയായിരുന്നു.

കുല്‍ദീപ് അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നോട്ടൗട്ട് വിധിക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ മറ്റാരും റിവ്യു എടുക്കാന്‍ താല്‍പ്പര്യം കാണിച്ചില്ലെങ്കിലും ജഡ്ഡു അപ്രതീക്ഷിതമായി റിവ്യു എടുത്തു. അതു ശരിയാണെന്നു റീപ്ലേയില്‍ തെളിയുകയും തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തപ്പോള്‍ ജഡേജയടക്കം ടീമിലെ താരങ്ങളെല്ലാം ചിരിയോടെയാണ് ഇതു ആഘോഷിച്ചത്.

Story first published: Friday, December 15, 2023, 10:49 [IST]
Other articles published on Dec 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+