സൗത്താഫ്രിക്കന്‍ മണ്ണിലെ ആദ്യ മല്‍സരം ഇന്ത്യ പരാജയത്തോടെ തുടങ്ങിയിരിക്കുകയാണ്. മഴയെടുത്ത ആദ്യ ടി20ക്കു ശേഷം രണ്ടാമങ്കത്തില്‍ സൗത്താഫ്രിക്ക ഇന്ത്യയെ തീര്‍ക്കുകയായിരുന്നു. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ സൗത്താഫ്രിക്ക തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശേഷം ഏഴു വിക്കറ്റിനു 180 റണ്‍സെന്ന മികച്ച ടോട്ടല്‍ 19.3 ഓവറില്‍ ഇന്ത്യ നേടിയിരുന്നു.
മഴ കാരണം സൗത്താഫ്രിക്കയുടെ ലക്ഷ്യം 15 ഓവറില്‍ 152 റണ്‍സായി പുനര്‍ നിശ്ചയിക്കുകയുമായിരുന്നു. 13.5 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സൗത്താഫ്രിക്ക ഇതു മറികടക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ സൂര്യകുമാര്‍ യാദവ് നയിച്ച ടീം ഇന്ത്യക്കു എവിടെയാണ് പിഴച്ചത്?

ജയിക്കാവുന്ന ടോട്ടല്‍ സമ്മാനിക്കാന്‍ ബാറ്റിങ് നിരയ്ക്കായിരുന്നു. പക്ഷെ അതു പ്രതിരോധിക്കുന്നതില്‍ ബൗളര്‍മാര്‍ ദയനീയമായി പരാജയപ്പെട്ടതാണ് ഇന്ത്യക്കു തിരിച്ചടിയായതെന്നു പറയാം. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ടി20 പരമ്പരയിലും ബൗളിങ് നിരയുടെ സ്ഥിരതയില്ലാത്ത പ്രകടനം ടീമിനു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇതു ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തു വരികയും ചെയ്യുകയായിരുന്നു.
പ്രത്യേകിച്ചും പവര്‍പ്ലേയില്‍ ബൗളര്‍മാര്‍ ലക്കും ലഗാനുമില്ലാതെ റണ്‍സ് വാരിക്കോരി കൊടുത്തതാണ് ഇന്ത്യന്‍ പരാജയത്തിനു മുഖ്യ കാരണമെന്നു കാണാം. മുന്‍നിര പേസര്‍ മുഹമ്മദ് സിറാജ് ടീമിലേക്കു മടങ്ങിയെത്തിയിട്ടും ഇത്ര ദയനീയമായൊരു പ്രകടനം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ആദ്യ ആറോവറില്‍ 78 റണ്‍സാണ് സൗത്താഫ്രിക്കയ്ക്കു ഇന്ത്യ ദാനം ചെയ്തത്. വീഴ്ത്താനായത് ഒരേയൊരു വിക്കറ്റ് മാത്രം. 90 ബോളില്‍ 151 റണ്‍സ് പ്രതിരോധിക്കവെ ഇത്തരമൊരു ബൗളിങ് പ്രകടനം ഒരിക്കലും ടീമിനെ സഹായിക്കില്ല.
സിറാജിനെക്കൂടാതെ അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരെയെല്ലാം പവര്‍പ്ലേയില്‍ ക്യാപ്റ്റന്‍ സൂര്യ പരീക്ഷിച്ചിരുന്നു. പക്ഷെ റണ്ണൊഴുക്ക് തടയുന്നതില്‍ പരാജയപ്പെടുകയായിരുന്നു. അര്‍ഷ്ദീപിന്റെ പ്രകടനമായിരുന്നു ഏറ്റവും പരിതാപകരം. രണ്ടോവറില്‍ 15.50 ഇക്കോണമി റേറ്റില്‍ 31 റണ്‍സാണ് താരം ദാനം ചെയ്തത്. ഇതില്‍ 24 റണ്‍സും ഒരോവറിലായിരുന്നു. സിറാജ് ആദ്യ ഓവറില്‍ 14 റണ്‍സും വിട്ടുകൊടുത്തിരുന്നു. കളിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യയെ ഇതു ബാക്ക്ഫൂട്ടിലാക്കുകയും ചെയ്തു.

അര്‍ഷ്ദീപിന്റെ സ്ഥിരതയില്ലാത്ത പ്രകടനം ഇന്ത്യക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. റണ്ണൊഴുക്ക് തടയാനോ, പവര്‍പ്ലേയില്‍ വിക്കറ്റുകളെടുക്കാനോ താരത്തിനു കഴിയാതെ പോവുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദന തന്നെയാണ്. ടീമില്‍ അര്‍ഷ്ദീപിന്റെ സ്ഥാനം പോലും വൈകാതെ ചോദ്യം ചെയ്യപ്പെടുമെന്ന കാര്യമുറപ്പ്. ഇന്ത്യക്കു ഏറെ പ്രതീക്ഷ നല്‍കിയ ഇടംകൈയന്‍ പേസറെന്ന നിലയില്‍ നിന്നും താരത്തിന്റെ കരിയര്‍ ഗ്രാഫ് താഴേക്കു പോയ്‌ക്കൊണ്ടിരിക്കുകയാണ്.
സിറാജിന്റെ ബൗളിങിനും യാതൊരു മൂര്‍ച്ചയും ഈ മല്‍സരത്തില്‍ കാണാനായില്ല. കഴിഞ്ഞ ഏകദിന ലോകകപ്പിലും പല മല്‍സരങ്ങളിലും അദ്ദേഹത്തിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരായ കളിഞ്ഞ കളിയില്‍ മൂന്നു ഫോറുകളാണ് ആദ്യ ഓവറില്‍ തന്നെ സിറാജ് വിട്ടുനല്‍കിയത്. ലൈനിലും ലെങ്ത്തിലും യാതൊരു സ്ഥിരതയും പുലര്‍ത്താന്‍ അദ്ദേഹത്തിനായില്ല.
മുന്‍ മല്‍സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ മുകേഷ് കുമാറും ഈ കളിയില്‍ നിരാശപ്പെടുത്തി. മൂന്നോവറില്‍ 34 റണ്‍സാണ് താരം വിട്ടുകൊടുത്തത്. പേസര്‍മാരെ സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍ പഞ്ഞിക്കിട്ടതോടെയാണ് പവര്‍പ്ലേയില്‍ തന്നെ സ്പിന്നര്‍മാരായ ജഡേജ, കുല്‍ദീപ് എന്നിവരെ സൂര്യ കൊണ്ടുവന്നത്.
പക്ഷെ അതുകൊണ്ടേും അവരുടെ കടന്നാക്രമണത്തിനു ബ്രേക്കിടാന്‍ ഇന്ത്യക്കായില്ല. അടുത്ത മല്‍സരത്തില്‍ പവര്‍പ്ലേയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്ലാനോടെ ഇറങ്ങിയെങ്കില്‍ മാത്രമേ സൗത്താഫ്രിക്കയ്ക്കു മൂക്കുകയറിടാന്‍ സൂര്യക്കും സംഘത്തിനും കഴിയുകയുള്ളൂ.